Connect with us

Articles

യൂട്യൂബര്‍മാര്‍ക്ക് വേണ്ടേ ഒരു പെരുമാറ്റച്ചട്ടം?

വ്യൂവര്‍ഷിപ്പിനായുള്ള കസര്‍ത്തുകള്‍ അത്രമേല്‍ അധഃപതിച്ചുപോയ വര്‍ത്തമാനമാണിത്. ഒരു കാഴ്ചയ്ക്കും ഒരു ഇമോജി കമന്‍റിനുമപ്പുറം പലരേയും സ്വാധീനിക്കാന്‍ കഴിവുള്ള ഒരു മേഖലയാണ് സോഷ്യൽ മീഡിയ. കൗമാരപ്രായക്കാര്‍ പോലും അതിനാല്‍ സ്വാധീനിക്കപ്പെടുന്നുണ്ടെന്നത് ഗൗരവമായി കാണണം. കാരണം, ഇവിടെ വിളമ്പുന്ന അശ്ലീലം കേള്‍ക്കാനായി നിങ്ങള്‍ക്ക് പതിനെട്ട് തികഞ്ഞോ എന്ന് ആരോടും ചോദിക്കാറില്ല.

Published

|

Last Updated

അജു അലെക്‌സ് എന്ന ‘ചെകുത്താന്‍’, സൂരജ് പാലക്കാരന്‍ എന്നീ സോഷ്യൽ മീഡിയ താരങ്ങള്‍ അറസ്റ്റിലായ വാര്‍ത്ത നല്‍കുന്ന സൂചനകള്‍ എന്താണ്?. പബ്ലിസിറ്റിക്കും വ്യൂവര്‍ഷിപ്പിനും വേണ്ടി എന്തും പറയുന്ന സോഷ്യൽ മീഡിയ താരങ്ങള്‍ക്കുള്ള താക്കീതാണോ?. ‌‌‌‌‌സത്യം പറയാമല്ലോ , ഇതുകൊണ്ട് ഇവരില്‍ ആരെങ്കിലും മാനസാന്തരപ്പെട്ടാല്‍ അത്രയും നല്ലതെന്നേ കരുതാനാവൂ.

വ്യൂവര്‍ഷിപ്പിനായുള്ള കസര്‍ത്തുകള്‍ അത്രമേല്‍ അധഃപതിച്ചുപോയ വര്‍ത്തമാനമാണിത്. ഒരു കാഴ്ചയ്ക്കും ഒരു ഇമോജി കമന്‍റിനുമപ്പുറം പലരേയും സ്വാധീനിക്കാന്‍ കഴിവുള്ള ഒരു മേഖലയാണ് സോഷ്യൽ മീഡിയ. കൗമാരപ്രായക്കാര്‍ പോലും അതിനാല്‍ സ്വാധീനിക്കപ്പെടുന്നുണ്ടെന്നത് ഗൗരവമായി കാണണം. കാരണം, ഇവിടെ വിളമ്പുന്ന അശ്ലീലം കേള്‍ക്കാനായി നിങ്ങള്‍ക്ക് പതിനെട്ട് തികഞ്ഞോ എന്ന് ആരോടും ചോദിക്കാറില്ല.

‌‌‌‌പ്രശസ്തരായ വ്യക്തികളെ ടാര്‍ജറ്റ് ചെയ്യുന്നുവെന്നത് മാത്രമല്ല ഇവിടത്തെ പ്രശ്നം. അതിനായി സഭ്യമല്ലാത്ത ഭാഷ ഉപയോഗിക്കുകയും ചെയ്യുന്നു. കലയേയോ രാഷ്ട്രീയത്തേയോ ക്രിയാത്മകമായി വിമര്‍ശിക്കുന്നതിനും അതിന്‍റെ യുക്തിരാഹിത്യങ്ങളെ, നിലവാരമില്ലായ്മയെ തുറന്നു കാട്ടുന്നതിനും പകരം വ്യക്തിപരമായ ആക്രമണങ്ങളാണ് ഇക്കൂട്ടര്‍ നടത്തുന്നത്. അതിനുപയോഗിക്കുന്നതാകട്ടെ അശ്ലീലമായ ഭാഷയും. ഈ അശ്ലീലത്തില്‍ നിന്ന് ഹാസ്യവും പരിഹാസവുമുണ്ടാക്കുന്നു. ചില വ്യക്തികൾ ദയനീയമായി അപമാനിക്കപ്പെടുന്നു. ഇരയാക്കപ്പെട്ട വ്യക്തിയുടെ ആരാധകര്‍ ഇതിനെ എതിര്‍ക്കുന്നു. മറ്റൊരു വിഭാഗം ഈ അശ്ലീല പരാമര്‍ശങ്ങള്‍ ഏറ്റുപിടിക്കുന്നു. പരസ്പരം കലഹിക്കുന്നു. ഇതൊരു ട്രെന്‍ഡാകുന്നു. എന്നല്ല ഇതാണ് പുതിയ ട്രെന്‍ഡ്.

സത്യത്തില്‍ അനന്തമായ സാധ്യതയുള്ള ഒരു പ്ലാറ്റ്ഫോമാണ് സോഷ്യൽ മീഡിയ. പലപ്പോഴും അത് ഫലപ്രദമായി ഉപയോഗിക്കപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ ഇത്തരം ചില പ്രവണതകള്‍ക്ക് കൂടുതൽ ആരാധകരുണ്ടാവുകയും നിയമ പരമായോ, മീഡിയ അതോറിറ്റി വഴിയോ ഇത്തരക്കാരെ ചോദ്യം ചെയ്യുന്നതിന് പരിമിതികള്‍ ഉണ്ടാകുകയും ചെയ്യുന്നതാണ് നിലവിൽ നമ്മൾ നേരിടുന്ന പ്രധാന പ്രശ്നം.

സ്ത്രീകളാണ് സോഷ്യൽ മീഡിയയിൽ പലപ്പോഴും ഏറ്റവും കൂടുതൽ അവഹേളനങ്ങൾക്ക് വിധേയരാക്കപ്പെടുന്നത്. പൊതുവ്യക്തിത്വങ്ങള്‍ , എഴുത്തുകാരികള്‍ , ചലച്ചിത്ര നടികള്‍ എല്ലാം ഇവിടെ ഇരകളാണ്. എന്നാല്‍ ഇത് പുരുഷന്‍റെ മാത്രം ലോകമാണെന്നും ഇവിടെ സ്ത്രീ മാത്രമാണ് ഇരകളെന്നും കരുതാനും വയ്യ. ശരീരപ്രദര്‍ശനം, ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍, തീവ്രമായ വര്‍ഗ്ഗീയത തുടങ്ങിയ പല കരുക്കളും നിരത്തി കാഴ്ചക്കാരെ കൂടെക്കൂട്ടുന്ന സ്ത്രീകളുമുണ്ടിവിടെ. കടുത്ത ഇസ്റാഈൽ പക്ഷക്കാരിയായ ഒരു സ്ത്രീ എതിരാളികളേയും തനിക്ക് ശത്രുതയുള്ള ഇതര മതക്കാരേയും നേരിടുന്നത് കടുത്ത അശ്ലീല പദങ്ങളിലൂടേയും തെറിവിളിയിലൂടെയുമാണ്. ഈ അധമ പ്രവൃത്തിക്കെതിരേ പ്രതിഷേധിക്കുന്നവരേക്കാള്‍ കൂടുതലാണ് അതാസ്വദിക്കുന്നവരുടെ എണ്ണം എന്നതാണ് പരിതാപകരമായ സത്യം.

ഫെയ്സ് ബുക്കിനും യൂട്യൂബിനും ട്വിറ്ററിനുമെല്ലാം കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ് എന്നൊരു അളവുകോലുണ്ട്. എന്നാല്‍ ഇതുപയോഗിക്കുന്നത് പലപ്പോഴും കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള പ്രതികരണങ്ങള്‍ക്ക് മാത്രമാണ്. പിന്നെ ഒറ്റപ്പെട്ട ചില ആളില്ലാ പ്രൊഫൈലുകള്‍ക്കെതിരേയും. കൂടുതൽ വ്യൂവേഴ്സുള്ള‌ പ്രൊഫൈലുകള്‍ക്കെതിരേയുള്ള റിപ്പോര്‍ട്ടുകളൊന്നും ഫലപ്രദമാകാറില്ല.

ക്രമേണ ഇതൊരു അധോലോകമായി (അതോ അധമലോകമോ ) മാറിക്കൊണ്ടിരിക്കയാണെന്നാണ് തോന്നുന്നത്. നല്ല ന്യൂസ് ചാനലുകള്‍ , സിനിമ നിരൂപകര്‍, സഞ്ചാരസാഹിത്യം എഴുതുന്നവര്‍, കവികള്‍, കഥാകൃത്തുക്കൾ എല്ലാമുള്ള ഇടമാണ് സാമൂഹ്യ മാധ്യമങ്ങള്‍. എന്നാല്‍ ആള്‍ക്കൂട്ടം തിക്കിത്തിരക്കുന്നത് എവിടെയാണെന്ന് നോക്കൂ. ദ്വയാര്‍ത്ഥപ്രയോഗവും വ്യക്തിഹത്യയും നടക്കുന്നിടത്താണ് തിരക്ക് കാണുന്നത്. കവിതയെഴുതുന്ന സ്ത്രീകളേക്കാള്‍ കൂടുതൽ ആളുകള്‍ക്കിഷ്ടം ഗ്ലാമര്‍ പ്രദര്‍ശിപ്പിക്കുന്നവരെയാണ്. അങ്ങനെയെങ്കില്‍ ഈ കുറ്റങ്ങള്‍ക്ക് യൂട്യൂബര്‍മാരെ മാത്രം കുറ്റപ്പെടുത്താനാവുമോ ! അവരെ പ്രോത്സാഹിപ്പിക്കുന്നവരും തെറ്റുകാരല്ലേ?

സോഷ്യൽ മീഡിയ അതോറിറ്റി ഇക്കാര്യത്തില്‍ ഈ ജനപ്രിയര്‍ക്കെതിരേ നടപടിയെടുക്കാനൊന്നും പോണില്ല. അവര്‍ക്കാവശ്യം‌ കേന്ദ്രം ഭരിക്കുന്നവരെ തൃപ്തിപ്പെടുത്തുകയെന്നത് മാത്രമാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനും സൈബർ പോലീസിനും ഇക്കാര്യത്തില്‍ ഫലപ്രദമായി നടപടിയെടുക്കാനാവും. അങ്ങിനെ ചിലരെങ്കിലും പിടിയിലാവുമ്പോള്‍ മറ്റുള്ളവര്‍ക്ക് അതൊരു മുന്നറിയിപ്പാകും . പക്ഷേ അതിനായി ഈ അധമ പ്രവൃത്തിക്കെതിരേ പരാതിപ്പെടാനും നാം തയ്യാറാവണം. എങ്കിലേ ഇവിടവും മാറുകയുള്ളു… അതിനായി നമുക്ക് ഒരു ശുദ്ധികലശമാവാം.