Editors Pick
ശരീരം വെളുപ്പിക്കാൻ രോഗം വിലക്ക് വാങ്ങരുത്
ശരീര സൗന്ദര്യം കൂട്ടാൻ ഉപയോഗിക്കുന്ന ഈ വസ്തുക്കളിൽ പലതും ആരോഗ്യത്തിന് ഹാനികരമാണെന്ന വസ്തുത അധികമാരും ശ്രദ്ധിക്കാറില്ല. ക്യാൻസർ ഉൾപ്പെടെ പല രോഗങ്ങൾക്കും വഴിമരുന്നിടുന്നത് അനിയന്ത്രിതമായ സൗന്ദര്യ വർധക വസ്തുക്കളുടെ ഉപയോഗമാണ്
 
		
      																					
              
              
            സ്ത്രീകൾക്കും പുരുഷന്മാർക്കുമിടയിൽ സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗം കൂടിവരികയാണ്. സ്ഥിരമായി പെർഫ്യൂമും ബോഡി ലോഷനും ഹെയർ ഡൈയും മേക്കപ്പും ഉപയോഗിക്കുന്നവർ അനുദിനം വർധിച്ചുവരുന്നു. ബ്യൂട്ടിപാർലറുകളെ ആശ്രയിക്കുന്നവരും കോസ്മറ്റോളജി സെന്ററുകളിൽ കോസ്മറ്റിക്ക് സർജറിക്ക് വിധേയരാകുന്നവരുമെല്ലാം മുമ്പത്തേക്കാൾ വർധിച്ചിട്ടുണ്ട്. എന്നാൽ ശരീര സൗന്ദര്യം കൂട്ടാൻ ഉപയോഗിക്കുന്ന ഈ വസ്തുക്കളിൽ പലതും ആരോഗ്യത്തിന് ഹാനികരമാണെന്ന വസ്തുത അധികമാരും ശ്രദ്ധിക്കാറില്ല.
മനുഷ്യശരീരത്തിൽ പല രൂപത്തിൽ ഉപയോഗിക്കുന്ന കോസ്മറ്റിക്സിന് ഇന്ത്യൻ നിയമപ്രകാരം കോസ്മറ്റിക്ക് ലൈസൻസ് പ്രധാനമാണ്. ഈ ലൈസൻസ് ഉള്ളവർക്ക് മാത്രമേ കോസ്മറ്റിക്‌സുമായി ബദ്ധപ്പെട്ട ഏതു കാര്യവും ചെയ്യാൻ സാധിക്കുകയുള്ളൂ. പേഴ്സണൽ കെയറിൽ ഉൾപ്പെടുന്ന മൗത്ത് ക്ലീനിങ്ങും ത്വക്ക് സംരക്ഷണത്തിന് ഉപയോഗിക്കുന്ന സൺസ്‌ക്രീൻ ലോഷനും എല്ലാം തന്നെ കോസ്മറ്റിക്‌സ് വിഭാഗത്തിൽ പെടുന്നതാണ്. ശരീരത്തിലെ ചുളിവുകൾ കുറയ്ക്കുക പ്രായം ആകുന്ന ലക്ഷണങ്ങൾ മറയ്ക്കുക, ശരീരത്തിന്റെ നിറം മാറ്റുക, ചുണ്ടിന്റെ നിറം വർദ്ധിപ്പിക്കുക തുടങ്ങിയവയും കോസ്മറ്റിക്‌സിൽ ഉൾപെടുന്നു.
ശരീരത്തിൽ ദിവസേന ഉപയോഗിക്കുന്ന സോപ്പ്, ടൂത്ത് പേയ്സ്റ്റ് തുടങ്ങി ഏത് ക്ലീനിങ്ങ് ഉത്പന്നത്തിലെയും പ്രധാന ഘടകം വെള്ളമാണ്. സോപ്പിലും ഷാംമ്പൂവിലും ടൂത്ത്‌പേസ്റ്റിലും പതവരുത്താനായി ഉപയോഗിക്കുന്നത് സോഡിയം ലുറൈൽ സൾഫേറ്റ് ആണ്. ഇത് ചില സന്ദർഭങ്ങളിൽ ശരീരത്തിന് ദോഷകരമായി വന്നേക്കാം. ഇത്തരത്തിലുള്ള വസ്തുക്കൾ ഉപയോഗിക്കമ്പോൾ അതിലുപയോഗിച്ചിട്ടുള്ള പദാർത്ഥങ്ങളെ തിരിച്ചറിയുക എന്നത് പ്രധാനമാണ്. സ്ത്രീകൾ വ്യാപകമായി ഉപയോഗിക്കുന്ന ടോണറുകളിലെ പ്രധാന ഘടകം വെള്ളമാണെങ്ങിലും ഇതിൽ ഗ്ലിസറിൻപോലുളള വസ്തുക്കളും ആൽക്കഹോൾ, കളർ തുടങ്ങി ഒരുപാട് കെമിക്കലുകളും ഉപയോഗിക്കുന്നുണ്ട്. ഇത്തരം പദാർത്ഥങ്ങളുടെ പാർശ്വഫലങ്ങൾ മനസ്സിലാക്കി വേണം അത് ഉപയോഗിക്കാൻ.
സുഗന്ധവും നിറവുമാണ് കോസ്മറ്റിക്സ് വിപണയിലെ പ്രധാന വിൽപന തന്ത്രം. ഇതിന് വേണ്ടി ഉപയോഗിക്കുന്ന കെമിക്കലുകളിൽ പലതും ശരീരത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നവയാണ്. ഫ്രഷ്‌നറുകളിൽ ഭൂരിഭാഗവും ഇന്ന് ആർട്ടിഫിഷ്യലായി നിർമിക്കുന്നവയാണ്. ഇതിൽ ആൽക്കഹോളിന്റെ അളവ് 10 ശതമാനത്തിൽ കുറവായിരിക്കും. റോസ് വാട്ടർ നാച്ചുറൽ ആണെങ്കിൽ വളരെ കുറഞ്ഞ മണമേ ഉണ്ടാവൂ. ശക്തമായ മണം അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിൽ അതിൽ ആർട്ടിഫിഷ്യൽ വസ്തു ചേർക്കപ്പെട്ടിട്ടുണ്ടാകുമെന്ന് ഉറപ്പിക്കാം.
സ്‌ക്കിൻ ടോണിക്ക്‌സിൽ ആൽക്കഹോൾ സാനിധ്യം 20 ശതമാനം ഉണ്ടാവും. ഇത് തൊലി നശിക്കുന്നതിന് കാരണമാകും. കോസ്മറ്റോളജിസ്റ്റ് ചെയ്യുന്ന കെമിക്കൽ പീലിങ്ങിലെല്ലാം ആസിഡ് സാനിധ്യം കൂടുതൽ ആയിരിക്കും. സൺസ്‌ക്രീൻ ബോഡിലോഷനുകളിൽ മിനറൽ ഓയിലിന്റെ അളവ് കൂടുതലായിരിക്കും. മിനറൽ ഓയിൽ പെട്രോളിയത്തിൽ നിന്നും ഉണ്ടാക്കുന്നതാണ്. കോക്കനറ്റ് കണ്ടന്റെന്നു പറഞ്ഞു വിൽക്കപ്പെടുന്നതിലെയും പ്രധാന ഘടകം ഈ മിനറൽ ഓയിലാണ്.
മേക്കപ്പിനായി ഉപയോഗിക്കുന്ന എല്ലാവസ്തുക്കളിലും ലെഡിന്റെ അംശം വളരെ കൂടുതലാണ്. ഇത് ശരീരത്തിൽ വലിയ പ്രശ്‌നങ്ങൾ ഉണ്ടാക്കും. കോസ്മറ്റിക്ക്‌സിന്റെ പേരിൽ ഉപയോഗിക്കപ്പെടുന്ന ഇത്തരം കെമിക്കലുകൾ ശരീരത്തിലെ പ്രധിരോധപ്രവർത്തനങ്ങളെ സാരമായി ബാധിക്കും. നുട്രിയന്റല്ലാത്ത എന്തും ശരീരം കാണുന്നത് കെമിക്കൽ ആയിട്ടാണെന്ന് ഓർക്കുക.
പെർഫ്യൂം ഉപയോഗം അലർജി, ശ്വാസകോശ സംബന്ധ അസുഖങ്ങൾ വർദ്ധിക്കാൻ ഇടയാക്കുന്നു. കൊച്ചുകുട്ടികളിലേക്ക് പെർഫ്യൂം ലിപ്സ്റ്റിക്ക് മുതലായ വസ്തുക്കൾ ചെല്ലുന്നത് സാരമായി ഇമ്മ്യൂണിറ്റി നശിക്കാൻ ഇടയാകുമെന്നത് വസ്തുതയാണ്.
ഹെയർ ഡൈ ഉപയോഗത്തിൽ ഡാർക്കർ ഡൈ ഉപയോഗിക്കുന്നവരിൽ ബ്ലെഡ് ക്യാൻസർ, ബ്രസ്റ്റ് ക്യാൻസർ എന്നീ രോഗങ്ങൾ വരാൻ സാധ്യത കൂടുതലായി കാണുന്നു. ഹെയറിന്റെ റൂട്ടിൽ എന്ത് എത്തിയാലും അത് നേരെ ഹെയർ ഫോളിക്കിളിൽ എത്തും. ഹെയർ ഫോളിക്കിൾ രക്തഓട്ടം കൂടുതലുളള സ്ഥലമാണ്. അവിടെ കെമിക്കൽ എത്തുന്നത് ക്യാൻസർപോലുള്ള രോഗങ്ങൾക്ക് കാരണമാകും.
ന്യുട്രീഷൻ ഉപയോഗിച്ചുള്ള എതുതരം പരീക്ഷണവും ഒരു പരിധിവരെ ശരീരത്തിനു ദോഷം വരുത്തുന്നതില്ല. എന്നാൽ കെമിക്കൽ ഉപയോഗിച്ചുള്ള ഏതുതരം മാസ്‌ക്കിങും ദോഷകരമായി ബാധിക്കും. അതുകൊണ്ട് തന്നെ വെളുക്കാൻ തേച്ചത് പാണ്ടാകാതിരിക്കണമെങ്കിൽ അതീവ ശ്രദ്ധ വേണമെന്നർഥം.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. ജോളി തോംസൺ എം ഡി, 
ലൈഫ് കെയർ, സെന്റർ തേവര, കൊച്ചി

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

