Connect with us

SirajArticle

കർത്തവ്യം ഓർമിപ്പിക്കേണ്ടി വരുമോ?

പി എസ് നരസിംഹയുടേതടക്കം ഭരണകൂടത്തിന്റെ കൃപാശിസ്സുകൾ വാങ്ങിവെച്ചവരുടെ പേരുകൾ പരമോന്നത നീതിപീഠത്തിലേക്ക് ശിപാർശ ചെയ്തതിന് സമാനമായ സംഭവം ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ മുൻഗാമികളായ മുഖ്യ ന്യായാധിപരിൽ നിന്ന് അത്രകണ്ട് പ്രകടമായിട്ടില്ല. എന്നാൽ ആ ദിശയിലൊരു കീഴടങ്ങൽ സമീപനമാണോ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് സ്വീകരിക്കാൻ കരുതിയിരിക്കുന്നത് എന്നാരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാകില്ല

Published

|

Last Updated

സുപ്രീം കോടതിയുടെ ചരിത്രത്തിലാദ്യമായി ഒരു ദിവസം ഒമ്പത് ന്യായാധിപര്‍ സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നു. പരമോന്നത നീതിപീഠത്തിന്റെ ആരംഭത്തില്‍ എട്ട് പേര്‍ സത്യപ്രതിജ്ഞ ചെയ്ത് ന്യായാധിപരായ വിശേഷം ഇതോടെ പഴങ്കഥയായി മാറിയിരിക്കുന്നു. ഇന്ത്യന്‍ ജുഡീഷ്യറിയെ സംബന്ധിച്ചിടത്തോളം ഇതൊരു ശുഭസൂചനയായി കണക്കാക്കേണ്ടി വരും. അത്രമേല്‍ കാലവിളംബം നേരിടുന്നുണ്ട് ഒഴിവ് വരുന്ന ന്യായാധിപ പദവികളിലേക്ക് പകരമൊരാളെത്താന്‍. പുതിയ ചരിത്ര മുന്നേറ്റത്തിന്റെ വീമ്പുപറച്ചിലുകള്‍ക്കിടയില്‍ വിസ്മരിക്കപ്പെടുകയോ ബോധപൂര്‍വം വിസ്മരിക്കുകയോ ചെയ്യുന്ന ചില വസ്തുതകളുണ്ട്. കൊളീജിയം ശിപാര്‍ശകളിലെ സുതാര്യതയും ശിപാര്‍ശകള്‍ അംഗീകരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇത്രയും കാലം കാണിക്കാത്ത അമിത താത്പര്യവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന ചര്‍ച്ചകളാണത്. സെപ്തംബര്‍ ഒന്നിന് ഹൈക്കോടതിയില്‍ നിന്ന് വിരമിക്കേണ്ട ഒരാളുണ്ടായിരുന്നു ആ ഒമ്പതില്‍. യുദ്ധകാലാടിസ്ഥാനത്തില്‍ ശിപാര്‍ശ അംഗീകരിച്ചാണ് അവരടക്കം ഒമ്പത് പേര്‍ക്കും ആഗസ്റ്റ് 31 ന് സുപ്രീം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരമൊരുക്കിയത്. തങ്ങള്‍ മനസ്സുവെച്ചാല്‍ ശരവേഗം കൊളീജിയം ശിപാര്‍ശ അംഗീകരിച്ച് സത്യപ്രതിജ്ഞ ചെയ്യാനുള്ള വേദിയൊരുക്കാനാകുമെന്ന് ഭരണകൂടം അതിലൂടെ തെളിയിച്ചിരിക്കുന്നു, നല്ല കാര്യം.

സീനിയോറിറ്റി മാനദണ്ഡ പ്രകാരം ജസ്റ്റിസ് പി എസ് നരസിംഹ 2027 ഒക്ടോബര്‍ 30 മുതല്‍ 2028 മെയ് വരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലുണ്ടാകുമെന്നാണ് വാര്‍ത്തകള്‍. സുപ്രീം കോടതിയില്‍ പുതുതായി സത്യപ്രതിജ്ഞ ചെയ്ത ഒമ്പത് ജഡ്ജിമാരില്‍ ബാറില്‍ നിന്ന് നേരെ സുപ്രീം കോടതി ന്യായാധിപ പദവിയിലെത്തുന്ന ഒരേ ഒരാളാണ് ജസ്റ്റിസ് നരസിംഹ. അദ്ദേഹത്തിന്റെ മുന്‍ഗാമികളായി എട്ട് പേരുണ്ട് പരമോന്നത നീതിപീഠത്തിലെ ന്യായാധിപ പദവിയില്‍ ബാറില്‍ നിന്ന് നേരിട്ടെത്തിയവര്‍. ബാബരി മസ്ജിദ് കേസില്‍ വിശ്വഹിന്ദു പരിഷത്തിന്റെ രാംലല്ലയെ പ്രതിനിധീകരിച്ച അഭിഭാഷകനാണ് അദ്ദേഹം. മോദി സര്‍ക്കാറിന്റെ ആദ്യ അധികാരാരോഹണത്തിന്റെ തൊട്ടുടനെ 2014 മെയ് മുതല്‍ 2018 ഡിസംബര്‍ വരെ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പദവിയിലുണ്ടായിരുന്നു അദ്ദേഹം. ബാബരിയില്‍ മാത്രമല്ല അദ്ദേഹത്തെ നാം കണ്ടത്. ഭരണകൂടത്തിന് നിര്‍ണായകമായ പല നിയമ വ്യവഹാരങ്ങളിലും ഭരണകൂട പക്ഷം പറയാന്‍ ഉണ്ടായിരുന്ന അഭിഭാഷകനായിരുന്നു പി എസ് നരസിംഹ. അതുകൊണ്ടാകാം അദ്ദേഹത്തെ തേടി വലിയ പദവിയെത്തിയത്. അതേസമയം, 2014 മെയ് കാലത്ത് തന്നെ വ്രണിത ഹൃദയനായി പരമോന്നത നീതിപീഠത്തിന്റെ പടിയിറങ്ങിപ്പോയ മറ്റൊരു മുതിര്‍ന്ന അഭിഭാഷകനുണ്ട്. ഗോപാല്‍ സുബ്രഹ്മണ്യം എന്നാണ് അദ്ദേഹത്തിന്റെ പേര്. നിയമവൃത്തങ്ങളില്‍ അറിയപ്പെട്ട വ്യക്തിത്വം. നിയമവും നീതിയും മുറുകെപിടിച്ചുള്ള പ്രവര്‍ത്തനമാണ് തന്റെ നിയോഗമെന്നും ഭരണകൂട ദാസ്യം അനീതിയാണെന്നും തിരിച്ചറിഞ്ഞ തലയെടുപ്പുള്ള അഭിഭാഷകനായിരുന്നു അദ്ദേഹം. ചീഫ് ജസ്റ്റിസായിരുന്ന ആര്‍ എം ലോധയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയം നാമനിര്‍ദേശം ചെയ്ത നാല് പേരില്‍ മുന്‍ സോളിസിറ്റര്‍ ജനറല്‍ കൂടിയായ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പേര് പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ തിരിച്ചയക്കുകയായിരുന്നു. ഭരണകൂടം അങ്ങനെ തിരിച്ചയക്കുക പതിവില്ലായിരുന്ന ഒരു കാലത്തായിരുന്നു അത്. എന്നാല്‍ വിവാദങ്ങള്‍ക്ക് നിന്നുകൊടുക്കാന്‍ തയ്യാറാകാതിരുന്ന ഗോപാല്‍ സുബ്രഹ്മണ്യം എന്ന 56കാരന്‍ സുപ്രീം കോടതി ജഡ്ജിയാകാനുള്ള തന്റെ സന്നദ്ധത പിന്‍വലിക്കുകയായിരുന്നു.

അതിനിടെ, മുന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതിനെ നാഗ്പൂരിലെ ആസ്ഥാനത്തെത്തി സന്ദര്‍ശിച്ചതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. നേരത്തേ കൊവിഡ് മഹാമാരിക്കിടയില്‍ സുപ്രീം കോടതി അടഞ്ഞുകിടന്നപ്പോള്‍ ചീഫ് ജസ്റ്റിസ് പദവിയിലിരിക്കെ ബി ജെ പി നേതാവിന്റെ മകന്റെ ആഡംബര ബൈക്കില്‍ മാസ്‌ക് പോലും ധരിക്കാതെയിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. രാജ്യത്തെ മുഖ്യ ന്യായാധിപ പദവി അലങ്കരിക്കുമ്പോള്‍ തന്നെ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളോടൊപ്പം പലപ്പോഴും അദ്ദേഹം പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. അങ്ങനെയൊരാള്‍ വിരമിച്ചതിന് ശേഷം ആര്‍ എസ് എസ് മേധാവിയെ നാഗ്പൂരിലെ ആസ്ഥാനത്ത് ചെന്ന് കാണുന്നതില്‍ അതിശയോക്തിയില്ലെങ്കിലും നമ്മുടെ നീതിപീഠത്തില്‍ വികസിച്ചുവരുന്ന അര്‍ബുദപ്പുണ്ണാണതെന്ന് തന്നെ വേണം മനസ്സിലാക്കാന്‍. ഭരണകൂടത്തോട് ചാരി നിന്നുകൊണ്ട് വിധികള്‍ പ്രസ്താവിച്ചതിന്റെ പാരിതോഷികമാണ് എസ് എ ബോബ്ഡെയുടെ മുന്‍ഗാമിയായ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്ക് ലഭിച്ച രാജ്യസഭാംഗത്വമെന്ന വിമര്‍ശം വലിയ രീതിയില്‍ രാജ്യത്തുയര്‍ന്നിരുന്നു. പി എസ് നരസിംഹയുടേതടക്കം ഭരണകൂടത്തിന്റെ കൃപാശിസ്സുകള്‍ വാങ്ങിവെച്ചവരുടെ പേരുകള്‍ പരമോന്നത നീതിപീഠത്തിലേക്ക് ശിപാര്‍ശ ചെയ്തതിന് സമാനമായ സംഭവം ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ മുന്‍ഗാമികളായ മുഖ്യ ന്യായാധിപരില്‍ നിന്ന് അത്രകണ്ട് പ്രകടമായിട്ടില്ല. എന്നാല്‍ ആ ദിശയിലൊരു കീഴടങ്ങല്‍ സമീപനമാണോ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് സ്വീകരിക്കാന്‍ കരുതിയിരിക്കുന്നത് എന്നാരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല.

സുപ്രീം കോടതി കൊളീജിയം ശിപാര്‍ശകളില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായ പുരോഗമനപരമായ ചുവടുവെപ്പായിരുന്നു 2017 ഒക്ടോബര്‍ മൂന്നിന് കൊളീജിയം പാസ്സാക്കിയ പ്രമേയം. സുപ്രീം കോടതി ന്യായാധിപരായി കൊളീജിയം കേന്ദ്ര സര്‍ക്കാറിന് നാമനിര്‍ദേശം ചെയ്യുന്ന ഓരോരുത്തരുടെയും പശ്ചാത്തലവും ശിപാര്‍ശയുടെ നിദാനവും പരിഗണിച്ച വസ്തുതകളും സുപ്രീം കോടതിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും എന്നതായിരുന്നു ആ ശ്രദ്ധേയമായ തീരുമാനം. എന്നാല്‍ പ്രയോഗത്തിലെത്തിയപ്പോള്‍ അതിന് ഏറെ ആയുസ്സുണ്ടായില്ല. 2019 ല്‍ കൊളീജിയം അത് നിര്‍ത്തി. അവസാനമായി കഴിഞ്ഞ ആഗസ്റ്റ് 17 ന് സുപ്രീം കോടതി കൊളീജിയം കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച ഒമ്പത് പേരുടെ ശിപാര്‍ശയിലടക്കം ഒന്നിലും അവരുടെ പേരിനപ്പുറം വിശദാംശങ്ങളുണ്ടായിരുന്നില്ല.

രാജ്യത്തിന്റെ ഭരണഘടനയുടെ സംരക്ഷണ ചുമതല സുപ്രീം കോടതിക്കാണ്. നിയമനിര്‍മാണ സഭകളും നീതിനിര്‍വഹണ വിഭാഗങ്ങളും ഭരണഘടനാവിരുദ്ധ നീക്കങ്ങള്‍ക്ക് മുതിര്‍ന്നാല്‍ അവയെ ഭരണഘടനക്ക് കീഴില്‍ കൊണ്ടുവരേണ്ടത് ഉന്നത നീതിപീഠമാണ്. പൗരാവകാശത്തിന് പ്രാധാന്യം കൊടുക്കുകയും ബഹുസ്വരതയുടെയും ഉള്‍ക്കൊള്ളലിന്റെയും ഭാഷ സംസാരിക്കുന്നതുമായ ലോകത്തെ തന്നെ അമൂല്യ ഭരണഘടനകളിലൊന്നാണ് നമ്മുടേത്. അതിന് പിന്തിരിപ്പനും പ്രതിലോമകരവുമായ ഒരു ബദല്‍ കൊണ്ടുവരാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ ഭരണരഥമുരുട്ടുന്‌പോള്‍ നീതിപീഠം പുലര്‍ത്തേണ്ട ജാഗ്രതയല്ല ഉന്നത ന്യായാസനത്തിലെ മുഖ്യ ന്യായാധിപനടക്കം പുലര്‍ത്തുന്നത് എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. ഏത് ഭരണഘടനാ ആശയസംഹിതകളോടുള്ള കര്‍ത്തവ്യം നിര്‍വഹിക്കുമെന്ന് ആണയിട്ടാണോ ബഹുമാന്യ ന്യായാധിപര്‍ സത്യപ്രതിജ്ഞ ചെയ്തത്, അത് പാലിക്കാന്‍ അവര്‍ ബാധ്യസ്ഥരാണെന്ന് പൗരസമൂഹം അവരെ ഓര്‍മിപ്പിക്കേണ്ടിവരുമോ?

Latest