Connect with us

From the print

വിഭജനവും നിറംപിടിപ്പിച്ച പെരുംനുണകളും

പ്രചാരണ കാലത്ത് പിടിച്ചുനിൽക്കാൻ ബി ജെ പിയുടെ പെടാപ്പാട്.

Published

|

Last Updated

ന്യൂഡല്‍ഹി | ഏഴാം ഘട്ടത്തിന്റെ പരസ്യ പ്രചാരണം അവസാനിക്കുമ്പോള്‍ സംഭവബഹുലമായ പ്രചാരണ കാലത്തിനാണ് തിരശ്ശീല വീഴുന്നത്. വോട്ടുത്സവത്തെ അങ്ങേയറ്റം പ്രതിലോമകരമാക്കിയ വിദ്വേഷ പ്രചാരണങ്ങളുടെ പേരിലാകും ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ ചരിത്രത്തില്‍ അടയാളപ്പെടുക. വെറുപ്പിന്റെ രാഷ്ട്രീയം ഒരു മറയുമില്ലാതെ ഭരണപക്ഷം പയറ്റുമ്പോള്‍ ഒന്നും ചെയ്യാനാകാതെ നില്‍ക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷനെയും കണ്ടു. ഒടുവില്‍ ഇരുപക്ഷത്തെയും ശാസിക്കുന്ന തരത്തില്‍ നോട്ടീസയച്ച് തൂക്കമൊപ്പിക്കുകയാണ് കമ്മീഷന്‍ ചെയ്തത്. വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടന്നേക്കാമെന്ന ആശങ്കയും അതു സംബന്ധിച്ച ചോദ്യങ്ങളും വലിയ തോതില്‍ ഉയര്‍ന്ന തിരഞ്ഞെടുപ്പാണ് പിന്നിടുന്നത്. വി വി പാറ്റുകള്‍ മുഴുവന്‍ എണ്ണുന്നത് സംബന്ധിച്ച് സുപ്രീം കോടതിയില്‍ ഹരജി വന്നതോടെ നിയമ പരിശോധനക്കും വോട്ടു യന്ത്രം വിധേയമായി. പരമോന്നത കോടതി പക്ഷേ, ഇടപെടാതിരിക്കല്‍ നയമാണ് കൈക്കൊണ്ടത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രത്യേകിച്ച് കോണ്‍ഗ്രസ്സ് പ്രചാരണത്തിന്റെ തുടക്കത്തില്‍ ഊന്നിയത് ജാതി സെന്‍സസിലായിരുന്നു. ബി ജെ പിക്ക് ജാതി സെന്‍സസിനെ തള്ളാനും കൊള്ളാനും വയ്യാത്ത സ്ഥിതിയായിരുന്നു. ജാതിയില്‍ താഴ്ന്നവരെന്ന് മുദ്ര കുത്തപ്പെട്ട മനുഷ്യര്‍ക്ക് അവകാശബോധമുണ്ടാക്കുന്നതിനും വിവിധ ജാതി വിഭാഗങ്ങളെ ഇന്ത്യ സഖ്യ കക്ഷികളുമായി അടുപ്പിക്കുന്നതിനും ജാതി സെന്‍സസ് പ്രചാരണം ഉപകരിച്ചു. അപകടം മണത്ത ബി ജെ പി രാമക്ഷേത്രം മുന്‍നിര്‍ത്തി വ്യാപക പ്രചാരണം അഴിച്ചു വിടുകയും വോട്ടര്‍മാരെ ‘ഹിന്ദുക്കളായി’ തന്നെ നിലനിര്‍ത്താന്‍ കിണഞ്ഞു പരിശ്രമിക്കുകയും ചെയ്തു. ആദ്യ ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മിക്ക മണ്ഡലങ്ങളിലും ഉച്ചത്തില്‍ വിളിച്ചു പറഞ്ഞത് മോദിയുടെ ഗ്യാരണ്ടിയെന്നായിരുന്നു. ആവര്‍ത്തിച്ചു കൊണ്ടേയിരുന്നതോടെ അതൊരു മുദ്രാവാക്യമായി മാറി. കോണ്‍ഗ്രസ്സിന്റെ മറുപടി ന്യായ് ഗ്യാരണ്ടികളായിരുന്നു.

കോണ്‍ഗ്രസ്സിന്റെ പ്രകടന പത്രിക ചര്‍ച്ചയായപ്പോള്‍ അതിനെ ന്യൂനപക്ഷ പ്രീണന രേഖയായി അവതരിപ്പിക്കാന്‍ ബി ജെ പി കൊണ്ടുപിടിച്ച ശ്രമം നടത്തി. രാമക്ഷേത്ര വിഷയം ഉത്തരേന്ത്യയില്‍ പോലും കാറ്റുപിടിക്കുന്നില്ലെന്നു കൂടി തിരിച്ചറിഞ്ഞതോടെയാണ് കടുത്ത മതവിഭജന തന്ത്രങ്ങളിലേക്ക് മോദിയും അമിത് ഷായും യോഗി ആദിത്യനാഥും ഹിമന്ത ബിശ്വ ശര്‍മയുമെല്ലാം ഇറങ്ങിയത്.

അബ്കി ബാര്‍, 400 പാര്‍
17ാം ലോക്സഭയുടെ അവസാന സെഷനിലാണ് നരേന്ദ്ര മോദി ഈ മുദ്രാവാക്യം മുഴക്കിയത്. പിന്നെ ചില അഭിമുഖങ്ങളിലും അത് അദ്ദേഹം ആവര്‍ത്തിച്ചു. പ്രതിപക്ഷത്തെ വല്ലാതെ സമ്മര്‍ദത്തിലാക്കുന്ന മുദ്രാവാക്യമായിരുന്നു അത്. ഇന്ത്യ സഖ്യം അപ്രസക്തമാണെന്ന ധ്വനി ഉണ്ടാക്കാനായിരുന്നു ‘ഇത്തവണ 400’ സീറ്റ് എന്ന മുദ്രാവാക്യം. പക്ഷേ, അത് തങ്ങളെ ഉണര്‍ത്തിയെന്നും ആദ്യം മൂന്ന് ഘട്ടങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ ഈ അവകാശവാദത്തില്‍ നിന്ന് ബി ജെ പിയെ പിന്നോട്ടടിപ്പിക്കാന്‍ സാധിച്ചുവെന്നുമാണ് പ്രതിപക്ഷ നിരയുടെ വിലയിരുത്തല്‍. ബി ജെ പി സഖ്യത്തിന് വിവിധ സംസ്ഥാനങ്ങളില്‍ നഷ്ടപ്പെടാനിടയുള്ള സീറ്റുകളുടെ കണക്കുകള്‍ സഹിതം ഈ അവകാശവാദത്തെ പൊളിക്കാനുതകുന്ന പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. അതൊരു തമാശ മാത്രമായിരുന്നുവെന്ന് ചില ബി ജെ പി നേതാക്കള്‍ക്ക് പറയേണ്ടി വന്നു. 400 സീറ്റ് കിട്ടുമെന്ന് പറഞ്ഞത് ആഗ്രഹം പറച്ചില്‍ മാത്രമാണെന്ന തരത്തില്‍ പ്രധാനമന്ത്രി മോദി ഇന്ത്യാ ടി വിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയും ചെയ്തു. നിങ്ങളുടെ കുഞ്ഞിന് 90 മാര്‍ക്ക് കിട്ടിയാല്‍ അടുത്ത തവണ 95 വാങ്ങണമെന്ന് പറയില്ലേ? അത്രയേ ഉള്ളൂ എന്നാണ് മോദി പറഞ്ഞത്.

സംവിധാന്‍ ബദല്‍ ദേംഗേ
‘ഇത്തവണ 400’ മുദ്രാവാക്യത്തെ ഭരണഘടന മാറ്റാന്‍ പോകുന്നുവെന്ന ശക്തമായ ആരോപണം ഉന്നയിച്ചാണ് രാഹുല്‍ ഗാന്ധി നേരിട്ടത്. ഭരണഘടന മാറിയാല്‍ സംവരണം എടുത്തുകളയുമെന്ന അതിശക്തമായ ആശയം കൂടി രാഹുല്‍ മുന്നോട്ട് വെച്ചു. ഒരാള്‍ക്കും ഭരണഘടന മാറ്റാനാകില്ലെന്ന് മറുപടി പറയാന്‍ പ്രധാനമന്ത്രിയടക്കം നിര്‍ബന്ധിതരായി. അമിത് ഷായും ഈ പ്രതിരോധത്തിലേക്ക് പോയി. അതോടെ 400ന്റെ പ്രചാരണത്തില്‍ നിന്ന് ബി ജെ പി സഖ്യം പൂര്‍ണമായി പിന്‍വാങ്ങി.

മംഗല്യസൂത്ര
കോണ്‍ഗ്രസ്സിന്റെ പ്രകടന പത്രികയായ ന്യായ് പത്രിക പുറത്തിറങ്ങിയതോടെയാണ് മോദി ‘മംഗല്യസൂത്ര’ പരാമര്‍ശം നടത്തിയത്. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്നവരുടെ ഉന്നമനത്തിന് പൊതുപണം കൂടുതല്‍ ചെലവിടുമെന്ന പ്രഖ്യാപനത്തെ അപകടകരമായ രീതിയില്‍ വളച്ചൊടിക്കുകയായിരുന്നു മോദിയും മറ്റ് ബി ജെ പി നേതാക്കളും. ന്യൂനപക്ഷ സമുദായങ്ങള്‍ക്കു വേണ്ടി സര്‍വവും നല്‍കാന്‍ പോകുകയാണ് കോണ്‍ഗ്രസ്സെന്ന് വിളിച്ചു കൂവി. മുസ്ലിംകളുടെ ജനസംഖ്യയെ കുറിച്ച് നുണ പറഞ്ഞു. സാം പിത്രോദയുടെ വിവാദ പ്രസ്താവനയുടെ ചുവടുപിടിച്ചാണ് ‘മംഗല്യസൂത്ര’ പരാമര്‍ശം നടത്തിയത്.
കോണ്‍ഗ്രസ്സ് നിങ്ങളുടെ പകുതി സമ്പത്ത് തട്ടിയെടുക്കും. സ്ത്രീകളുടെ മംഗല്യസൂത്രം പോലും അഴിച്ചെടുത്ത് അവരുടെ വോട്ട് ബേങ്കിന് നല്‍കും. എസ് സി, എസ് ടി, പിന്നാക്ക വിഭാഗങ്ങളുടെ സംവരണാനുകൂല്യങ്ങള്‍ എടുത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കും- ഇങ്ങനെ പോകുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

പാകിസ്താനുമായി ബന്ധപ്പെടുത്തി നിരവധി വിദ്വേഷ പരാമര്‍ശങ്ങളുണ്ടായി. കോണ്‍ഗ്രസ്സിന്റെ പ്രകടന പത്രിക സ്വാതന്ത്ര്യപൂര്‍വ കാലത്തെ മുസ്ലിം ലീഗിന്റെ ആശയഗതികളിലധിഷ്ഠിതമാണെന്ന ആരോപണവും ഉയര്‍ന്നു. ദരിദ്രരായ വനിതകള്‍ക്ക് പ്രതിമാസം 8,000 രൂപ നല്‍കുമെന്നതടക്കം സമാശ്വാസ പദ്ധതികളിലൂന്നിയായിരുന്നു കോണ്‍ഗ്രസ്സിന്റെ പ്രചാരണം. അഗ്‌നിവീര്‍ പദ്ധതി നിര്‍ത്തലാക്കുമെന്ന കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപനവും ഒടുവിലത്തെ ഘട്ടങ്ങളില്‍ കോണ്‍ഗ്രസ്സ് ഉയര്‍ത്തി. കര്‍ഷക രോഷം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളെ മുന്‍നിര്‍ത്തിയുള്ള ഫലപ്രദമായ മുദ്രാവാക്യങ്ങളും ഇന്ത്യ സഖ്യം ഉയര്‍ത്തി.

ഒടുവില്‍ ധ്യാനം
പ്രചാരണം അവസാനിക്കുന്നത് പ്രധാനമന്ത്രിയുടെ ധ്യാനത്തോടെയാണ്. കന്യാകുമാരിയിലെ വിവേകാനന്ദ സ്മൃതിയില്‍ ധ്യാനമിരിക്കാനുള്ള മോദിയുടെ നീക്കം ആവനാഴിയിലെ അവസാനത്തെ അസ്ത്രമായി. പശ്ചിമ ബംഗാളിലെ സീറ്റുകളിലെങ്കിലും അത് സ്വാധീനമുണ്ടാക്കുമെന്ന് ബി ജെ പി കരുതുന്നു. രാമകൃഷ്ണ ആശ്രമത്തെ കുറിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തിയ പരാമര്‍ശം വിവാദക്കിയതിന് പിറകേയാണ് ധ്യാനമെന്നത് പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്.

 

Latest