Haritha Issue
ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിടല്‍; തീരുമാനം ഇന്നുണ്ടായേക്കും
പരാതി പിന്‍വലിക്കാന്‍ ഹരിത ഭാരവാഹികള്‍ക്ക് ലീഗ് നല്‍കിയ സമയപരിധി ഇന്നവസാനിക്കും
കോഴിക്കോട് | എം എസ് എഫ് നേതാക്കള്‍ക്കെതിരെ ഹരിത ഭാരവാഹികള്‍ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ ലീഗ് നേതൃത്വം നല്‍കിയ സമയപരിധി ഇന്നവസാനിക്കും. ഇന്ന് രാവിലെ പത്തിന് മുമ്പ് പരാതി പിന്‍വലിക്കണമെന്നാണ് അന്ത്യശാസനം. എന്നാല്‍ എം എസ് എഫ് നേതാക്കള്‍ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയില്‍ ഹരിത ഭാരവാഹികള്‍ ഉറച്ച് നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാനാണ് ലീഗ് നേതൃത്വത്തിന്റെ നീക്കം. ഇത് സംബന്ധിച്ച തീരുമാനം ഇന്നുണ്ടായേക്കും.
ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയുമായി ഹരിത ഭാരവാഹികള്‍ നിതാ കമ്മിഷനെ സമീപിച്ചത് ഗുരുതര അച്ചടക്ക ലംഘനമാണെന്നാണ് ലീഗ് നേതൃത്വം പറയുന്നത്. പാര്‍ട്ടിയെ പൊതുസമൂഹത്തില്‍ ഹരിത ഭാരവാഹികള്‍ അവഹേളിച്ചതായും ലീഗ് നേതൃത്വം വിലിയിരുത്തുന്നു. എന്നാല്‍ നിരന്തരം സ്ത്രീ വിരുദ്ധ പരാമര്‍ശനം നടത്തുകയും ലൈംഗികാധിക്ഷേപം നടത്തുകയും ചെയ്യുന്ന എം എസ് എഫ് നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാതെ ഒരു വിട്ടുവീഴ്ച്ചക്കും ഇല്ലെന്ന നിലപാടിലാണ് ഹരിത ഭാരവാഹികള്‍.
അതിനിടെ ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുന്നതിനൊപ്പം പിടിച്ചുനില്‍ക്കാനായി ആരോപണ വിധേയരായ എം എസ് എഫ് ഭാരവാഹികളോട് വിശദീകരണം ചോദിക്കാനും ലീഗ് നേതൃത്വം തയ്യാറായേക്കും.
സംഘടനയില്‍ നേരിടേണ്ടി വന്ന ലൈംഗീക അധിക്ഷേപവും വിവേചനവും ചൂണ്ടിക്കാട്ടി ഹരിതയുടെ പത്ത് ഭാരവാഹികളാണ് വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്. പരാതി വനിതാ കമ്മീഷന്‍ കോഴിക്കോട് സിറ്റി പോലീസിന് കൈമാറി. പോലീസ് ഹരിത ഭാരവാഹികളില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു.


