siraj editorial
ഗ്ലാസ്‌ഗോ ഉച്ചകോടിയിലെ നിരാശ
ഇനിയൊരു ഉച്ചകോടിക്ക് കാത്തു നില്‍ക്കാനാകാത്ത വിധം ഭീതിദമായ സാഹചര്യത്തിലൂടെ കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും മറ്റ് അനുബന്ധ പ്രശ്‌നങ്ങളും മാനവരാശിയെ കൊണ്ടുപോകുമ്പോഴും സംവത്സരങ്ങളുടെ പഴക്കമുള്ള തര്‍ക്കങ്ങള്‍ അതേപടി നില്‍ക്കുന്നുവെന്നതാണ് ഗ്ലാസ്‌ഗോ അവശേഷിപ്പിക്കുന്ന നിരാശ
പ്രശ്‌നങ്ങളുടെ ആഴങ്ങളിലേക്ക് എടുത്തുചാടി. എന്നാല്‍, പരിഹാരത്തിന്റെ അരികില്‍ പോലും എത്തിയില്ല. ഗ്ലാസ്‌ഗോയില്‍ സമാപിച്ച കാലാവസ്ഥാ ഉച്ചകോടിയെ ഇങ്ങനെ വിശേഷിപ്പിക്കാം. ലോക നേതാക്കള്‍ മാനവരാശിയുടെ ഭാവിയെക്കുറിച്ചുള്ള വലിയ ആശങ്കകള്‍ക്ക് മീതേ പ്രതിഷ്ഠിച്ചത് സ്വന്തം രാജ്യത്തിന്റെയും സഖ്യ രാജ്യങ്ങളുടെയും താത്പര്യങ്ങളായിരുന്നുവെന്നത് അങ്ങേയറ്റം ദുഃഖകരമാണ്. അതുകൊണ്ട് തന്നെ നേതാക്കള്‍ ഗ്ലാസ്‌ഗോ വിട്ട് ഈജിപ്തിലെ ശറമുശ്ശൈഖില്‍ വീണ്ടും കാണാമെന്ന് പറഞ്ഞ് പിരിയുമ്പോള്‍ പ്രതീക്ഷയേക്കാള്‍ നിരാശ മാത്രം ബാക്കിയാകുന്നു. കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് ടു ദ യു എന്‍ ഫ്രെയിംവര്‍ക്ക് കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചിന്റെ 26ാം സമ്മേളന (കോപ് 26)ത്തിനാണ് ഗ്ലാസ്‌ഗോ വേദിയായത്. കല്‍ക്കരി ഉപയോഗം കുറച്ചുകൊണ്ടുവരിക, ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറക്കുക, ദരിദ്ര രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക തുടങ്ങിയവയാണ് ഗ്ലാസ്‌ഗോ കാലാവസ്ഥാ ഉടമ്പടിയിലൂടെ ലോക നേതാക്കള്‍ എത്തിച്ചേര്‍ന്ന പ്രധാന തീരുമാനങ്ങള്‍. ഈ തീരുമാനങ്ങള്‍ പാരീസ് ഉടമ്പടിയില്‍ നിന്ന് അധിക ദൂരം മുന്നോട്ട് പോകാത്തതും സമയക്രമം നിശ്ചയിക്കാത്തതുമാണ്.
ലോകത്ത് കല്‍ക്കരി ഉപയോഗം കുറക്കാനും ഫോസില്‍ ഇന്ധനങ്ങള്‍ക്കുള്ള സബ്‌സിഡി പൂര്‍ണമായി നിര്‍ത്താനും ഉച്ചകോടിയില്‍ ആഹ്വാനമുയര്‍ന്നു. വികസിത രാജ്യങ്ങളാണ് കൂടുതല്‍ ബാധ്യത ഏറ്റെടുക്കേണ്ടതെന്ന വികസ്വര, ദരിദ്ര രാജ്യങ്ങളുടെ അഭിപ്രായം ഇരുനൂറോളം രാഷ്ട്ര പ്രതിനിധികള്‍ പങ്കെടുത്ത അന്തിമ സംവാദത്തില്‍ ഭിന്നതകള്‍ക്കിടയാക്കി. നൂറ്റാണ്ടിലെ താപവര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസില്‍ പിടിച്ചുനിര്‍ത്താന്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറക്കേണ്ടത് അനിവാര്യമാണെന്നും ഇതിന് വികസിത രാജ്യങ്ങള്‍ മുന്‍കൈ എടുക്കണമെന്നുമുള്ള ഇന്ത്യയുടെ ആവശ്യം ഉച്ചകോടിയില്‍ വലിയ മുഴക്കമുണ്ടാക്കിയെന്നത് അഭിമാനകരമാണ്. ദരിദ്ര രാജ്യങ്ങള്‍ക്ക് സമ്പന്ന രാഷ്ട്രങ്ങള്‍ കഴിഞ്ഞ വര്‍ഷത്തോടെ നല്‍കാമെന്നേറ്റ നൂറ് കോടി ഡോളര്‍ ഇതുവരെയും നല്‍കിയിട്ടില്ല. വികസ്വര രാജ്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം മെച്ചപ്പെടുത്താത്തതിലും ഇന്ത്യ വിയോജിപ്പ് രേഖപ്പെടുത്തി.
കല്‍ക്കരിയെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ അവസാന നിമിഷവും എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ആഗോള താപനത്തിന്റെ പ്രധാന പ്രേരകമായ ഫോസില്‍ ഇന്ധനങ്ങളെ ലക്ഷ്യമിട്ടുള്ള കരാറോടെ തന്നെയാണ് ഉച്ചകോടി സമാപിച്ചത്. ഫോസില്‍ ഇന്ധന സബ്‌സിഡി കുറക്കുന്നതിനുള്ള ആവശ്യം അന്തിമ കരാറില്‍ നിലനിര്‍ത്തി. ഈ രണ്ട് വിഷയത്തിലും കര്‍ക്കശമായ ലക്ഷ്യങ്ങള്‍ വെക്കാതെ ഘട്ടം ഘട്ടമായ കുറച്ചു കൊണ്ടുവരല്‍ മാത്രമാണ് ഉച്ചകോടി അന്തിമമായി മുന്നോട്ട് വെച്ചത്. ഇത് ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളുടെ ഇടപെടലിന്റെ ഫലമായിരുന്നു. ആഗോള താപനം 1.5 ഡിഗ്രി സെല്‍ഷ്യസില്‍ പരിമിതപ്പെടുത്താമെന്ന പ്രതീക്ഷ സജീവമായി നിലനിര്‍ത്തുന്ന കരാര്‍ കൈയടി നേടുന്നതാണെങ്കിലും ഇതിനായുള്ള നടപടികള്‍ തീരുമാനിക്കുന്നതിലേക്ക് അത് വളര്‍ന്നില്ല.
കാലാവസ്ഥാ വിഷയത്തില്‍ വലിയ നിലയില്‍ കൊണ്ടാടുന്നത് പാരീസ് ഉടമ്പടിയാണ്. ആഗോള താപനം രണ്ട് ഡിഗ്രി സെല്‍ഷ്യസ് കടക്കരുതെന്ന കൃത്യമായ ലക്ഷ്യം മുന്നോട്ട് വെക്കാന്‍ പാരീസ് ഉടമ്പടിക്കായിരുന്നുവെങ്കിലും ആ ലക്ഷ്യത്തിലേക്ക് നീങ്ങാന്‍ ഏറ്റവും വലിയ നടപടികള്‍ കൈക്കൊള്ളേണ്ട അമേരിക്ക ട്രംപിന്റെ കാലത്ത് ഈ ഉടമ്പടിയില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. അംഗ രാജ്യങ്ങള്‍ ഓരോരുത്തരും കാര്‍ബണ്‍ ബഹിര്‍ഗമനം നിശ്ചിത അളവില്‍ കുറച്ച് കൊണ്ടുവരണമെന്നായിരുന്നു പാരീസിലെ ആഹ്വാനം. 2025 ആകുമ്പോള്‍ കാര്‍ബണ്‍ ബഹിര്‍ഗമനം 26 മുതല്‍ 28 ശതമാനം വരെ (2005ലെ തോതില്‍ നിന്ന്) കുറക്കാമെന്നായിരുന്നു ഇതില്‍ അമേരിക്ക നല്‍കിയ ഉറപ്പ്. കല്‍ക്കരി, പെട്രോളിയം തുടങ്ങിയ ഫോസില്‍ ഇന്ധനം കത്തിച്ച് തീര്‍ത്ത് വ്യവസായ വികസനം നടത്തുന്നതാണല്ലോ കാര്‍ബണ്‍ ബഹിര്‍ഗമനത്തിനും ആഗോള താപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും പ്രധാന കാരണമാകുന്നത്. അപ്പോള്‍ അവക്ക് പകരം ഊര്‍ജസ്രോതസ്സ് കണ്ടെത്തണം. ചരിത്രത്തിലുടനീളം ഇത്തരം ബഹിര്‍ഗമനം നടത്തി വ്യവസായിക വികസനത്തിന്റെ പാരമ്യത്തില്‍ എത്തിയ രാഷ്ട്രങ്ങള്‍ അതിന് മുന്‍കൈയെടുക്കണം. ക്ലീന്‍ എനര്‍ജി സാങ്കേതിക വിദ്യ ആര്‍ജിക്കാന്‍ ഇത്തരം വന്‍കിട രാജ്യങ്ങള്‍ വികസ്വര, അവികസിത രാജ്യങ്ങള്‍ക്ക് സഹായം നല്‍കണം. ഇത്തരം സങ്കീര്‍ണമായ തീരുമാനങ്ങളുടെ ആകെത്തുകയായിരുന്നു യുനൈറ്റഡ് നാഷന്‍സ് ഫ്രെയിംവര്‍ക്ക് കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (യു എന്‍ എഫ് സി സി സി). ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ആ നിര്‍ദേശങ്ങളില്‍ ഒന്ന് പോലും അര്‍ഥവത്തായ സാഫല്യത്തില്‍ എത്തിയിട്ടില്ല. എന്നിട്ട്, ഗ്ലാസ്‌ഗോയിലും പുതിയ പ്രഖ്യാപനങ്ങള്‍ വന്നിരിക്കുന്നു.
കാലാവസ്ഥാ സഹായ നിധിയിലേക്ക് വികസിത രാജ്യങ്ങള്‍ ഉറപ്പു നല്‍കിയ ലക്ഷം കോടി ഡോളര്‍ വാഗ്ദാനം 2025ഓടെ പൂര്‍ത്തീകരിക്കണമെന്ന് തീരുമാനിച്ചത് ഗ്ലാസ്‌ഗോയിലെ ശരിയായ ചുവടുവെപ്പാണ്. മീഥെയ്ന്‍ പുറന്തള്ളല്‍ 2030ലേക്ക് 30 ശതമാനം കുറക്കാനുള്ള നടപടികള്‍ കൈക്കൊള്ളാനും ഉച്ചകോടി സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. 2070ഓടെ കാര്‍ബണ്‍ ഉപയോഗം നെറ്റ് സീറോയില്‍ എത്തിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്ലാസ്‌ഗോയില്‍ നല്‍കിയ ഉറപ്പ്. ഇനിയൊരു ഉച്ചകോടിക്ക് കാത്തുനില്‍ക്കാനാകാത്ത വിധം ഭീതിദമായ സാഹചര്യത്തിലൂടെ കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും മറ്റ് അനുബന്ധ പ്രശ്‌നങ്ങളും മാനവരാശിയെ കൊണ്ടുപോകുമ്പോഴും സംവത്സരങ്ങളുടെ പഴക്കമുള്ള തര്‍ക്കങ്ങള്‍ അതേപടി നിലനില്‍ക്കുന്നുവെന്നതാണ് ഗ്ലാസ്‌ഗോ അവശേഷിപ്പിക്കുന്ന നിരാശ.
ആഗോള താപനം താരതമ്യം ചെയ്യുന്നത് വ്യാവസായിക വിപ്ലവത്തിന്റെ മുമ്പും പിമ്പുമെന്നാണ്. വ്യാവസായിക വിപ്ലവം താനേയങ്ങ് ഉണ്ടായതല്ല. ദരിദ്ര രാജ്യങ്ങളില്‍ നിന്ന് കടത്തിക്കൊണ്ടു പോയ അസംസ്‌കൃത വസ്തുക്കളാണ് ഈ വിപ്ലവത്തിന് അസ്തിവാരമിട്ടത്. വന്‍കിട വ്യാവസായിക രാഷ്ട്രങ്ങള്‍ ഫോസില്‍ ഇന്ധനങ്ങള്‍ വന്‍തോതില്‍ കത്തിച്ച് തീര്‍ത്താണ് ഇന്നത്തെ നില കൈവരിച്ചത്. എന്നാല്‍ വികസ്വര, അവികസിത രാജ്യങ്ങളില്‍ പലതും പരിമിതമായ വ്യാവസായിക പുരോഗതി നേടിയവയാണ്. അതുകൊണ്ട് ഈ ഘട്ടത്തില്‍ അവരോട് ബദല്‍ ഊര്‍ജ സ്രോതസ്സുകള്‍ കണ്ടെത്തിക്കൊള്ളണമെന്ന് ശഠിക്കുന്നത് നീതിയല്ല. ഈ ഉത്തരവാദിത്വം വന്‍കിട രാജ്യങ്ങള്‍ ഏല്‍ക്കണം. അതില്ലാതെയാണ് ഗ്ലാസ്‌ഗോയിലും തിരശ്ശീല വീണത്.


