Kerala
അച്ചടി വായനയുടെ രുചി ഡിജിറ്റല്‍ വായന നല്‍കുന്നില്ല: ഡെപ്യൂട്ടി സ്പീക്കര്‍
പുസ്തക വായനയില്‍ ലഭ്യമാകുന്ന അറിവ് ഓര്‍മയില്‍ തങ്ങിനില്‍ക്കും

അടൂര്‍ | മാറിയ കാലത്ത് ഡിജിറ്റല്‍ വായന കൂടിയെങ്കിലും അച്ചടി മഷിപുരണ്ട മണം നല്‍കുന്ന വായനാസുഖം മറ്റൊന്നിനും നല്‍കാന്‍ കഴിയില്ലെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അടൂരില്‍ സംഘടിപ്പിച്ച ബോധിഗ്രാം-അര്‍ച്ചന ഫൗണ്ടേഷന്‍ പുസ്തകോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുസ്തക വായനയില്‍ ലഭ്യമാകുന്ന അറിവ് ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നതാണെന്നും ചിറ്റയം പറഞ്ഞു. പുസ്തകോത്സവത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച എന്റെ വായന മത്സര വിജയികളായ ഭദ്രാഹരി, എസ് ദുര്‍ഗ, ആര്‍ ഗായത്രി എന്നിവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എ പി ജയന്‍ വിതരണം ചെയ്തു.
രചന ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ഡോ. കായംകുളം യൂനസ്, ഡോ. കേശവ് മോഹന്‍, വിശ്വംഭരന്‍, ബിനു ചക്കാലയില്‍, സുമ രാജശേഖരന്‍, ജയ, ചിത്രന്‍ജതന്‍, ലിലിറ്റ്, അനില്‍കുമാര്‍ പി വൈ സംസാരിച്ചു