Connect with us

Articles

ജോഷിമഠിലെ വികസന 'പാഠങ്ങള്‍'

പാരിസ്ഥിതിക ആഘാതങ്ങള്‍ പഠിക്കാതെ, പരിസ്ഥിതി നിയമങ്ങള്‍ പാലിക്കാതെ ഖനനവും നിര്‍മാണവും തുടര്‍ന്നതിന്റെ ഫലമാണ് ജോഷിമഠ് ഇപ്പോള്‍ അനുഭവിക്കുന്നത്. പാരിസ്ഥിതിക സന്തുലിതാവസ്ഥയെ അസ്ഥിരപ്പെടുത്തുന്ന നിര്‍മാണ, വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുക മാത്രമാണ് ജോഷിമഠില്‍ ഇനി ചെയ്യാനാകുന്ന ഒരേയൊരു കാര്യം.

Published

|

Last Updated

‘ആധുനിക യന്ത്രസാമഗ്രികള്‍ ഉപയോഗിച്ച് എന്‍ജിനീയര്‍മാര്‍ ഹിമാലയ പര്‍വതത്തെ കീറിമുറിക്കുകയാണ്. പ്രാചീന വനമേഖലകളെ അവര്‍ വെട്ടിനിരപ്പാക്കി. ലോലമായ താഴ്്വാരങ്ങളെ അവര്‍ കീറിമുറിക്കുന്നു. പക്ഷേ, തങ്ങളും പ്രകൃതിയുടെ ഭാഗമാണെന്നും പ്രകൃതിയില്ലാതെ തങ്ങള്‍ക്ക് നിലനില്‍ക്കാനാകില്ലെന്നും അവര്‍ അറിയുന്നില്ലല്ലോ.’ ജോഷിമഠിലെ അശാസ്ത്രീയ വികസനങ്ങളെ ശരിവെച്ച സുപ്രീം കോടതി വിധി പുറത്തുവന്നയുടനെ, പരിസ്ഥിതി പ്രശ്നത്തെക്കുറിച്ച് പഠിക്കാന്‍ സുപ്രീം കോടതി ചുമതലപ്പെടുത്തിയ സമിതിയുടെ അധ്യക്ഷനും പരിസ്ഥിതി പ്രവര്‍ത്തകനുമായ രവി ചോപ്ര തന്റെ രാജിക്കത്തില്‍ കുറിച്ചിട്ട വരികളാണിവ. ജോഷിമഠിലെ ഭൂമി ഇടിഞ്ഞു താഴുന്നതിന്റെ കാരണം കണ്ടെത്താന്‍ ഇതിലപ്പുറം എന്താണ് വേണ്ടത്.

ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയാണ് ജോഷിമഠ്. ഇന്ത്യ-ചൈന അതിര്‍ത്തിയായ ജോഷിമഠ് സമുദ്രനിരപ്പില്‍ നിന്ന് 1,875 മീറ്റര്‍ ഉയരത്തിലാണ് നിലകൊള്ളുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയായി ഒമ്പത് സെന്റിമീറ്റര്‍ ഭൂമി താഴ്ന്നിരുന്നെങ്കിലും കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം ഭൂമി താഴ്ന്നത് 5.4 സെന്റിമീറ്ററാണെന്നത് ആശങ്കപ്പെടുത്തുന്നതാണ്. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ജോഷിമഠ് പതിനഞ്ച് സെന്റിമീറ്ററോളം താഴേക്കുപോയെന്നും താഴ്ച്ച സംഭവിക്കുന്നത് സെന്‍ട്രല്‍ ജോഷിമഠില്‍ മാത്രമാണെന്നുമാണ് ഐ എസ് ആര്‍ ഒയുടെ നാഷനല്‍ റിമോര്‍ട്ട് സെന്‍സിംഗ് സെന്ററിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. 22,000 പേര്‍ അധിവസിക്കുന്ന ചാമോലി ജില്ലയില്‍ ഇതിനകം 4,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. 678 വീടുകള്‍ക്ക് ഇതിനകം വിള്ളലുകളുണ്ടായി. വലുതും ചെറുതുമായ കെട്ടിടങ്ങളിലെല്ലാം വിള്ളല്‍വീണ് താമസയോഗ്യമല്ലാതായിരിക്കുന്നു. റോഡുകളിലും സഞ്ചാര പാതകളിലുമെല്ലാം വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ വിധം ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ഐ എസ് ആര്‍ ഒ റിപോര്‍ട്ട് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് സൈറ്റില്‍ നിന്ന് നീക്കം ചെയ്യേണ്ടി വന്നു.

പതിറ്റാണ്ടുകളായി നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസത്തിന്റെ ഏറ്റവും അപകടകരമായ സാഹചര്യത്തെയാണ് ജോഷിമഠ് ഇപ്പോള്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. ഏതാണ്ട് അമ്പത് വര്‍ഷമായി ആ പ്രദേശം താഴ്ന്നുപോകുകയാണെന്നും പ്രദേശത്തിന് താങ്ങാവുന്നതിനുമപ്പുറമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് അവിടെ നടക്കുന്നതെന്നും പ്രദേശവാസികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, ദേശീയ ദുരന്ത നിവാരണ സേന, ഐ ഐ ടി റൂര്‍ക്കി, ഗര്‍വാള്‍ യൂനിവേഴ്സിറ്റി, ഡെറാഡൂണിലെ സെന്‍ട്രല്‍ ബില്‍ഡിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന ശാസ്ത്രീയ നിര്‍ദേശങ്ങളെയെല്ലാം പലഘട്ടങ്ങളിലായി ലംഘിക്കുകയാണുണ്ടായത്. ലംഘനങ്ങളുടെ തുടര്‍ പരമ്പര ആരംഭിക്കുന്നത് തന്നെ ഏതാണ്ട് അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. 1976ല്‍ ഗര്‍വാള്‍ മേഖലയുടെ കമ്മീഷണറായിരുന്ന എം സി മിശ്രയുടെ നേതൃത്വത്തിലുള്ള സമിതി ക്രമരഹിതമായ നിര്‍മാണം, വനനശീകരണം, റോഡ് നിര്‍മാണ വേളകളിലെ സ്ഫോടക വസ്തുക്കളുടെ ഉപയോഗം, ഗാര്‍ഹിക മലിനജലത്തിന്റെ ഒഴുക്ക് എന്നിവ ഇവിടുത്തെ ഭൂമിയുടെ തകര്‍ച്ചയുടെ പ്രധാന കാരണങ്ങളാണെന്ന് കണ്ടെത്തി. സന്തുലിത മേഖലകളെ കണ്ടെത്തുന്നതിനായി ഒരു സര്‍വേ നടത്തണമെന്ന് സമിതി ശിപാര്‍ശ ചെയ്തു. സ്ലൈഡ് സോണുകളില്‍ മരം മുറി, കനത്ത നിര്‍മാണം എന്നിവ നിരോധിക്കലും സേഫ് സോണുകളില്‍ പരിമിതമായ നിര്‍മാണാനുമതി നല്‍കലുമായിരുന്നു സര്‍വേയുടെ ലക്ഷ്യം. പക്ഷേ 2001 മുതല്‍ മാറി മാറി വന്ന സര്‍ക്കാറുകള്‍ ജോഷിമഠ് വികസിപ്പിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ മിശ്ര കമ്മിറ്റിയുടെ എല്ലാ മുന്നറിയിപ്പുകളും ലംഘിക്കുകയായിരുന്നു. തപോവനത്തിലെയും ഋഷി ഗംഗയിലെയും ചെറുകിട ജലവൈദ്യുത പദ്ധതികള്‍, തുരങ്ക നിര്‍മാണം, റോഡ് വീതി കൂട്ടല്‍, വിനോദസഞ്ചാരികളുടെ വരവ് കണക്കിലെടുത്ത് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തിയുള്ള കെട്ടിട്ട നിര്‍മാണം തുടങ്ങി വികസന പ്രവര്‍ത്തനങ്ങള്‍ മുന്നറിയിപ്പുകളെല്ലാം മറന്ന് ജോഷിമഠില്‍ തകൃതിയായി നടന്നു.

ഈ ദുരന്തം ജോഷിമഠില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയില്ലെന്നും ഉത്തരാഖണ്ഡിന്റെ വടക്കന്‍ മേഖലയിലുള്ള ഗ്രാമങ്ങളും നഗരപ്രദേശങ്ങളും സമാന അവസ്ഥയിലാണെന്നുമാണ് നൈനിറ്റാളിലെ കുമൗ സര്‍വകലാശാലയിലെ ജിയോളജി പ്രൊഫസര്‍ രാജീവ് ഉപാധ്യായ് മുന്നറിയിപ്പ് നല്‍കുന്നത്. നിലവില്‍ വളരെയധികം സമ്മര്‍ദത്തിലുള്ള ഈ പ്രദേശത്ത് മനുഷ്യ നിര്‍മിത കെട്ടിടങ്ങള്‍ വന്നതോടെ അതിന്റെ ഭാരം ഭൂമിക്ക് താങ്ങാനാകാതെ വന്നതും ഇവിടെ നടക്കുന്ന മെക്കാനിക്കല്‍ പ്രവര്‍ത്തനങ്ങളുമാണ് ദുരന്ത കാരണമെന്നാണ് അദ്ദേഹം പറയുന്നത്. ഈ മേഖല പാരിസ്ഥിതികമായി വളരെ ദുര്‍ബലമായ പ്രദേശമാണെന്നും ഭൂമി വീണ്ടും ഇടിഞ്ഞുതാഴാന്‍ വളരെയധികം സാധ്യതയുള്ള മേഖലയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിമാലയത്തിന്റെ പരിസ്ഥിതി സങ്കീര്‍ണത നിറഞ്ഞതാണെന്നും ദുരന്ത കാരണം കണ്ടെത്തുന്നതിന് ശാസ്ത്രീയ പഠനം അനിവാര്യമാണെന്നുമാണ് ഡെറാഡൂണിലെ വാഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജിയുടെ ഡയറക്ടര്‍ കാലചന്ദ് സെയ്ന്‍ പറയുന്നത്.

ജോഷിമഠില്‍ സംഭവിക്കുന്ന പ്രശ്നങ്ങളുടെ കാരണം തേടിയുള്ള അന്വേഷണം അവിടെ നടക്കുന്ന നിര്‍മാണ പദ്ധതികളുടെ അശാസ്ത്രീയതയിലാകും ചെന്നെത്തുക. കേദാര്‍നാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഭക്തര്‍ക്ക് എളുപ്പം എത്തിച്ചേരാവുന്ന ‘ചാര്‍ധാം ഹൈവേ’ നിര്‍മാണ പദ്ധതി ഒരുദാഹരണമാണ്. ഈ സ്ഥലങ്ങളിലേക്കുള്ള ഏഴ് റോഡുകളുടെ വീതി പത്ത് മീറ്ററോളം കൂട്ടുകയും അവയെല്ലാം രണ്ടുവരിപ്പാതയാക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. പദ്ധതിയുടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കാതെ സംസ്ഥാനത്തിന്റെ സാമ്പത്തിക മുന്നേറ്റം മാത്രം ലക്ഷ്യവെച്ച് നടപ്പാക്കുന്ന ഒരു പദ്ധതിയാണിത്. പരിസ്ഥിതി പഠന റിപോര്‍ട്ട് തയ്യാറാക്കിയ വിദഗ്ധരില്‍ ചിലര്‍ ഈ പദ്ധതിയെ എതിര്‍ത്തെങ്കിലും മറ്റു ചിലര്‍ സര്‍ക്കാറിനെ അനുകൂലിച്ചു. അതിനിടെ പദ്ധതിക്ക് ഹരിത ട്രൈബ്യൂണലിന്റെ അനുമതിയും ലഭിച്ചു. പക്ഷേ പാരിസ്ഥിതിക പ്രശ്നങ്ങളുന്നയിച്ച് പദ്ധതി വീണ്ടും സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയുണ്ടായി. തുടര്‍ന്ന് നടന്ന ചര്‍ച്ചകളില്‍ രാജ്യസുരക്ഷ സംബന്ധിച്ച വാദങ്ങളായിരുന്നു സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉന്നയിച്ചത്. ചൈനയുമായുള്ള അതിര്‍ത്തി പ്രദേശത്തേക്ക് ദ്രുതഗതിയില്‍ എത്താന്‍ സാധ്യമാകുന്ന പാത സായുധ സേനക്ക് അനിവാര്യമാണെന്ന സര്‍ക്കാറിന്റെ വാദം സുപ്രീം കോടതി ശരിവെച്ചതോടെ ‘ചാര്‍ധാം’ ഹൈവേ നിര്‍മാണം ദ്രുതഗതിയിലായി.

ജോഷിമഠില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള തപോവന്‍ – വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിയാണ് ഈ ദുരന്തത്തിന്റെ മറ്റൊരു പ്രധാന കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്റെ (എന്‍ ടി പി സി) നേതൃത്വത്തിലുള്ള ഈ പദ്ധതിയുടെ ഭാഗമായി ഭൂമിക്കടിയിലൂടെ പാറ തുരന്ന് തപോവനിലും സെലാങ്ങിലുമായി രണ്ട് തുരങ്കങ്ങളാണ് നിര്‍മിക്കുന്നത്. ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴ്ന്ന് കെട്ടിടങ്ങളില്‍ വിള്ളലുണ്ടാകുന്നതിന് കാരണം എന്‍ ടി പി സിയാണെന്ന ആരോപണം വ്യാപകമായതോടെ അന്വേഷണം നടത്താന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
പാരിസ്ഥിതിക ആഘാതങ്ങള്‍ പഠിക്കാതെ, പരിസ്ഥിതി നിയമങ്ങള്‍ പാലിക്കാതെ ഖനനവും നിര്‍മാണവും തുടര്‍ന്നതിന്റെ ഫലമാണ് ജോഷിമഠ് ഇപ്പോള്‍ അനുഭവിക്കുന്നത്. ഭൗമശാസ്ത്ര പഠനങ്ങളെ മുന്‍നിര്‍ത്തി പ്രദേശത്തിന്റെ പരിസ്ഥിതിക്കനുസരിച്ചുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കേണ്ടത്. പാരിസ്ഥിതിക സന്തുലിതാവസ്ഥയെ അസ്ഥിരപ്പെടുത്തുന്ന നിര്‍മാണ, വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുക മാത്രമാണ് ജോഷിമഠില്‍ ഇനി ചെയ്യാനാകുന്ന ഒരേയൊരു കാര്യം.
(ഉത്തരാഖണ്ഡ് എച്ച് എന്‍ ബി ജി യു സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയിലെ ബിരുദാനന്തര വിദ്യാര്‍ഥിയാണ് ലേഖകന്‍)

 

Latest