local body election 2025
നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനെതിരെയുള്ള നടപടി പിന്‍വലിച്ചിട്ടും ലീഗിലെ വിവാദം വിട്ടൊഴിയുന്നില്ല
നടപടി പിന്‍വലിച്ചതിനെച്ചൊല്ലിയും ലീഗിന്റെ പ്രാദേശിക തലത്തില്‍ ശക്തമായ വിവാദങ്ങള്‍ തുടരുകയാണ്.
തിരൂരങ്ങാടി | നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനെതിരെയുള്ള നടപടി പിന്‍വലിച്ചിട്ടും ലീഗിലെ വിവാദം വിട്ടൊഴിയുന്നില്ല. തിരൂരങ്ങാടി മുനിസിപല്‍ മുസ്‌ലിം ലീഗ് മുന്‍ പ്രസിഡന്റും നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ സി പി ഇസ്മാഈലിനെ ഏതാനും ദിവസം മുമ്പ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഈ നടപടിയാണ് കഴിഞ്ഞ ദിവസം പാര്‍ട്ടി പിന്‍വലിച്ചത്. എന്നാല്‍ നടപടി പിന്‍വലിച്ചതിനെച്ചൊല്ലിയും ലീഗിന്റെ പ്രാദേശിക തലത്തില്‍ ശക്തമായ വിവാദങ്ങള്‍ തുടരുകയാണ്.
സി പി ഇസ്മാഈല്‍ പാര്‍ട്ടിക്ക് ഖേദം എഴുതിക്കൊടുത്തത് മൂലമാണ് അച്ചടക്ക നടപടി പിന്‍വലിച്ചതെന്ന് പാര്‍ട്ടിക്കൊപ്പമുള്ളവര്‍ പറയുന്നു. എന്നാല്‍ പ്രതിഷേധം ശക്തിപ്പെട്ടത് കാരണം നടപടി പിന്‍വലിക്കാന്‍ നേതൃത്വം നിര്‍ബന്ധിതരാകുകയായിരുന്നുവെന്ന് ഇദ്ദേഹവും അനുകൂലിക്കുന്നവരും പറയുന്നു. ഇസ്മാഈലിനെതിരെയുള്ള അച്ചടക്ക നടപടിയില്‍ നഗരസഭയിലെ പടിഞ്ഞാറന്‍ മേഖലയിലുള്ള യു ഡി എഫ് പ്രവര്‍ത്തകരും നേതാക്കളും ശക്തമായ പ്രതിഷേധവുമായി നേതൃത്വത്തെ സമീപിക്കുകയും നടപടി പിന്‍വലിച്ചില്ലെങ്കില്‍ ഈ മേഖലയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം സ്തംഭിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരാഴ്ചക്കുള്ളില്‍ തന്നെ നടപടി പിന്‍വലിക്കാന്‍ നേതൃത്വം നിര്‍ബന്ധിതരായതെന്ന് ഇസ്മാഈലും അനുകൂലിക്കുന്നവരും പറയുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മത്സര രംഗത്ത് നിന്ന് സി പി ഇസ്മാഈലിന് മുനിസിപല്‍ ലീഗ് കമ്മിറ്റി വിലക്ക് ഏര്‍പ്പെടുത്തിരുന്നു. അത് തന്നെ നേരിട്ട് അറിയിക്കാതെ സാമൂഹിക മാധ്യമങ്ങളിലും പ ത്രമാധ്യമങ്ങളിലും അറിയിച്ചതിലും ഡിവിഷന്‍ 37ല്‍ ഇദ്ദേഹത്തെ മത്സരിപ്പിക്കാതിരിക്കാന്‍ അദ്ദേഹം സെക്രട്ടറിയായ മഹല്ലില്‍ മോശമായ രീതിയില്‍ നേതൃത്വം സംസാരിച്ചതിലും അദ്ദേഹത്തിനെതിരെ വനിതാ ലീഗ് പരാതി നല്‍കി എന്ന തരത്തില്‍ വാര്‍ത്ത നല്‍കിയതിലും പ്രതിഷേധിച്ച് ഇസ്മാഈല്‍ റിബല്‍ സ്ഥാനാര്‍ഥിയായി മത്സര രംഗത്ത് വരികയായിരുന്നു. എന്നാല്‍ പിന്നീട് മത്സര രംഗത്ത് നിന്ന് പിന്മാറിയിരുന്നു. എന്നിട്ടും പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചതാണ് ഇവരെ ചൊടിപ്പിച്ചത്.
ആ നടപടിയാണ് കഴിഞ്ഞ ദിവസം പിന്‍വലിച്ചത്. അതേസമയം ഇസ്മാഈല്‍ ചെയ്ത തെറ്റായ നടപടികളില്‍ ദുഃഖം പ്രകടിപ്പിച്ച് മുസ് ലിം ലീഗ് മുനിസിപ്പല്‍ പാര്‍ലമെന്ററി ബോര്‍ഡ് കമ്മിറ്റിക്ക് രേഖാമൂലം കത്ത് തന്നതിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി പിന്‍വലിച്ചതെന്നും മുനിസിപ്പല്‍ ലീഗ് നേതാക്കള്‍ പറയുന്നു.
തിരൂരങ്ങാടിയില്‍ ലീഗ് സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യു ഡി എഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ പലയിടങ്ങളിലും ലീഗ് സ്ഥാനാര്‍ഥികള്‍ റിബലായി രംഗത്തുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗില്‍ രൂപപ്പെട്ട അസ്വാരസ്യം നേതൃത്വത്തിന് കടുത്ത തലവേദനയായി തുടരുകയാണ്.



