Kerala
രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവയ്ക്കണമെന്ന ആവശ്യം ശക്തം; നേതാക്കള്‍ കൂട്ടത്തോടെ രംഗത്ത്
പാര്‍ട്ടി പദവിയും എം എല്‍ എ സ്ഥാനവും നഷ്ടപ്പെട്ടാല്‍ പിന്നീട് തിരിച്ചു വരാന്‍ കഴിയില്ലെന്ന ഭയത്തിലാണ് രാഹുല്‍

തിരുവനന്തപുരം | ഗുരുതരമായ ലൈംഗിക പീഡന ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ശക്തമാകുന്നു. രാജി ആവശ്യം പരസ്യമായി ഉന്നയിച്ച് നേതാക്കള്‍ കൂട്ടത്തോടെ രംഗത്തുവരികയാണ്.
ഉചിതമായി തീരുമാനം ഉചിതമായ സമയത്തെന്നാണ് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കുന്നത്. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയാലും എം എല്‍ എ സ്ഥാനം രാജിവയ്ക്കില്ലെന്ന നിലപാടില്‍ രാഹുല്‍ ഉറച്ചു നില്‍ക്കുകയാണ്. രാഹുലിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി പ്രശ്‌നം അവസാനിപ്പിക്കണമെന്ന അഭിപ്രയവുമായി ചില രാഹുല്‍ അനുകൂലികളും പാര്‍ട്ടിക്കു മുന്നില്‍ എത്തിയിട്ടുണ്ട്.
തദ്ദേശ ഭരണ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ വിവാദം പാര്‍ട്ടിയെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശ പ്രകാരം നേതാക്കളുമായി സണ്ണി ജോസഫ് കൂടിയാലോചന തുടരുകയാണ്. പാര്‍ട്ടിയുടെ ഏക വനിതാ എം എല്‍ എയായ ഉമാ തോമസും വനിതാ നേതാക്കളും രാഹുല്‍ രാജി വേക്കണമെന്ന ആവശ്യവുമായി പരസ്യമായി രംഗത്തെത്തി. പൊതുരംഗത്ത് നിന്നടക്കം രാഹുല്‍ മാങ്കൂട്ടത്തില്‍ മാറി നില്‍ക്കണമെന്ന് ഷാനിമോള്‍ ഉസ്മാനും രാജി വേണമെന്ന് ബിന്ദു കൃഷ്ണയും ആവശ്യപ്പെട്ടു.
പ്രതിസന്ധി കടന്ന് തിളങ്ങുന്ന പ്രതിച്ഛായയുമായി പാര്‍ട്ടിയില്‍ തിരികെ വരമെന്ന നേതാക്കളുടെ ഉപാധി രാഹുല്‍ വിശ്വസിക്കുന്നില്ല. പാര്‍ട്ടി പദവിയും എം എല്‍ എ സ്ഥാനവും നഷ്ടപ്പെട്ടാല്‍ പിന്നീട് തിരിച്ചു വരാന്‍ കഴിയില്ലെന്ന ഭയത്തിലാണ് രാഹുല്‍. രാഹുലിന്റെ രാജി അനിവാര്യമെന്ന നേതാക്കളുടെ അഭിപ്രായത്തെ രാഹുല്‍ അംഗീകരിക്കാത്തതും അതിനാലാണ്. കൂടിയാലോചനകളില്‍ പ്രധാന നേതാക്കളെല്ലാം രാജി കൊണ്ടേ രക്ഷയുള്ളൂവെന്ന് നിലപാട് നേതൃത്വത്തെ അറിയിച്ചതോടെ എല്ലാ വഴികളുംഅടഞ്ഞ നിലയിലാണ് രാഹുല്‍. തീരുമാനം വൈകില്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞതോടെ രാഹുലിന്റെ മണിക്കൂറുകള്‍ എണ്ണപ്പെട്ടു എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇനിയും വെളിപ്പെടുത്തലുകള്‍ വന്നാല്‍ പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷതമുണ്ടാകുമെന്നതിനാല്‍ രാജി ആവശ്യപ്പെടണമെന്ന് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല, സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി നേതാവ് ദീപ ദാസ് മുന്‍ഷിയെയും സണ്ണി ജോസഫിനെയും അറിയിച്ചു. എത്രയും വേഗം രാജിവച്ചാല്‍ അത്രയും പാര്‍ട്ടിക്ക് നല്ലതെന്ന് അഭിപ്രായം മുന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ ഹൈക്കമാന്‍ഡിനെ അടക്കം അറിയിച്ചു. രാഹുല്‍ ഇനി ഒപ്പം വേണ്ടെന്ന് നിലപാടിലാണ് വി ഡി സതീശന്‍ എങ്കിലും അദ്ദേഹം കൂടുതല്‍ പ്രതികരണത്തിനു തയ്യാറായില്ല.
വിഴുപ്പ് ചുമക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ലെന്ന് ജോസഫ് വാഴക്കന്‍ തുറന്നടിച്ചു. മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യം പാര്‍ട്ടിയില്‍ ശക്തമാകുമ്പോഴും ഉപതെരഞ്ഞെടുപ്പ് സാധ്യതയെ നേതൃത്വം ഭയക്കുന്നു. രാജിക്കുമുമ്പ് ഉപതെരഞ്ഞെടുപ്പ് സാധ്യതയില്‍ കെ പി സി സി നിയമോപദേശം തേടിയിട്ടുണ്ട്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ എംഎല്‍ എ സ്ഥാനം രാജിവയ്ക്കുമെന്ന് അടുപ്പമുള്ള നേതാക്കളെ രാഹുല്‍ അറിയിച്ചിട്ടുണ്ട്. രാജിക്ക് വഴങ്ങുന്നില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് ആലോചന.