ramla beevi murder
പഴകുളം റംല ബീവി കൊലക്കേസിലെ പ്രതിക്ക് ജീവപര്യന്തം
25,000 രൂപ പിഴയും ശിക്ഷ

പത്തനംതിട്ട | പഴകുളം റംല ബീവി കൊലക്കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പഴകുളം പടിഞ്ഞാറ് യൂനുസ് മന്‍സിലില്‍ യൂസുഫിന്റെ ഭാര്യ റംല ബീവിയെ കൊന്ന് ആഭരണങ്ങള്‍ കവര്‍ന്നെടുത്ത കേസിലാണ് പ്രതി പത്തനംതിട്ട കുമ്പള കുലശേഖരപതി മൗതണ്ണന്‍ പുരയിടത്തില്‍ മുഹമ്മദ് ശിഹാബിനെ പത്തനംതിട്ട അഡീഷനല്‍ സെഷന്‍സ് കോടതി (നമ്പര്‍ നാല്) ജഡ്ജ് പൂജ പി പി ശിക്ഷ വിധിച്ചത്. 2013 മാര്‍ച്ച് 11നായിരുന്നു സംഭവം.
റംല ബീവിയുടെ ഭര്‍ത്താവുമായി മുന്‍പരിചയമുണ്ടായിരുന്ന പ്രതി പഴകുളത്തുള്ള വീട്ടിലെത്തി സ്വര്‍ണാഭരണങ്ങള്‍ ആവശ്യപ്പെടുകയും ആഭരണം കൊടുക്കാന്‍ വിസമ്മതിച്ചപ്പോള്‍ കഴുത്തിൽ കത്തികൊണ്ട് വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കവര്‍ന്നെടുത്ത സ്വര്‍ണാഭരണങ്ങള്‍ കൊലപാതകം നടന്ന ദിവസം പത്തനംതിട്ട കുമ്പഴയിലുള്ള കൊശമറ്റം ഫിനാന്‍സിലും പണിക്കന്റയ്യത്ത് ഫിനാന്‍സിലും പണയം വച്ചതായും പോലിസ് കണ്ടെത്തിയിരുന്നു.
മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നതും റംല ബീവിയുടെ രക്തസാമ്പിളുകള്‍ പ്രതിയുടെ വസ്ത്രത്തില്‍ കണ്ടെത്തിയതും പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയ തെളിവുകളില്‍പ്പെടുന്നു. അടൂര്‍ സി ഐ ആയിരുന്ന ടി മനോജ് അന്വേഷണം നടത്തി കോടതിയില്‍ ഹാജരാക്കിയ കേസില്‍ പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു. 92 പ്രമാണങ്ങളും ഹാജരാക്കി. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എസ് അജിത് പ്രഭാവ്, അഭിഭാഷകരായ ജിത്തു എസ് നായര്‍, യദു കൃഷ്ണന്‍, കെവിന്‍ ജെയിംസ്, എം എസ് മാളവിക, അഭിജിത്ത് എന്നിവര്‍ കോടതിയില്‍ ഹാജരായി.