Kerala
അടൂര്‍ സ്വദേശി ജോയലിന്റെ മരണം പോലീസ് മര്‍ദനം കാരണം; കൊലക്കുറ്റം ചുമത്തണമെന്ന് കുടുംബം
2020 ജനുവരി ഒന്നിനാണ് ജോയല്‍ അടൂര്‍ പോലീസിന്റെ ക്രൂര മര്‍ദനത്തിനിരയായത്. ചികിത്സയിലിരിക്കെ മെയ് 22ന് മരിച്ചു.

പത്തനംതിട്ട | അടൂര്‍ സ്വദേശി ജോയലിന്റെ മരണത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യവുമായി കുടുംബം. 2020 ജനുവരി ഒന്നിനാണ് ജോയല്‍ അടൂര്‍ പോലീസിന്റെ ക്രൂര മര്‍ദനത്തിനിരയായത്. ചികിത്സയിലിരിക്കെ മെയ് 22ന് മരിച്ചു. അടൂര്‍ സി ഐ ആയിരുന്ന യു ബിജുവിന്റെ നേതൃത്വത്തില്‍ പിതാവും ബന്ധുക്കളും നോക്കിനില്‍ക്കെയായിരുന്നു മര്‍ദനം.
ഡി വൈ എഫ് ഐ പ്രവര്‍ത്തകനായിരുന്ന ജോയലിനെ വാഹനം തട്ടിയത് സംബന്ധിച്ച തര്‍ക്കവുമായി ബന്ധപ്പെട്ടാണ് അടൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ച് സി ഐയുടെ നേതൃത്വത്തില്‍ അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു. സി ഐ. ബിജുവിനു പുറമേ ഷിജു പി സാം, ജയകുമാര്‍, ശ്രീകുമാര്‍, സുജിത്ത്, സുരേഷ് എന്നീ പോലീസുകാരും മര്‍ദിച്ചതായി കുടുംബം ആരോപിക്കുന്നു. സംഭവമറിഞ്ഞ് എത്തിയ പിതാവ് ജോയിക്കുട്ടിയെയും പിതൃ സഹോദരി കുഞ്ഞമ്മയെയും പോലീസ് മര്‍ദിച്ചതായി പരാതിയുണ്ട്. പിതൃസഹോദരി കുഞ്ഞമ്മയുടെ വയറ്റില്‍ സി ഐ. ബിജു ബൂട്ടിട്ട് തുടര്‍ച്ചയായി ചവിട്ടി. അവശനിലയിലായ കുഞ്ഞമ്മയെ പോലീസ് സ്റ്റേഷനില്‍ നിന്ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
മകനെ തല്ലുന്നത് കണ്ട് തടസ്സം പിടിക്കാന്‍ എത്തിയ പിതാവിനെ അസഭ്യവര്‍ഷത്തോടെയാണ് പോലീസ് മര്‍ദിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. മര്‍ദനത്തിനിടെ പലതവണ ജോയലിന്റെ തല ഭിത്തിയില്‍ ഇടിപ്പിച്ചു. മര്‍ദിച്ച് അവശനിലയിലാക്കി. ശേഷം പരാതിയില്ല എന്ന് എഴുതി വാങ്ങിച്ചാണ് വിട്ടയച്ചത്. മര്‍ദനത്തിനുശേഷം ജോയല്‍ സ്ഥിരമായി രക്തം ഛര്‍ദിച്ചിരുന്നു. കൂടാതെ മൂത്രത്തില്‍ രക്തവും പഴുപ്പും കാണുകയും ചെയ്തു. മൂന്നുമാസക്കാലം വിവിധ ആശുപത്രികളില്‍ ചികിത്സ നടത്തി. ഒടുവില്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മെയ് 22ന് ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചത്. തുടര്‍ന്ന് നിയമ പോരാട്ടം ആരംഭിച്ച കുടുംബത്തിന് പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായതായി ജോയലിന്റെ പിതാവ് ജോയ്കുട്ടി പറഞ്ഞു. രണ്ടാമത്തെ മകനും സമാന അനുഭവമുണ്ടാകുമെന്നും പോലീസ് ഭീഷണിപ്പെടുത്തി. മര്‍ദന ദിവസത്തെ സി സി ടി വി ദൃശ്യങ്ങള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ജോയലിനെ മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും സര്‍വീസില്‍ നിന്നും പിരിച്ചുവിടണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.