International
പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂന്‍ഖ്വയിലും ചാവേര്‍ സ്‌ഫോടനം; മൂന്നുപേര്‍ മരിച്ചു, രണ്ടുപേര്‍ക്ക് പരുക്ക്
മണിക്കൂറുകളുടെ ഇടവേളയിലാണ് രണ്ടാം സ്‌ഫോടനമുണ്ടായത്. ബലൂചിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രവിശ്യയാണ് ഖൈബര്‍ പഖ്തൂന്‍ഖ്വ.

ഇസ്ലാമാബാദ് | ബലൂചിസ്ഥാനു പിന്നാലെ പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂന്‍ഖ്വയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. മണിക്കൂറുകളുടെ ഇടവേളയിലാണ് രണ്ടാം സ്‌ഫോടനമുണ്ടായത്. ബലൂചിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രവിശ്യയാണ് ഖൈബര്‍ പഖ്തൂന്‍ഖ്വ.
നേരത്തെ, ബലൂചിസ്ഥാനിലുണ്ടായ വന്‍ ചാവേര്‍ സ്ഫോടനത്തില്‍ ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ 52 പേര്‍ കൊല്ലപ്പെട്ടിരുന്നു. 50 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്.
ബലൂചിസ്ഥാനിലെ മസ്തങ് പ്രവിശ്യയിലുള്ള ഒരു പള്ളിക്ക് സമീപം നബിദിനാഘോഷത്തിനായി ആളുകള്‍ തടിച്ചുകൂടിയിരുന്ന ഭാഗത്താണ് സ്ഫോടനമുണ്ടായത്. മസ്തങ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് നവാസ് ഗഷ്‌കോരിയും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഡ്യൂട്ടിയിലായിരുന്ന പോലീസുകാരന്‍ കാറില്‍ ഇരിക്കുന്ന സമയത്ത് ഇതിനടുത്തെത്തിയ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം.
ഇരു സ്ഫോടനങ്ങളുടെയും ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.