Connect with us

National

ഡാര്‍ജിലിങ് ഉരുള്‍പൊട്ടല്‍; മരണം 28 ആയി

കാണാതായ ആറുപേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. 24X7 കണ്‍ട്രോള്‍ റൂം തുറന്നു.

Published

|

Last Updated

കൊല്‍ക്കത്ത | പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 28 ആയി. കാണാതായ ആറുപേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത പേമാരിയാണ് ഡാര്‍ജിലിങിലും പരിസര പ്രദേശങ്ങളിലും ഒരു ദശകത്തിനിടെയുണ്ടായ ഏറ്റവും വലിയ ഉരുള്‍പൊട്ടലുകള്‍ക്ക് കാരണമായത്. നിരവധി വീടുകള്‍ ഒലിച്ചുപോകാനും റോഡുകള്‍ പിളരാനും, ഗ്രാമങ്ങള്‍ ഒറ്റപ്പെടാനും പ്രകൃതിക്ഷോഭം ഇടയാക്കി. 12 മണിക്കൂറിനിടയില്‍ 300 മില്ലിമീറ്റര്‍ മഴയാണ് ഡാര്‍ജിലിങ്, ജല്‍പായ്ഗുരി, കലിംപോങ് ജില്ലകളിലായി പെയ്തത്. വിനോദസഞ്ചാരികളായ ആയിരങ്ങളാണ് ഇവിടങ്ങളില്‍ കുടുങ്ങിപ്പോയത്. നിരവധി പേര്‍ ഭവനരഹിതരായി.

സര്‍സാലി, ജസ്ബിര്‍ഗാവോന്‍, മിരിക് ബസ്തി, ധര്‍ഗാവോന്‍, (മെചി), മിരിക് തടാക പ്രദേശം ജല്‍പായ്ഗുരി ജില്ലയിലെ നഗ്രകട്ട മേഖല എന്നിവിടങ്ങളില്‍ നിന്നാണ് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തതെന്ന് ദേശീയ ദുരന്ത നിവാരണ സേന (എന്‍ ഡി ആര്‍ എഫ്)യും ഡാര്‍ജിലിങ്, ജല്‍പായ്ഗുരി ജില്ലാ അധികൃതരും പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

സ്ഥിതിഗതികള്‍ വഷളായതിനു പിന്നാലെ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉന്നതതല യോഗം വിളിച്ചുചേര്‍ത്തു. സംസ്ഥാനത്ത് 24X7 കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

Latest