Uae
പൊതുഗതാഗത സൗകര്യങ്ങളുടെ നാശനഷ്ടങ്ങൾ വാട്‌സ്ആപ്പ് വഴി റിപ്പോർട്ട് ചെയ്യാം
വാട്‌സ്ആപ്പിലെ "മഹ്ബൂബ്' ചാറ്റ്‌ബോട്ട് വഴിയാണ് ഈ സേവനം ലഭ്യമാകുക.

ദുബൈ|പൊതുഗതാഗത സൗകര്യങ്ങൾ നശിപ്പിക്കപ്പെട്ടാൽ അത് റിപ്പോർട്ട് ചെയ്യാൻ ദുബൈയിലെ താമസക്കാർക്കും സന്ദർശകർക്കും പുതിയ സൗകര്യമൊരുക്കി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ ടി എ). വാട്‌സ്ആപ്പിലെ “മഹ്ബൂബ്’ ചാറ്റ്‌ബോട്ട് വഴിയാണ് ഈ സേവനം ലഭ്യമാകുക. റൈറ്റ്-ഓഫ്-വേ, നടപ്പാതകൾ, ബസ് ഷെൽട്ടറുകൾ, ട്രാഫിക് സിഗ്‌നലുകൾ, ദിശാസൂചന ചിഹ്നങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലുണ്ടാവുന്ന നാശനഷ്ടങ്ങൾ എളുപ്പത്തിൽ റിപ്പോർട്ട് ചെയ്യാൻ ഈ സംവിധാനം ഉപകരിക്കും. ഒരു ഫോട്ടോയെടുത്ത് നേരിട്ട് വാട്‌സ്ആപ്പ് വഴി അയക്കാൻ ഈ സേവനം ഉപയോക്താക്കളെ സഹായിക്കുമെന്ന് ആർ ടി എയുടെ കസ്റ്റമർ ഹാപ്പിനസ് ഡയറക്ടർ മീറ അൽ ശൈഖ് പറഞ്ഞു.
2025-ന്റെ ആദ്യ പകുതിയിൽ, മദീനതി സേവനത്തിലൂടെ ആർ ടി എയുടെ കോൾ സെന്ററിന് 6,525 റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. ദുബൈയുടെ നഗര പ്രതിച്ഛായ സംരക്ഷിക്കുന്നതിൽ പൊതുജനങ്ങളും ആർ ടി എയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ ഈ റിപ്പോർട്ടിംഗ് സംവിധാനം പ്രധാന പങ്ക് വഹിക്കുന്നു. കൂടാതെ, പൊതുഗതാഗത സൗകര്യങ്ങളെക്കുറിച്ചുള്ള നിർദേശങ്ങൾ നൽകാനും ഈ പ്ലാറ്റ്ഫോം ഉപയോഗിക്കാം. സ്മാർട്ട്, സുസ്ഥിര നഗരമെന്ന ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനായുള്ള ആർ ടി എയുടെ 2024-2030 പ്ലാനിന്റെ ഭാഗമാണിത്.