National
കനത്ത മഴയെ തുടര്‍ന്ന് ഡാം തുറന്നു; കുത്തൊഴുക്കില്‍ 50 കിലോമീറ്ററോളം ഒഴുകിപ്പോയ 65കാരിയെ രക്ഷിച്ചു
കനത്തമഴയില്‍ നദി നിറഞ്ഞു കവിയുകയും ഡാം തുറന്നുവിടുകയും ചെയ്തതോടെ നദിയിലെ കുത്തൊഴുക്ക് രൂക്ഷമാകുകയും വയോധിക ഒലിച്ചുപോകുകയുമായിരുന്നു

കൊല്‍ക്കത്ത | കനത്ത മഴയെ തുടര്‍ന്ന് ഡാം തുറന്നുവിട്ടപ്പോഴുള്ള കുത്തൊഴുക്കില്‍ അന്‍പത് കിലോമീറ്ററോളം ദൂരം ഒലിച്ചുപോയ വയോധികയെ അത്ഭുതകരമായി രക്ഷപ്പെടത്തി . പശ്ചിമ ബംഗാളിലെ ദാമോദര്‍ നദിയിലാണ് 65 വയസുകാരിയായ മതൂരി ടുഡു ഒലിച്ചുപോയത്. പുര്‍ബ ബര്‍ദാന്‍ ജില്ലയിലെ ജക്ത ഗ്രാമത്തില്‍ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.
കനത്ത മഴ തുടര്‍ന്നതോടെയാണ് അധികൃതര്‍ ഡാമിലെ വെള്ളം തുറന്നുവിട്ടത്. ഇതറിയാതെ ദാമോദര്‍ നദിയില്‍ കുളിക്കാനായി പോയതായിരുന്നു മതൂരി. കനത്തമഴയില്‍ നദി നിറഞ്ഞു കവിയുകയും ഡാം തുറന്നുവിടുകയും ചെയ്തതോടെ നദിയിലെ കുത്തൊഴുക്ക് രൂക്ഷമാകുകയും വയോധിക ഒലിച്ചുപോകുകയുമായിരുന്നു
പോലീസും ഗ്രാമവാസികളും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ 50കിലമീറ്ററോളം ദൂരം ഒലിച്ചുപോയ വയോധികയെ കരയ്ക്കെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ സമീപത്തെ ആശുപത്രിയിലെത്തിക്കുകയും വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായും നാട്ടുകാര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ എത്തും വരെ താന്‍ എങ്ങനെയോ ഒരിടത്ത് പിടിച്ചുനിന്നുവെന്ന് മതൂരി പിന്നീട് പറഞ്ഞു