Connect with us

siraj editorial

ആശുപത്രികളില്‍ ദളിത്, മുസ്‌ലിം വിവേചനം

സര്‍ക്കാര്‍ ഓഫീസുകളില്‍, കലാലയങ്ങളില്‍, ഹോട്ടലുകളില്‍, ബാര്‍ബര്‍ ഷോപ്പുകളില്‍ തുടങ്ങി ജീവിതത്തിന്റെ പല മേഖലകളിലും ജുഡീഷ്യറിയില്‍ പോലും കീഴാള വര്‍ഗം നേരിടുന്ന വിവേചനത്തിന്റെയും തൊട്ടുകൂടായ്മകളുടെയും കഥകള്‍ നിരന്തരം കേള്‍ക്കാറുണ്ട്. ഇതിന്റെ ഭാഗമാണ് ചികിത്സാ രംഗത്ത് ഇവര്‍ നേരിടുന്ന വിവേചനവും

Published

|

Last Updated

ചികിത്സാ മേഖലയില്‍ ദളിതുകള്‍ അനുഭവിക്കുന്ന കടുത്ത വിവേചനത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് രണ്ട് ദിവസം മുമ്പ് പുറത്തുവന്ന ഓക്‌സ്ഫാം ഇന്ത്യയുടെ സര്‍വേ റിപ്പോര്‍ട്ട്. പട്ടിക വര്‍ഗക്കാരില്‍ 22ഉം പട്ടിക ജാതിക്കാരില്‍ 21ഉം മറ്റു പിന്നാക്ക വിഭാഗങ്ങളില്‍ 15ഉം ശതമാനം ആശുപത്രികളില്‍ വിവേചനം നേരിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ദളിതന്റെ കൈയില്‍ തൊട്ടുകൊണ്ട് നാഡീമിടിപ്പ് പരിശോധിക്കാന്‍ പല ഡോക്ടര്‍മാരും വിമുഖത കാട്ടുന്നു. ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരോട് രോഗവിവരം കൃത്യമായി വിശദീകരിക്കാനും അവര്‍ തയ്യാറാകുന്നില്ല. ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ രോഗികളുമായി ഇടപഴകുമ്പോള്‍, സമൂഹത്തില്‍ നിലവിലുള്ള പല മുന്‍വിധികളും അതേപടി പ്രതിഫലിക്കുന്നതായി ഓക്‌സ്ഫാം ഇന്ത്യയുടെ അസമത്വം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുടെ ചുമതലയുള്ള അഞ്ജല തനേജ പറയുന്നു.

ഇന്ത്യന്‍ മുസ്‌ലിംകളില്‍ മൂന്നിലൊന്നും (33 ശതമാനം) ആശുപത്രികളില്‍ വിവേചനം നേരിടുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. 2018ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തയ്യാറാക്കിയ രോഗികളുടെ അവകാശങ്ങള്‍ സംബന്ധിച്ച മാര്‍ഗരേഖ എത്രമാത്രം നടപ്പാക്കുന്നുവെന്ന് വിലയിരുത്താനാണ് സര്‍ക്കാറിതര സന്നദ്ധ സംഘടനയായ ഓക്‌സ്ഫാം ഇന്ത്യ സര്‍വേ സംഘടിപ്പിച്ചത്. മാര്‍ഗരേഖ കൃത്യമായി നടപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി 2019 ജൂണില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയതാണ.് ഇത് കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംവിധാനമൊരുക്കണമെന്നും രോഗികളുടെ അവകാശം സംബന്ധിച്ച മാര്‍ഗരേഖ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ ഉള്‍പ്പെടുത്തണമെന്നും ഓക്‌സ്ഫാം ഇന്ത്യ നിര്‍ദേശിക്കുന്നു.
ഇന്ത്യയിലെ കീഴാളവര്‍ഗം കടുത്ത വിവേചനമാണ് സര്‍വ മേഖലകളിലും നേരിടുന്നത്. ചാതുര്‍വര്‍ണ്യത്തിനു പുറത്തുള്ളവരെയെല്ലാം അടിമകള്‍ മാത്രമായി കാണുന്ന, ദളിതനെ മനുഷ്യനായി പോലും കാണാന്‍ കൂട്ടാക്കാത്ത, അവന്റെ നിഴല്‍ പോലും അസഹനീയമായി കാണുന്നവരാണ് ഉന്നത ജാതിക്കാരില്‍ നല്ലൊരു പങ്കും. സര്‍ക്കാര്‍ ഓഫീസുകളില്‍, കലാലയങ്ങളില്‍, ഹോട്ടലുകളില്‍, ബാര്‍ബര്‍ ഷോപ്പുകളില്‍ തുടങ്ങി ജീവിതത്തിന്റെ പല മേഖലകളിലും ജുഡീഷ്യറിയില്‍ പോലും കീഴാള വര്‍ഗം നേരിടുന്ന വിവേചനത്തിന്റെയും തൊട്ടുകൂടായ്മകളുടെയും കഥകള്‍ നിരന്തരം കേള്‍ക്കാറുണ്ട്. ഇതിന്റെ ഭാഗമാണ് ചികിത്സാ രംഗത്ത് ഇവര്‍ നേരിടുന്ന വിവേചനവും. ചികിത്സ തേടിയെത്തുന്ന കീഴാള വര്‍ഗക്കാരെ ചികിത്സ നടത്താതെ മടക്കി അയക്കുകയോ അവഗണിക്കുകയോ ചെയ്യുന്ന സംഭവങ്ങള്‍ ധാരാളം. 2018 ഫെബ്രുവരിയില്‍ ഗുരുതര രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട നിലമ്പൂര്‍ പൂക്കാട്ടുപാടം ചേലോട് കോളനിയിലെ കണ്ടന്‍ എന്ന വയോധികന്‍ മരണപ്പെട്ടത് ആശുപത്രി അധികൃതര്‍ മതിയായ ചികിത്സ നല്‍കാത്തതു കൊണ്ടാണെന്നാണ് പറയപ്പെടുന്നത്. സാധാരണ രോഗികള്‍ക്ക് ലഭിക്കുന്ന ഒരു പരിഗണനയും ആദിവാസി ആയത് കൊണ്ട് തങ്ങള്‍ക്കു ലഭിച്ചില്ലെന്നാണ് കണ്ടന്റെ ബന്ധുക്കള്‍ പറയുന്നത്.

ചികിത്സക്കെത്തുന്ന ദളിതര്‍ മാത്രമല്ല, ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഉയര്‍ന്ന ഡോക്ടര്‍മാര്‍ അടക്കമുള്ള പിന്നാക്ക ജാതിക്കാരും വിവേചനത്തിനിരയാകുന്നുണ്ട് ആശുപത്രികളില്‍. 2010ല്‍ തമിഴ്‌നാട്ടിലെ മധുര മെഡിക്കല്‍ കോളജില്‍ ഓര്‍ത്തോപീഡിക്-ട്രോമറ്റോളജി വിഭാഗത്തിന്റെ തലവനായി ചാര്‍ജെടുത്ത ഡോ. പുകഴേന്തി ദളിത് വംശജനായതിന്റെ പേരില്‍ മറ്റു ഡോക്ടര്‍മാരില്‍ നിന്നേറ്റ വിവേചനത്തിന്റെയും അവഗണനയുടെയും പരിഹാസ്യത്തിന്റെയും കഥകള്‍ അദ്ദേഹം തന്നെ മാധ്യമങ്ങളോട് വിവരിച്ചതാണ്. ചെന്നൈയില്‍ നിന്ന് 150 കി.മീറ്റര്‍ അകലെയുള്ള കഡലൂരിലെ ജനറല്‍ ആശുപത്രിയില്‍ ഇരുപതോളം ദളിത് ഡോക്ടര്‍മാര്‍ സവര്‍ണ വിഭാഗത്തില്‍പ്പെട്ട ഡോക്ടര്‍മാരില്‍ നിന്നും ജീവനക്കാരില്‍ നിന്നും ഡോ. പുകഴേന്തിയുടേതിനു സമാനമായ പീഡനങ്ങള്‍ അനുഭവിക്കുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു. ഇവരെ സ്വന്തം ജാതിക്കാരെയല്ലാതെ, ഉന്നത ജാതിയില്‍ പെട്ട രോഗികളെ ചികിത്സിക്കാന്‍ അനുവദിച്ചിരുന്നില്ലത്രെ.

ചികിത്സാ രംഗത്തെ മുസ്‌ലിം വിവേചനത്തിന്റെ കഥകള്‍ മാധ്യമങ്ങള്‍ പലപ്പോഴും പുറത്തു കൊണ്ടുവന്നതാണ്. ഗുജറാത്തിലെ അഹമ്മദാബാദ് മെഡിക്കല്‍ കോളജില്‍ കൊവിഡ് ചികിത്സക്ക് മുസ്‌ലിംകള്‍ക്കും ഹൈന്ദവര്‍ക്കും പ്രത്യേക വാര്‍ഡുകളായിരുന്നു സജ്ജീകരിച്ചിരുന്നത്. 1,200 ബെഡുകളുള്ള ആശുപത്രിയില്‍ മതം തിരിച്ച് ചികിത്സ നല്‍കുന്ന വിവരം ആശുപത്രി സൂപ്രണ്ട് ഡോ. ഗണവന്ദ് എച്ച് റാത്തോഡിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യം രോഗികളും സാക്ഷ്യപ്പെടുത്തുകയുണ്ടായി. ഇങ്ങനെയൊരു വിവേചനമെന്തിനെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരമെന്നായിരുന്നു സൂപ്രണ്ടിന്റെ മറുപടി.
സംഭവത്തില്‍ യു എസ് കമ്മീഷന്‍ ആശങ്ക പ്രകടിപ്പിക്കുകയും രാജ്യത്ത് മുസ്‌ലിംകള്‍ നേരിടുന്ന വിവേചനം വര്‍ധിപ്പിക്കാനേ ഇത്തരം സംഭവങ്ങള്‍ ഉപകരിക്കുകയുള്ളൂവെന്ന് ചൂണ്ടിക്കാട്ടുകയുമുണ്ടായി. രാജസ്ഥാന്‍ സര്‍ദര്‍ഷഹറിലെ ശ്രീചന്ദ് ബരാദിയ റോഗ് നിദാന്‍ കേന്ദ്ര ആശുപത്രിയിലെ ജീവനക്കാര്‍ മുസ്‌ലിംകളെ ചികിത്സിക്കുന്നതുമായി ബന്ധപ്പെട്ടു നടത്തിയ വാട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റിംഗ് വിവാദമായതാണ്. “നാളെ മുതല്‍ ഞാന്‍ മുസ്‌ലിം രോഗികളുടെ എക്സ്റേ ചെയ്യില്ല’ എന്നായിരുന്നു ഒരു ജീവനക്കാരന്റെ ചാറ്റ്. “മുസ്‌ലിം രോഗികളുടെ അടുത്തേക്ക് പോകുന്നത് നിര്‍ത്തണം. ഞാന്‍ മുസ്‌ലിം ഒ പി ഡിയില്‍ പങ്കെടുക്കില്ല. മാഡം ഇവിടെയില്ലെന്ന് അവരോട് പറയു’മെന്നാണ് മറ്റൊരാളുടെ ചാറ്റ്. അബദ്ധത്തിലാണ് ഈ ചാറ്റിംഗ് പുറത്തായതെന്നാണ് സര്‍ദര്‍ഷാര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ രമേശ് പന്നു മാധ്യമങ്ങളെ അറിയിച്ചത്. ആശുപത്രി ജീവനക്കാരില്‍ പലരുടെയും മുസ്‌ലിം വിരോധം എത്ര തീവ്രമാണെന്ന് ഈ സന്ദേശങ്ങള്‍ വ്യക്തമാക്കുന്നു. കുറ്റക്കാരെ കണ്ടെത്തി കര്‍ശന നിയമനടപടി സ്വീകരിക്കുന്നതിനു പകരം അധികൃതര്‍ വിദ്വേഷ പ്രചാരകരെയും വര്‍ഗീയവാദികളെയും സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നതു കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് വര്‍ധിച്ചു വരുന്നത്.