local body election 2025
മൂവാറ്റുപുഴ നഗരസഭയിൽ കൗതുകമായി സ്ഥാനാർഥികള്‍ക്കിടയിലെ സൗഹൃദം
സ്ഥാനാർഥികള്‍ക്കിടയിലെ സൗഹൃദം കൗതുകവും മാതൃകയുമാവുകയാണ്.
മൂവാറ്റുപുഴ | ബൂത്തുകള്‍ സജീവമായതോടെ മുന്നണികളും പ്രവര്‍ത്തകരും വോട്ടുകള്‍ തങ്ങളുടെ പെട്ടിയില്‍ ഉറപ്പിക്കാന്‍ വാശിയില്‍ മത്സരിക്കുമ്പോള്‍, സ്ഥാനാർഥികള്‍ക്കിടയിലെ സൗഹൃദം കൗതുകവും മാതൃകയുമാവുകയാണ്.
മൂവാറ്റുപുഴ നഗരസഭ പേട്ട വാര്‍ഡിലെ എൽ ഡി എഫ് സ്ഥാനാർഥി പി എച്ച് ബുഷറയും യു ഡി എഫ് സ്ഥാനാർഥി ടി ഇ ഷബീനയും എൻ ഡി എ സ്ഥാനാർഥി അനില എന്നിവരാണ് കടുത്ത മത്സരത്തിനിടയിലും പരസ്പരം സൗഹൃദം കാത്തുസൂക്ഷിക്കുന്നത്.
സ്ഥാനാർഥി നിര്‍ണയം നടന്നതോടെ തങ്ങളുടെ ദീര്‍ഘകാല സൗഹൃദം തകരുമോ എന്ന ആശങ്കയിലായിരുന്നു മൂവരുമെന്ന് ഇവര്‍ തുറന്നുപറയുന്നു.
“മത്സരം മത്സരമാണ്, സൗഹൃദം സൗഹൃദവും. ഞങ്ങളുടെ ബന്ധം രാഷ്ട്രീയത്തിന് അപ്പുറമാണ്.’ അവര്‍ ഒരേ സ്വരത്തില്‍ പറയുന്നു. ബൂത്തിന് പുറത്ത് സൗഹൃദച്ചിരിയോടെ നില്‍ക്കുന്ന സ്ഥാനാർഥികളുടെ ചിത്രം പുതിയ തലമുറക്ക് രാഷ്ട്രീയ മര്യാദയുടെ മികച്ച പാഠമാണ്.കടുത്ത മത്സരം നടക്കുമ്പോഴും സ്ഥാനാർഥികള്‍ തമ്മില്‍ നിലനിര്‍ത്തുന്ന ഈ സൗഹൃദം, ജനാധിപത്യ പ്രക്രിയയുടെ മനോഹാരിത വർധിപ്പിക്കുന്നു എന്ന കാര്യത്തില്‍ വോട്ടര്‍മാര്‍ക്കിടയില്‍ തര്‍ക്കമില്ല.


