Connect with us

From the print

അന്ത്യമില്ലാതെ ക്രൂരത , സഹായ നിഷേധം ധാർമിക അനീതി

റഫയിലും ഖാൻ യൂനുസിലും ബോംബാക്രമണം; കുഞ്ഞുങ്ങളുൾപ്പെടെ നിരവധി മരണം

Published

|

Last Updated

ഗസ്സാ സിറ്റി | ഗസ്സയിലേക്കുള്ള അടിസ്ഥാന ആവശ്യങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നത് ധാർമിക അനീതിയെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഈജിപ്തിലെ വടക്കൻ സിനായിലെ അൽ അരിഷിൽ എത്തിയ അദ്ദേഹം കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീനികൾ ചികിത്സയിൽ കഴിയുന്ന ആശുപത്രി സന്ദർശിക്കും. സഹായത്തിനുള്ള പ്രവേശന പോയിന്റുകളിലൊന്നായ റഫാ അതിർത്തിയുടെ ഈജിപ്ഷ്യൻ ഭാഗത്ത് യു എൻ മാനുഷിക പ്രവർത്തകരെ യു എൻ മേധാവി കാണുമെന്നാണ് പ്രതീക്ഷ.

യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ ഗസ്സ-ഈജിപ്ത് അതിർത്തി ഗുട്ടെറസ് സന്ദർശിച്ചിരുന്നു. തെക്കൻ ഗസ്സാ നഗരമായ റഫയിൽ വലിയ തോതിൽ സൈനിക നടപടി ആരംഭിക്കുമെന്ന് ഇസ്റാഈൽ ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് സന്ദർശനം. ഗസ്സയിലേക്ക് സഹായം എത്തിക്കുന്നതിനായി ഏകദേശം 7,000 ട്രക്കുകൾ നോർത്ത് സിനായിൽ കാത്തുകിടക്കുന്നുണ്ടെന്ന് റീജ്യനൽ ഗവർണർ മുഹമ്മദ് ഷുഷ പറഞ്ഞു. എന്നാൽ ഇസ്റാഈൽ ആവശ്യപ്പെട്ട പരിശോധനാ നടപടിക്രമങ്ങൾ മൂലം ഇവ അതിർത്തികളിൽ കുടുങ്ങിക്കിടക്കുകയാണ്- ഷൂഷ പ്രസ്താവനയിൽ പറയുന്നു.

അതിനിടെ റഫയിലും ഖാൻ യൂനുസിലും ഇസ്റാഈൽ നടത്തിയ ബോംബാക്രമണത്തിൽ കുഞ്ഞുങ്ങളുൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു. തെക്കൻ ഗസ്സയിലുടനീളം സൈന്യം രൂക്ഷ ആക്രമണമാണ് നടത്തുന്നത്. റഫ നഗരത്തിലെ കെട്ടിടങ്ങൾക്കു നേരെ നടന്ന ആക്രമണത്തിൽ അഞ്ച് കുട്ടികളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 72 പേർക്ക് ജീവൻ നഷ്ടമാകുകയും 114 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
അതേസമയം, അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പുതിയ പ്രമേയത്തിന്മേൽ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിൽ വോട്ടെടുപ്പ് നാളെ വരെ മാറ്റി വെച്ചതായി എ എഫ് പി റിപോർട്ട് ചെയ്തു. 1.5 ദശലക്ഷം ഫലസ്തീനികൾ അഭയം പ്രാപിച്ച തെക്കൻ റഫയിലെ ആസൂത്രിത കര ആക്രമണം തടയാനുള്ള വാഷിംഗ്ടണിന്റെ അഭ്യർഥന ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിരസിച്ചതിനാൽ യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പശ്ചിമേഷ്യയിൽ നിന്ന് മടങ്ങിപ്പോയിരുന്നു.

ഇസ്റാഈൽ ലക്ഷ്യസ്ഥാനങ്ങളിൽ തങ്ങളുടെ പോരാളികൾ ഒന്നിലധികം ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്ന് ഹിസ്ബുല്ല എക്സിൽ പറഞ്ഞു. ലബനാൻ-ഇസ്റാഈൽ അതിർത്തിക്ക് സമീപമുള്ള ഇസ്റാഈൽ സൈന്യത്തിന്റെ ബാരക്കുകൾക്കു നേരെ പീരങ്കി ഷെല്ലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി സംഘം പറഞ്ഞു.നേരത്തേ, തെക്കൻ ലബനാനിൽ ഇസ്റാഈൽ രണ്ട് പീരങ്കി ആക്രമണങ്ങൾ നടത്തിയതായി ലബനീസ് സ്റ്റേറ്റ് മീഡിയ റിപോർട്ട് ചെയ്തു.
ഗസ്സാ സിറ്റിയിലെ കുവൈത്ത് റൗണ്ട് എബൗട്ടിൽ ഫലസ്തീനികൾ ഇസ്റാഈൽ വ്യോമാക്രമണത്തിന് ഇരയായതായി അൽ ജസീറ റിപോർട്ട് ചെയ്തു. സെൻട്രൽ ഗസ്സാ മുനമ്പിലെ ദേർ അൽ-ബലാഹിന് കിഴക്ക് അബു മിറി റൗണ്ട് എബൗട്ടിൽ നടന്ന ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അൽ-ശിഫ ആശുപത്രിയിലെ തുടർച്ചയായ റെയ്ഡിന് അമേരിക്കൻ ഭരണകൂടവും അന്താരാഷ്ട്ര സമൂഹവും ഉത്തരവാദികളാണെന്ന് ഗസ്സാ ഭരണകൂടം പറയുന്നു.

വെസ്റ്റ് ബാങ്കിൽ 15 ഫലസ്തീനികളെ ഇസ്റാഈൽ സൈന്യം അറസ്റ്റ് ചെയ്തതായി ഫലസ്തീൻ പ്രിസണേഴ്‌സ് സൊസൈറ്റി അറിയിച്ചു. ഹെബ്രോൺ, റാമല്ല, ബെത്‌ലഹേം, തുബാസ്, നബ്‌ലസ്, ജറൂസലം ഗവർണറേറ്റുകളിലാണ് അറസ്റ്റ് നടന്നത്. ഇതോടെ ഒക്‌ടോബർ ഏഴ് മുതൽ അറസ്റ്റിലായവരുടെ എണ്ണം 7,740 ആയെന്ന് അഭിഭാഷക സംഘം അറിയിച്ചു. അതേസമയം, ഗസ്സാ യുദ്ധത്തിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 136 ആയതായി സർക്കാർ മാധ്യമ ഓഫീസ് അറിയിച്ചു.
ഗസ്സാ സിറ്റിയിലെ അൽ-ശിഫ ആശുപത്രിക്ക് ചുറ്റും ഇസ്റാഈൽ സൈന്യം കെട്ടിടങ്ങൾക്കു തീയിട്ടു. പ്രദേശമാകെ യുദ്ധമേഖലയായി മാറിയിരിക്കുകയാണെന്ന് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി.

അതിനിടെ, നിരായുധരായി റോഡിലൂടെ നടന്നു പോകുകയായിരുന്ന നാല് ഫലസ്തീനികളെ ഇസ്റാഈൽ ഡ്രോൺ പിന്തുടർന്ന് കൊലപ്പെടുത്തി. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ അൽ ജസീറ അടക്കമുള്ള ചാനലുകൾ പുറത്തുവിട്ടു. വംശഹത്യ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ഇസ്റാഈലിനോട് ഉത്തരവിട്ടതിനു പിന്നാലെ, ഇക്കഴിഞ്ഞ ഫെബ്രുവരി ആദ്യവാരമാണ് സംഭവം. തെക്കൻ ഗസ്സയിലെ ഖാൻ യൂനുസ് അൽ-സെക്കയിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. ഗസ്സയിൽ തകർന്നു വീണ ഇസ്റാഈൽ ഡ്രോണിൽ നിന്നാണ് ഇതിന്റെ ദൃശ്യങ്ങൾ ലഭിച്ചതെന്ന് റിപോർട്ടിലുണ്ട്. നാല് പേർ റോഡിലൂടെ ന ടക്കുന്നതിനിടെയായിരുന്നു ആക്രമണം. രണ്ട് പേർ തത്‌ക്ഷണം മരിച്ചു. മറ്റുള്ളവർ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നടന്ന രണ്ടാമത്തെ ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെടുകയും പരുക്കേറ്റ നാലാമത്തെയാളെ വീണ്ടും മിസൈലയച്ച് കൊല്ലുന്നതും ദൃശ്യങ്ങളിൽ കാണാം. ഒക്ടോബർ ഏഴ് മുതൽ ഇസ്റാഈൽ നടത്തിയ ആക്രമണങ്ങളിൽ 32,142 ഫലസ്തീനികൾ കൊല്ലപ്പെടുകയും 74,412 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Latest