Connect with us

Kerala

സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് അവസാനിക്കും; വിമര്‍ശങ്ങള്‍ക്ക് മുഖ്യമന്ത്രി നേരിട്ട് മറുപടി പറയും

തദ്ദേശ, ആരോഗ്യ, പൊതുമരാമത്ത് വകുപ്പുകള്‍ക്കെതിരെയാണ് പ്രധാനമായും കഴിഞ്ഞ ദിവസങ്ങളില്‍ വിമര്‍ശനമുണ്ടായത്.

Published

|

Last Updated

തിരുവനന്തപുരം | സിപിഎം സംസ്ഥാന സമിതി യോഗത്തിന് ഇന്ന് പരിസമാപ്തിയാകും.യോഗത്തില്‍ സര്‍ക്കാറിനെതിരെ അംഗങ്ങള്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് ഇന്ന് നേതൃത്വത്തിന്റെ മറുപടിയുണ്ടായേക്കും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള നടപടികളും നിര്‍ദ്ദേശങ്ങളും ഇന്നത്തെ യോഗത്തില്‍ മുന്നോട്ട് വച്ചേക്കും. സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്നായിരുന്നു സമിതിയിലെ വിലയിരുത്തല്‍. തദ്ദേശ, ആരോഗ്യ, പൊതുമരാമത്ത് വകുപ്പുകള്‍ക്കെതിരെയാണ് പ്രധാനമായും കഴിഞ്ഞ ദിവസങ്ങളില്‍ വിമര്‍ശനമുണ്ടായത്.

ഉദ്യോഗസ്ഥ ഭരണവും, പോലീസ് വീഴ്ച ആവര്‍ത്തിക്കുന്നതും പ്രധാന പ്രശ്‌നമാണെന്നും യോഗത്തില്‍ നേതാക്കള്‍ വിലയിരുത്തി. വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇന്ന് നേരിട്ട് മറുപടി പറഞ്ഞേക്കും. മന്ത്രിമാര്‍ക്കെതിരെയും വിമര്‍ശനമുണ്ട്. ഇതെല്ലാം പരിഹരിക്കാന്‍ ശക്തമായ ഇടപെടല്‍ വേണമെന്നും ആവശ്യമുയര്‍ന്നു. ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഏകോപനകുറവുണ്ടായി എന്നും വിമര്‍ശനം ഉയര്‍ന്നു.

പ്രവര്‍ത്തന മികവില്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ അടുത്തെങ്ങും നിലവിലുള്ള മന്ത്രിമാര്‍ എത്തുന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നു. സ്വന്തമായി തീരുമാനമെടുക്കാതെ എല്ലാം മുഖ്യമന്ത്രിക്ക് വിടുകയാണ് ചില മന്ത്രിമാര്‍. പല മന്ത്രിമാരെയും ഫോണ്‍ വിളിച്ചാല്‍ കിട്ടില്ലെന്നും വിമര്‍ശനമുണ്ടായി.

 

Latest