Connect with us

Kerala

സിപിഎം കൗണ്‍സിലര്‍ക്ക് ആശുപത്രി വിടാനായില്ല; കോട്ടയം നഗരസഭ അധ്യക്ഷസ്ഥാനം യുഡിഎഫ് തിരിച്ചു പിടിച്ചു

യുഡിഎഫ് പ്രതീക്ഷിച്ച പോലെ 22 വോട്ടുകള്‍ സ്ഥാനാര്‍ഥി ബിന്‍സി സെബാസ്റ്റ്യന് ലഭിച്ചു

Published

|

Last Updated

കോട്ടയം |  കോട്ടയം നഗരസഭ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അപ്രതീക്ഷിത വിജയം. അംഗങ്ങളുടെ എണ്ണം തുല്യമായതിനാല്‍ എല്‍ഡിഎഫിനും യുഡിഎഫിനും കിട്ടുന്ന വോട്ടുകളും തുല്യമാകുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലായ സിപിഎം കൗണ്‍സിലര്‍ മനോജ് വോട്ടെടുപ്പിന് ഹാജരാവാതിരുന്നതോടെ യുഡിഎഫ് സ്ഥാനാര്‍ഥി ബിന്‍സി സെബാസ്റ്റ്യന്‍ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

യുഡിഎഫ് പ്രതീക്ഷിച്ച പോലെ 22 വോട്ടുകള്‍ സ്ഥാനാര്‍ഥി ബിന്‍സി സെബാസ്റ്റ്യന് ലഭിച്ചു. ആശുപത്രിയില്‍ തുടരണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതോടെയാണ് മനോജിന് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത്. തുടര്‍ന്ന് വോട്ടെടുപ്പില്‍ യുഡിഎഫിന് 22ഉം എല്‍ഡിഎഫിന് 21ഉം വോട്ടുകളും ലഭിച്ചു. ആദ്യഘട്ടത്തില്‍ എട്ട് വോട്ട് കിട്ടിയ ബിജെപി സ്ഥാനാര്‍ഥിയെ മാറ്റി നിര്‍ത്തി നടത്തിയ രണ്ടാം ഘട്ടവോട്ടെടുപ്പിലാണ് യുഡിഎഫ് വിജയം ഉറപ്പാക്കിയത്.

സെപറ്റംബര്‍ 24 ന് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ ബിജെപി പിന്തുണച്ചതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. അന്ന് അധ്യക്ഷയായിരുന്ന ബിന്‍സി സെബാസ്റ്റ്യന്‍ തന്നെ ഇപ്പോള്‍ മത്സരിച്ച് ജയിക്കുകയായിരുന്നു.52 അംഗ കോട്ടയം നഗരസഭയില്‍ 22 സീറ്റുകള്‍ എല്‍ഡിഎഫിനാണ്.