covid in india
കൊവിഡ്: കേരളമുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
വാക്സിനേഷന്‍, ടെസ്റ്റിംഗ്, നിരീക്ഷണം ശക്തമാക്കണമെന്ന്

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് കേസുകള്‍ ഒരിടവേളക്ക് ശേഷം വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി. കേരളത്തിന് പുറമെ മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ക്കാണ് നടപടികള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയത്.
രാജ്യത്ത് മൂന്ന് മാസത്തിന് ശേഷം പ്രതിധിന കൊവിഡ് കേസ് 4000ത്തിന് മുകളിലെത്തി. ഇന്നലെ 4003 കേസുകളും 26 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ചില സംസ്ഥാനങ്ങളിലെ കൊവിഡ് കേസുകളിലെ വര്‍ധനയാണ് രാജ്യത്തെ കൊവിഡ് വര്‍ധനയ്ക്ക് കാരണമെന്നും ഇത്ര നാള്‍ കൊവിഡിനെതിരായി ഉണ്ടാക്കിയ മുന്നേറ്റം നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ ഏപ്രില്‍ 18ന് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ കത്തിലെ നിര്‍ദേശങ്ങള്‍ അനുസരിച്ച് വാക്സിനേഷന്‍, ടെസ്റ്റിംഗ്, നിരീക്ഷണം തുടങ്ങിയവ കര്‍ശനമായി പാലിക്കണമെന്ന് രാജേഷ് ഭൂഷന്‍ കൂട്ടിച്ചേര്‍ത്തു.