Connect with us

COVID DEATH

കൊവിഡ് മരണം മാനദണ്ഡം മാറ്റി

മുപ്പത് ദിവസത്തിനുള്ളിലെ മരണവും പട്ടികയിൽ. പുതുക്കിയ മാർഗനിർദേശം പുറത്തിറക്കി

Published

|

Last Updated

ന്യൂഡൽഹി | കൊവിഡ് ബാധിച്ച് മുപ്പത് ദിവസത്തിനകം ആശുപത്രിയിലോ വീട്ടിലോ മരിച്ചാൽ അത് കൊവിഡ് മരണമായി കണക്കാക്കുമെന്ന് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് കേന്ദ്ര സർക്കാർ പുതുക്കിയ മാർഗനിർദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐ സി എം ആറിന്റെ പഠനമനുസരിച്ച് 95 ശതമാനം കൊവിഡ് മരണങ്ങളും രോഗം സ്ഥിരീകരിച്ച് 25 ദിവസത്തിനുള്ളിലാണെന്ന കാര്യവും മാർഗനിർദേശത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. കൂടുതൽ കേസുകൾ ഉൾക്കൊള്ളിക്കുന്നതിനായാണ് ദിവസം നീട്ടിനൽകിയത്.

ഇക്കാര്യം വ്യക്തമാക്കി ഈ മാസം എട്ടിന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐ സി എം ആർ) മാർഗനിർദേശം പുറത്തിറക്കിയതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയോ കിടത്തിച്ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിക്കപ്പെടുകയോ ചെയ്ത രോഗികൾ അതേ അവസ്ഥ തുടരുകയും മുപ്പത് ദിവസങ്ങൾക്കകം മരിക്കുകയും ചെയ്താൽ കൊവിഡ് മരണമായി കണക്കാക്കും. ആശുപത്രിക്ക് പുറത്താണ് മരണമെങ്കിലും ഇത്തരത്തിൽ കണക്കാക്കും.

ആർ ടി പി സി ആർ, മോളിക്യുലർ ടെസ്റ്റ്, റാപിഡ് ആന്റിജൻ പരിശോധനകൾ വഴി കണ്ടെത്തിയ രോഗികളെയാണ് കൊവിഡ് രോഗികളായി പരിഗണിക്കുക. രോഗികളുടെ ആത്മഹത്യ, കൊലപാതകം, അപകട മരണം, വിഷബാധ എന്നിവ കൊവിഡ് മരണമായി കണക്കാക്കില്ലെന്നും നിർദേശത്തിൽ വ്യക്തമാക്കി.

നടപടി ലളിതമാകും
കൊവിഡ് ബാധിച്ച് മരിച്ചവർക്ക് മരണ സർട്ടിഫിക്കറ്റ് നൽകുന്ന പ്രക്രിയ ലളിതമാക്കുന്നതിനുള്ള മാർഗനിർദേശം തയ്യാറാക്കിയതായും സുപ്രീം കോടതിയിൽ സമർപ്പിച്ച അനുബന്ധ സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ അറിയിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുവിന് മരണകാരണം തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാൻ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ (ഒ ആർ ജി ഐ) സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.

കൊവിഡ് ബാധിച്ച് മരിച്ചാൽ അടിയന്തര സഹായമായി നാല് ലക്ഷം രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിച്ച് ജൂൺ മുപ്പതിനാണ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ മരണ സർട്ടിഫിക്കറ്റിൽ മരണ കാരണം കൊവിഡെന്ന് രേഖപ്പെടുത്തണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടത്. ധനസഹായം നൽകുന്നത് സംബന്ധിച്ച് ദേശീയ ദുരന്ത നിവാരണ അതോറിറ്റി ആറ് ആഴ്ചക്കുള്ളിൽ മാർഗനിർദേശം രൂപവത്കരിക്കാനും സുപ്രീം കോടതി നിർദേശിച്ചിരുന്നുവെങ്കിലും കേന്ദ്രം പലതവണ സമയം നീട്ടി ചോദിക്കുകയായിരുന്നു.

Latest