Union Budget 2026
കൃഷി സുഗമമാക്കാൻ 'ഭാരത് വിസ്തർ' എ ഐ അധിഷ്ടിത പ്ലാറ്റ്‍ഫോം
തെങ്ങ്, ചന്ദനം, കൊക്കോ, കശുവണ്ടി എന്നിവയ്ക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അഗർ മരങ്ങൾക്കും മലയോര മേഖലകളിലെ ബദാം, വാൾനട്ട് എന്നിവയ്ക്കും പ്രത്യേക പിന്തുണ
ന്യൂഡൽഹി | കൃഷി കൂടുതൽ സുഗമമാക്കുന്നതിനും ശാസ്ത്രീയമായി സംഘടിപ്പിക്കുന്നതിനുമായി ‘ഭാരത് വിസ്തർ’ എന്ന പേരിൽ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) അധിഷ്ഠിത പ്ലാറ്റ്‌ഫോം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു. ഐ സി എ ആർ നൽകുന്ന കൃഷി വിജ്ഞാനങ്ങളും വിവിധ അഗ്രി സ്റ്റാക്ക് പോർട്ടലുകളും സംയോജിപ്പിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ബഹുഭാഷാ പ്ലാറ്റ്‌ഫോമാണിത്. കാർഷിക ഉൽപാദനക്ഷമത വർധിപ്പിക്കുക, കർഷകരുടെ വരുമാനം ഉയർത്തുക, ഗ്രാമീണ മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
തീരദേശ മേഖലകളിലെ പ്രധാന കൃഷിയായ തെങ്ങ്, ചന്ദനം, കൊക്കോ, കശുവണ്ടി എന്നിവയ്ക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അഗർ മരങ്ങൾക്കും മലയോര മേഖലകളിലെ ബദാം, വാൾനട്ട് എന്നിവയ്ക്കും പ്രത്യേക പിന്തുണ നൽകുമെന്ന് ധനമന്ത്രി അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ നാളികേര ഉൽപാദകരായ ഇന്ത്യയിൽ ഏതാണ്ട് മൂന്ന് കോടി ജനങ്ങൾ ഈ മേഖലയെ ആശ്രയിച്ചാണ് കഴിയുന്നത്.
നാളികേര കൃഷി കൂടുതൽ ലാഭകരമാക്കുന്നതിനായി പുതിയ ‘കോക്കനട്ട് പ്രൊമോഷൻ സ്കീം’ മന്ത്രി പ്രഖ്യാപിച്ചു. ഇതിലൂടെ ഉൽപാദനക്ഷമത കുറഞ്ഞ തെങ്ങുകൾ മാറ്റി പുതിയ തൈകൾ വച്ചുപിടിപ്പിക്കാനും ശാസ്ത്രീയമായ പരിപാലന രീതികൾ നടപ്പിലാക്കാനും കർഷകർക്ക് സഹായം ലഭിക്കും.




