Connect with us

National

കൊവിഡ്: ആരോഗ്യ സംവിധാനങ്ങൾ സുസജ്ജമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം

ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് കൊവിഡ് നഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

Published

|

Last Updated

ന്യൂഡൽഹി | ചൈനയിൽ പടരുന്ന പുതിയ കൊവിഡ് വകഭേദമായ ബി എഫ് 7 ഇന്ത്യയിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൊവിഡ് ജാഗ്രത ശക്തമാക്കി ആരോഗ്യ മന്ത്രാലയം. കൊവിഡ് വ്യാപനം തടയുന്നതിന് ആറ് പോയിന്റുകളടങ്ങിയ മാർഗനിർദേശം കേന്ദ്രം സംസ്ഥാനങ്ങൾക്ക് അയച്ചു.

ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് കൊവിഡ് നഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കൊവിഡ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ക്വാറന്റൈൻ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് വീണ്ടും കൊവിഡ് പടർന്നുപിടിക്കുന്നു സാഹചര്യമുണ്ടായാൽ അതിനെ നേരിടാനുള്ള എല്ലാ സജ്ജീകരണങ്ങളും മന്ത്രാലയം ഒരുക്കുന്നുണ്ട്. കൊവിഡിന്റെ ആദ്യ ഘട്ടത്തിൽ ഓക്സിജൻ ക്ഷാമം പോലുള്ള പ്രശ്നങ്ങൾ നേരിട്ടത് ആവർത്തിക്കാതിരിക്കാൻ മെഡിക്കൽ സജ്ജീകരണങ്ങൾ സുസജ്ജമാക്കാൻ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഓക്സിജൻ പ്ലാന്റുകൾ പൂർണതോതിൽ പ്രവർത്തനക്കഷമമാക്കാനും ദിനംപ്രതി മോക്ഡ്രില്ലുകൾ നടത്താനും മന്ത്രാലയം സംസ്ഥാനങ്ങൾക്ക് അയച്ച മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നു.

ആരോഗ്യ സൗകര്യങ്ങളിൽ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽഎംഒ) ലഭ്യതയും അവ വീണ്ടും നിറയ്ക്കുന്നതിന് തടസ്സമില്ലാത്ത വിതരണ ശൃംഖലയും ഉറപ്പാക്കണം. ഓക്സിജൻ സിലിണ്ടറുകളുടെ മതിയായ ശേഖരണവും ബാക്കപ്പ് സ്റ്റോക്കുകളും ശക്തമായ റീഫില്ലിംഗ് സംവിധാനവും നിലനിർത്തണമെന്നും കത്തിൽ പറയുന്നു. ചൈനയിലും മറ്റിടങ്ങളിലും കേസുകളുടെ പെട്ടെന്നുള്ള കുതിച്ചുചാട്ടം കണക്കിലെടുത്ത് ഇന്ത്യ കോവിഡ് കേസുകളുടെ ജീനോം സീക്വൻസിങ് വർധിപ്പിച്ചിട്ടുണ്ട്.