Connect with us

Uae

കൊവിഡ്: 60 രാജ്യങ്ങളിലേക്ക് 21 കോടി വാക്‌സിനുകള്‍ വിതരണം ചെയ്ത് അബൂദബി

Published

|

Last Updated

അബൂദബി | കഴിഞ്ഞ വര്‍ഷം 60 രാജ്യങ്ങളിലേക്ക് 21 കോടി വാക്‌സിനുകള്‍ വിതരണം ചെയ്തതായി അബൂദബി ഹോപ്പ് കണ്‍സോര്‍ഷ്യം അറിയിച്ചു. ലോകമെമ്പാടും വാക്‌സിനുകള്‍ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പ്, ഇത്തിഹാദ് കാര്‍ഗോ, അബൂദബി പോര്‍ട്ട് ഗ്രൂപ്പ്, റാഫെഡ്, സ്‌കൈസെല്‍, മക്ത ഗേറ്റ്വേ എന്നിവയുടെ സഹകരണത്തോടെ 2020 നവംബറിലാണ് വാക്‌സിന്‍ വിതരണം ആരംഭിച്ചത്. ലോകത്തിന്റെ എല്ലാ കോണുകളിലും കൊവിഡ് വാക്സിനുകള്‍ എത്തിക്കുന്നതില്‍ ഈ സംരംഭം കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ആദ്യ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ അബൂദബിക്ക് ആഗോളതലത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ആരോഗ്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. ജമാല്‍ മുഹമ്മദ് അല്‍ കാബി പറഞ്ഞു. ലോജിസ്റ്റിക്കല്‍ കഴിവുകളും അടിസ്ഥാന സൗകര്യങ്ങളും കെട്ടിപ്പടുക്കുന്നതിനും അവരുടെ ആരോഗ്യത്തിനും ക്ഷേമത്തിനുമായി ശക്തമായ ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ ഞങ്ങള്‍ക്ക് മറ്റു രാജ്യങ്ങളെ സഹായിക്കാന്‍ കഴിയുന്നുവെന്നത് പ്രത്യാശ നല്‍കുന്നതായും അദ്ദേഹം വ്യക്തമാക്കി.

പ്രവര്‍ത്തനത്തിന്റെ ആദ്യ വര്‍ഷത്തില്‍, കണ്‍സോര്‍ഷ്യം അതിന്റെ ശൃംഖലയെ വൈവിധ്യവത്കരിക്കുന്നതിനും ആഗോള വ്യാപനം വിപുലീകരിക്കുന്നതിനുമായി പന്ത്രണ്ടിലധികം ചരക്ക് കൈമാറ്റ, ലോജിസ്റ്റിക് മേധാവികളുമായി പങ്കാളിത്തം സ്ഥാപിച്ചു. ‘ഒരു വര്‍ഷം മുമ്പ് ഞങ്ങളുടെ യാത്ര ആരംഭിച്ചത് ഒരൊറ്റ ലക്ഷ്യത്തോടെയാണ്. കൊവിഡ് മഹാമാരിയുടെ വെല്ലുവിളികളെ നേരിടാനും അതിജീവിക്കാനും, വാക്‌സിനുകളിലേക്കുള്ള തുല്യമായ പ്രവേശനത്തിലേക്ക് വഴിയൊരുക്കാനും ഇന്ന് ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു.’- അബൂദബി പോര്‍ട്ട് ഗ്രൂപ്പ് ലോജിസ്റ്റിക്‌സ് ക്ലസ്റ്റര്‍ മേധാവി റോബര്‍ട്ട് സട്ടണ്‍ പറഞ്ഞു.

 

Latest