Connect with us

Articles

നീതിപീഠങ്ങളും വിദ്വേഷ പ്രചാരകരും

Published

|

Last Updated

മുസ്‌ലിംകളെ കൂട്ടക്കൊല നടത്താന്‍ ആഹ്വാനം നടത്തുന്ന വിദ്വേഷ പ്രഭാഷണങ്ങള്‍ രാജ്യത്ത് പുത്തരിയല്ല. ആള്‍ക്കൂട്ട മനസ്സില്‍ പരമത വിദ്വേഷം നിരന്തരം കുത്തിനിറക്കുന്ന സംഗമങ്ങള്‍ ആത്യന്തികമായി ഇന്ത്യയുടെ ഭരണഘടനയെ വെല്ലുവിളിക്കുന്നതും രാജ്യത്തിന്റെ അഖണ്ഡതക്ക് പോറലേല്‍പ്പിക്കുന്നതുമായ നടപടിയാണ്. കേന്ദ്ര മന്ത്രിമാരുടെ കാര്‍മികത്വത്തില്‍ വരെ ന്യൂനപക്ഷ വംശഹത്യാ ആഹ്വാനങ്ങള്‍ പലപ്പോഴായി അരങ്ങേറാറുണ്ടെങ്കിലും കഴിഞ്ഞ ഡിസംബര്‍ 17ന് ഹരിദ്വാറിലും 21ന് ഡല്‍ഹിയിലും ഹിന്ദു ധര്‍മ സന്‍സദ് എന്ന നാമത്തില്‍ സംഘടിപ്പിക്കപ്പെട്ട സമ്മേളനങ്ങള്‍ ജനാധിപത്യ മതനിരപേക്ഷ വിശ്വാസികളെ ഏറെ ആശങ്കപ്പെടുത്തുന്നതാണ്. രണ്ട് നിലയിലാണ് ഹിന്ദു ധര്‍മ സന്‍സദുകളെന്ന തീവ്ര വര്‍ഗീയ ആക്രോശങ്ങള്‍ മതനിരപേക്ഷ സമൂഹത്തെ ഉത്കണ്ഠാകുലരാക്കുന്നത്. കാലേക്കൂട്ടി കൃത്യമായി ആസൂത്രണം ചെയ്ത് സംഘടിപ്പിക്കപ്പെട്ട സംഗമങ്ങളാണ് എന്നതിന് പുറമെ അവിടെ നടത്തിയ തീവ്ര വര്‍ഗീയ പ്രഭാഷണങ്ങളുടെ ഉള്ളടക്കം അങ്ങേയറ്റം അവഹേളനം നിറഞ്ഞതും വെറുപ്പ് പ്രസരിപ്പിക്കുന്നതും പ്രകോപനപരവുമാണ്.

ഹരിദ്വാറിലെ ഹിന്ദു ധര്‍മ സന്‍സദില്‍ കടുത്ത പ്രവാചക നിന്ദാ പരാമര്‍ശങ്ങളാണ് ജിതേന്ദ്ര നാരായണ്‍ ത്യാഗി എന്ന വസീം റിസ്്വി നടത്തിയത്. മുസ്‌ലിം വികാരം മാരക നിലയില്‍ മുറിപ്പെടുത്തി ഏറെക്കാലത്തേക്ക് വര്‍ഗീയ അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ വേണ്ടി നടത്തിയ പ്രസംഗമാണ് മുന്‍ ഉത്തര്‍ പ്രദേശ് ശിയാ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്റേത് എന്ന് കരുതേണ്ടിയിരിക്കുന്നു.

അതിനിടെ കഴിഞ്ഞ മാസം ഡല്‍ഹിയില്‍ നടന്ന ഹിന്ദു ധര്‍മ സന്‍സദില്‍ വിദ്വേഷ പ്രസംഗം നടത്തിയ സുദര്‍ശന്‍ ടി വി എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ചവ്ഹകെക്കെതിരെ ഉയര്‍ന്ന പരാതിയില്‍ ഡല്‍ഹിയിലെ സാകേത് കോടതിയില്‍ നിയമ നടപടികള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഹിന്ദു യുവ വാഹിനി സംഘടിപ്പിച്ച പരിപാടിയില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത സുരേഷ് ചവ്ഹകെ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാന്‍ മരിക്കാനും കൊല്ലാനും തയ്യാറാണെന്ന് അവിടെ സംഗമിച്ചവരെക്കൊണ്ട് ശപഥം ചെയ്യിപ്പിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയും തന്റെ ചാനല്‍ ഷോ ആയ “ബിന്‍ദാസ് ബോലി’ലൂടെയും തുടര്‍ച്ചയായി വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ആളാണ് ഇദ്ദേഹം. നേരത്തേ സിവില്‍ സര്‍വീസിലെ മുസ്‌ലിം സാന്നിധ്യത്തെ “യു പി എസ് സി ജിഹാദ്’ എന്ന പേരില്‍ പ്രശ്‌നവത്കരിച്ച് കടുത്ത മുസ്‌ലിം വിരുദ്ധത പ്രസരിപ്പിച്ച സുരേഷ് ചവ്ഹകെയുടെ ചാനല്‍ ഷോയുടെ അവസാന ഭാഗങ്ങള്‍ സുപ്രീം കോടതിയുടെ ഇടപെടലില്‍ ഒഴിവാക്കിയിരുന്നു.
ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഉത്തരാഖണ്ഡ് പോലീസ് ഹരിദ്വാര്‍ ഹിന്ദു ധര്‍മ സന്‍സദിന്റെ മുഖ്യ ആസൂത്രകനായ യതി നരസിംഹാനന്ദിനെയും ജിതേന്ദ്ര നാരായണ്‍ ത്യാഗിയെയും അറസ്റ്റ് ചെയ്തതിന് ശേഷമാണ് സുദര്‍ശന്‍ ടി വി തലവനെതിരെയും നിയമ നടപടി ഉണ്ടായിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ, 298 വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തപ്പെട്ട ജിതേന്ദ്രക്കും യതി നരസിംഹാനന്ദക്കും ഹരിദ്വാറിലെ കോടതി ജാമ്യം നിഷേധിക്കുകയും ചെയ്തു. കേസിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്താണ് ഇരുവര്‍ക്കും കോടതി ജാമ്യം നിഷേധിച്ചിരിക്കുന്നത്.
എന്നാല്‍ യതി നരസിംഹാനന്ദ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതു താത്പര്യ ഹരജിയെ എതിര്‍ത്തും ഹരജിയില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയും ഹിന്ദു സേനാ ദേശീയ പ്രസിഡന്റ് വിഷ്ണു ഗുപ്ത സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. വിദ്വേഷ പ്രസംഗങ്ങളില്‍ നടപടി ആവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകന്‍ ഖുര്‍ബാന്‍ അലിയും മുതിര്‍ന്ന അഭിഭാഷകയും പട്‌ന ഹൈക്കോടതി മുന്‍ ജഡ്ജിയുമായ അഞ്ജന പ്രകാശുമാണ് പൊതു താത്പര്യ ഹരജി സമര്‍പ്പിച്ചത്. അതില്‍ ജൂണ്‍ 12ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സുപ്രീം കോടതി ബഞ്ച് കേന്ദ്ര സര്‍ക്കാറിനും ഡല്‍ഹി പോലീസിനും ഉത്തരാഖണ്ഡ് സര്‍ക്കാറിനും നോട്ടീസ് അയച്ചിരിക്കെയാണ് ഹിന്ദു സേനാ നേതാവ് നിയമ നടപടിയുമായി മുന്നോട്ട് പോകുന്നതിനെ എതിര്‍ത്ത് രംഗത്തെത്തിയിരിക്കുന്നത്.
കേസില്‍ കക്ഷി ചേരാന്‍ ഹിന്ദു സേനാ പ്രസിഡന്റ് വിഷ്ണു ഗുപ്ത നല്‍കിയിരിക്കുന്ന അപേക്ഷയിലെ വാദങ്ങള്‍ കൗതുകകരമാണ്. കേസിലെ ആദ്യ ഹരജിക്കാരനായ ഖുര്‍ബാന്‍ അലിയെ സൂചിപ്പിച്ച് മുസ്‌ലിമായ ഹരജിക്കാരന് ഹിന്ദു ധര്‍മ സന്‍സദുമായി ബന്ധപ്പെട്ട വിഷയത്തില്‍ എതിര്‍പ്പുയര്‍ത്താന്‍ കഴിയില്ലെന്നാണ് വാദം. കൂടാതെ ഹരജിയിലൂടെ ഹിന്ദുക്കളുടെ ആത്മീയ നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. പൊതു താത്പര്യ ഹരജിയില്‍ കക്ഷി ചേരാന്‍ നിരത്തിയ വാദങ്ങള്‍ തന്നെ ഉണ്ടയില്ലാ വെടിയാണെന്ന് മനസ്സിലാക്കാം. കൃത്യമായ ആസൂത്രണത്തോടെ സംഘടിച്ച് പരമത വിദ്വേഷം പ്രചരിപ്പിക്കുന്നത് തങ്ങളുടെ മതപരമായ അവകാശമായി കാണുന്നത് എത്രമേല്‍ മൗഢ്യമാണെന്ന് ഹരജിക്കാരന് അറിയാത്തതു കൊണ്ടല്ല. പ്രത്യുത പ്രതീക്ഷിക്കാതെ എത്തിയ നിയമ നടപടിയിലെ നെഗളിപ്പ് മറക്കാനുള്ള ശ്രമമാണിവിടെ നടത്തിയിരിക്കുന്നത്.

ശക്തമായ നിയമ നടപടികളിലൂടെയും മതനിരപേക്ഷ സമൂഹത്തിന്റെ ജാഗ്രത്തായ ജനാധിപത്യ ബോധംകൊണ്ടും മാത്രം മറികടക്കാന്‍ കഴിയുന്ന പ്രതിസന്ധിയാണ് ഇത്തരം വിദ്വേഷ പ്രചാരണ സംഗമങ്ങള്‍. ഉത്തര്‍ പ്രദേശിലെ ദസ്‌ന ദേവി ക്ഷേത്രത്തെ നയിക്കുന്ന അതികായനാണ് യതി നരസിംഹാനന്ദ്. രാജ്യത്തിന്റെ ഭരണഘടനയെയും സുപ്രീം കോടതിയെയും അവഹേളിക്കുന്ന അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ നമുക്ക് മുമ്പിലുണ്ട്. നിയമത്തിന്റെ കൈവിലങ്ങുകള്‍ ചെറുതായിപ്പോലും തന്നെ സ്പര്‍ശിക്കില്ലെന്ന് അദ്ദേഹം കരുതിയിരിക്കണം. അങ്ങനെയിരിക്കെ ജാമ്യം ലഭ്യമാകാത്ത വിധം നിയമ സംവിധാനത്തിന് മുന്നില്‍ താത്കാലികമെങ്കിലും അദ്ദേഹത്തിന് കീഴടങ്ങേണ്ടി വന്നിരിക്കുന്നു എന്നത് ശുഭോദര്‍ക്കമാണ്. ഭരണഘടനാ മൂല്യങ്ങളെ ആദര്‍ശങ്ങളായി സ്വീകരിച്ച് നിശ്ചയദാര്‍ഢ്യത്തോടെ നമ്മുടെ നീതിപീഠങ്ങള്‍ നിയമ വ്യവഹാരങ്ങളെ സമീപിച്ചാല്‍ വിദ്വേഷ പ്രചാരകരെ പൂട്ടാന്‍ ജനാധിപത്യ ഇന്ത്യക്ക് സാധിക്കും. ഒപ്പം വിഭജനങ്ങളുടെ സകല വര്‍ത്തമാനങ്ങളെയും പടിക്ക് പുറത്ത് നിര്‍ത്താന്‍ രാജ്യത്തെ മതനിരപേക്ഷ സമൂഹം സന്നദ്ധമാകേണ്ടതുമുണ്ട്.

Latest