National
ചുമമരുന്ന് ദുരന്തം: മരണം 21 ആയി; ശ്രീസണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമ അറസ്റ്റില്‍
ചിന്ദ്വാരയില്‍ മാത്രം 18 കുഞ്ഞുങ്ങളാണ് ചുമമരുന്നു മൂലം മരിച്ചത്

ഭോപാല്‍ | മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ ചുമമരുന്ന് കഴിച്ച് ഒരു കുട്ടി കൂടി മരിച്ചതോടെ മരണം 21 ആയി. വ്യാജ മരുന്ന് ദുരന്തത്തില്‍ ശ്രീസണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമ കോള്‍ഡ്രിഫ് നിര്‍മ്മാതാവ് ശ്രീസാന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമ രംഗനാഥനെ മധ്യപ്രദേശ് പോലീസ് തമിഴ്‌നാട്ടില്‍ വച്ച് അറസ്റ്റ് ചെയ്തതു.
ചിന്ദ്വാരയില്‍ മാത്രം 18 കുഞ്ഞുങ്ങളാണ് ചുമമരുന്നു മൂലം മരിച്ചത്. അതേസമയം ചുമ മരുന്നുകളുടെ പരിശോധന കര്‍ശനമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടെ കോള്‍ഡ്രിഫ് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോ എന്ന ലോകാരോഗ്യ സംഘടനയുടെ ചോദ്യത്തിനും കേന്ദ്രസര്‍ക്കാര്‍ ഉടന്‍ മറുപടി നല്‍കും.
തമിഴ്നാട് ഡ്രഗ്സ് കണ്‍ട്രോള്‍ അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ ശ്രീസാന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ചുമമരുന്ന് നിര്‍മിക്കാനായി പ്രൊപലീന്‍ ഗ്ലൈക്കോള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. മരുന്ന് നിര്‍മാണ യൂണിറ്റില്‍ നടത്തിയ പരിശോധനയിലാണ് പ്രൊപലീന്‍ ഗ്ലൈക്കോളിന്റെ ഉപയോഗം കണ്ടെത്തിയത്. ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രേഡ് ഉപയോഗിക്കേണ്ടതിന് പകരം സ്ഥാപനത്തില്‍ നോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രേഡ് പ്രൊപലീന്‍ ഗ്ലൈക്കോള്‍ ഉപയോഗിച്ചതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പരിശോധനയ്ക്ക് പിന്നാലെ പല സംസ്ഥാനങ്ങളിലും കോള്‍ഡ്റിഫ് നിരോധിക്കുകയും സ്റ്റോക്കുകള്‍ നിറുത്തിവയ്ക്കാന്‍ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കോള്‍ഡ്രിഫ് ചുമമരുന്ന് നിര്‍മ്മാണ കമ്പനി ശ്രീശാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തമിഴ്നാട്ടിലെ ചെന്നൈയിലെയും കാഞ്ചിപുരത്തെയും ബ്രാഞ്ചുകളിലെത്തി. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മുഴുവന്‍ കുഞ്ഞുങ്ങളും മരിച്ചത്. കുട്ടികള്‍ കഴിച്ച കോള്‍ഡ്രിഫ് കഫ്‌സിറപ്പില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന ഡൈത്തലീന്‍ ഗ്ലൈക്കോള്‍ 45 ശതമാനം അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയത്തോടെ മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, കേരളം അടക്കം നാല് നാല് സംസ്ഥാനങ്ങളില്‍ കോള്‍ഡ്രിഫ് നിരോധിച്ചിരിക്കുകയാണ്. സംഭവത്തില്‍ കൂട്ടുത്തരവാദിത്തം ഉണ്ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് ബുധനാഴ്ച വൈകിട്ട് പ്രതികരിച്ചത്.
കഫക്കെട്ട് ബുദ്ധിമുട്ടിനെത്തുടര്‍ന്ന് കോള്‍ഡ്രിഫ് കഫ്‌സിറപ്പ് കഴിച്ച കുട്ടികളില്‍ ഛര്‍ദ്ദി അനുഭവപ്പെടുകയായിരുന്നു. സെപ്തംബര്‍ രണ്ടിനാണ് ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തത്.