Connect with us

Kerala

ക്യാന്‍സര്‍ രോഗികള്‍ക്ക് കെ എസ് ആര്‍ ടി സി ബസുകളില്‍ സമ്പൂര്‍ണ സൗജന്യ യാത്ര

സൂപ്പര്‍ഫാസ്റ്റ് മുതല്‍ താഴോട്ടുള്ള എല്ലാ കെ എസ് ആര്‍ ടി സി ബസുകളിലും ക്യാന്‍സര്‍ രോഗികള്‍ക്ക് സമ്പൂര്‍ണ സൗജന്യ യാത്ര അനുവദിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിയമസഭയില്‍ പ്രഖ്യാപിച്ചു

Published

|

Last Updated

തിരുവനന്തപുരം | ക്യാന്‍സര്‍ രോഗികള്‍ക്ക് കെ എസ് ആര്‍ ടി സി ബസുകളില്‍ സമ്പൂര്‍ണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. സൂപ്പര്‍ഫാസ്റ്റ് മുതല്‍ താഴോട്ടുള്ള എല്ലാ കെ എസ് ആര്‍ ടി സി ബസുകളിലും ക്യാന്‍സര്‍ രോഗികള്‍ക്ക് സമ്പൂര്‍ണ സൗജന്യ യാത്ര അനുവദിക്കുമെന്ന് മന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചു.

സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്ക് എത്തുന്നവര്‍ക്കും യാത്ര സൗജന്യമായിരിക്കും. കെ എസ് ആര്‍ ടി സി ഡയറക്ടര്‍ ബോര്‍ഡ് ഇന്ന് തന്നെ തീരുമാനം എടുത്തു പ്രഖ്യാപനം നടത്തും. സഭയിലെ പ്രഖ്യാപനത്തിനിടെ ബഹളമുണ്ടാക്കിയ പ്രതിപക്ഷത്തെ മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. പ്രതിപക്ഷത്തിന് ഇത് വലിയ കാര്യമായിരിക്കില്ല. പ്രഖ്യാപനം നടത്തിയപ്പോള്‍ പ്രതിപക്ഷം പറയുന്നത് ഷെയിം ഷെയിം എന്നാണ്. പ്രതിപക്ഷത്തിന് ഇത് ഷെയിം ആയിരിക്കും. പക്ഷേ രോഗികളെ സംബന്ധിച്ചടുത്തോളം വലിയ കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കെ എസ് ആര്‍ ടി സി ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം (ഓപ്പറേറ്റിംഗ് റവന്യു) സ്വന്തമാക്കിയതിന്റെ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒക്ടോബര്‍ ആറിനാണ് കെ എസ് ആര്‍ ടി സിയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഉയര്‍ന്ന കളക്ഷനായ 9.41 കോടി രൂപ നേട്ടം സ്വന്തമായത്. 2025 സെപ്റ്റംബര്‍ എട്ടിനായിരുന്നു എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി രൂപ കെ എസ് ആര്‍ ടി സി നേടിയത്. ജീവനക്കാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും ഓഫീസര്‍മാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് തുടര്‍ച്ചയായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് കെ എസ് ആര്‍ ടി സിയെ സജ്ജമാക്കുന്നത്.

ഗതാഗത മന്ത്രിയുടെ കാലോചിതമായ പരിഷ്‌ക്കരണ നടപടികളും കെ എസ് ആര്‍ ടി സി മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ തുടര്‍ പ്രവര്‍ത്തനങ്ങളും ഈ വലിയ മുന്നേറ്റത്തിന് നിര്‍ണായകമായി. പുതിയ ബസുകളുടെ വരവും സേവനങ്ങളില്‍ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരില്‍ വന്‍ സ്വീകാര്യത നേടി.

 

Latest