Connect with us

United Nations Climate Change Conference

കോപ് 26 ഉച്ചകോടി; പരിസ്ഥിതി ശൗചാലയമല്ല

ഒന്നരയാഴ്ചയോളം നീണ്ടുനിൽക്കുന്ന ഉച്ചകോടിയിൽ വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ സംസാരിച്ചു

Published

|

Last Updated

ഗ്ലാസ്ഗൗ | കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ലോകത്തുണ്ടാകുന്ന വിപത്തുകൾ വിശകലനം ചെയ്യാനും അടിയന്തര നടപടികൾ സ്വീകരിക്കാനും ലക്ഷ്യംവെച്ച് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ നടക്കുന്ന കോപ് 26 സമ്മേളനത്തിന് തുടക്കമായി. 120 ഓളം രാജ്യങ്ങളിലെ പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

ഒന്നരയാഴ്ചയോളം നീണ്ടുനിൽക്കുന്ന ഉച്ചകോടിയിൽ വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ സംസാരിച്ചു.

കാർബൺ ബഹിർഗമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിർണായക നിലപാട് സ്വീകരിക്കാതെ ജി 20 ഉച്ചകോടി അവസാനിച്ചതിന് പിന്നാലെയാണ് സ്‌കോട്‌ലാൻഡ് നഗരമായ ഗ്ലാസ്ഗൗവിൽ കോപ് 26ന് വേദിയാകുന്നത്.

രക്ഷിക്കണം ഈ ഭൂമിയെ
നാം അധിവസിക്കുന്ന ഭൂമിയെ സംരക്ഷിച്ച് മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ കോപ് 26 ഉച്ചകോടിക്ക് സാധിച്ചേ തീരൂവെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് അഭിപ്രായപ്പെട്ടു. ഉച്ചകോടിക്ക് തുടക്കം കുറിച്ച് നടന്ന പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘ നാം നമ്മുടെ തന്നെ കുഴിമാടം കുഴിക്കുകയാണ്. ആഗോള താപനം കുറക്കാൻ പരീസ് ഉടമ്പടി എല്ലാ രാജ്യങ്ങളും അംഗീകരിക്കണം. ലോകരാജ്യങ്ങളെ കാർബൺ മുക്തമാക്കണം. കൽക്കരിയെ തുടച്ച് നീക്കണം. ഈ ഉച്ചകോടി വിജയകരമാക്കാൻ ലോക നേതാക്കൾ പരമാവധി പരിശ്രമിക്കണം. മതിയെന്ന് പറയാനുള്ള സമയമാണിത്. ജൈവവൈവിധ്യത്തെ ഇല്ലായ്മ ചെയ്യുന്നതിനോട്, കാർബൺ ഉപയോഗിച്ച് നമ്മെ തന്നെ കൊല്ലുന്നതിനോട്, പരിസ്ഥിതിയെ ശൗചാലയം പോലെ കാണുന്നതിനോട്, നമ്മുടെ വഴികളെ ആഴത്തിൽ കുഴിക്കുകയും മുറിക്കുകയും കത്തിക്കുകയും ചെയ്യുന്നതിനോട്, നമുക്ക് മതിയെന്ന് പറഞ്ഞേ മതിയാകൂ. – അദ്ദേഹം പറഞ്ഞു.

ലോകത്തിന്റെ പ്രതീക്ഷ ഇവിടെ കൂടിയിരിക്കുന്നവരിലാണെന്ന് ചാൾസ് രാജകുമാരൻ പറഞ്ഞു. നാം ഇപ്പോൾ തന്നെ പ്രവർത്തിച്ചു തുടങ്ങണമെന്ന് ലോക നേതാക്കളെ സ്വാഗതം ചെയ്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി.

ഉർദുഗാൻ വിട്ടുനിന്നു
കോപ് 26 ഉച്ചകോടിയിൽ പങ്കെടുക്കാതെ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ മടങ്ങി. റോമിൽ നടന്ന ജി 20 ഉച്ചകോടി അവസാനിച്ച ശേഷം ഞായറാഴ്ച രാത്രി ഉർദുഗാൻ നേരെ തുർക്കിയിലേക്ക് വരികയായിരുന്നുവെന്നും ഇന്നലെയോ ഇന്നോ കോപ് 26ൽ അദ്ദേഹം സംസാരിക്കാൻ തയ്യാറെടുത്തിരുന്നതായും തുർക്കി ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അതേസമയം, റോമിൽ നിന്ന് സ്‌കോട്‌ലാൻഡിലേക്ക് മടങ്ങാതെ ഇസ്തംബൂളിലേക്ക് എത്തിയതിന്റെ കാരണം അവ്യക്തമാണെന്നാണ് ഔദ്യോഗിക വിശദീകരണം.

എന്നാൽ, കോപ് 26 സമ്മേളനത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചാണ് ഉർദുഗാന്റെ പിന്മാറ്റമെന്ന് എൻ ടി വി റിപ്പോർട്ട് ചെയ്തു. പാരീസ് ഉച്ചകോടിയിൽ തുർക്കി മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിക്കാതെ കോപ് 26ന് ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതായും തുർക്കി ചാനൽ റിപ്പോർട്ട് ചെയ്തു.

---- facebook comment plugin here -----

Latest