Connect with us

mullaperiyar dam

വിവാദ മരംമുറി സർക്കാർ പ്രതിരോധത്തിൽ; അവ്യക്തത, ദുരൂഹത

തമിഴ്‌നാട് മരം മുറിച്ച് തുടങ്ങിയിട്ടുണ്ടാകാമെന്ന വനംമന്ത്രിയുടെ പ്രതികരണം സർക്കാർ നീക്കങ്ങളെ കൂടുതൽ സംശയത്തിലാക്കുന്നു

Published

|

Last Updated

തിരുവനന്തപുരം | മുല്ലപ്പെരിയാറിലെ ബേബിഡാമിന്റെ പരിസരത്ത് മരംമുറിക്കാൻ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്‌സ് തമിഴ്നാടിന് അനുമതി നൽകിയ സംഭവം സംസ്ഥാന സർക്കാറിനെ പ്രതിരോധത്തിലാക്കുന്നു. വർഷങ്ങളായി തമിഴ്‌നാടുമായി തർക്കം നിലനിൽക്കുന്ന മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് നദീജല വിഷയത്തിൽ സർക്കാർ നിലപാടിനെ മറികടന്ന് ഉദ്യോഗസ്ഥൻ തീരുമാനമെടുത്തതാണ് സർക്കാറിനെ വെട്ടിലാക്കിയിരിക്കുന്നത്.
നയപരമായ വിഷയത്തിൽ സർക്കാറും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരും അറിയാതെ ഉദ്യോഗസ്ഥർ തീരുമാനമെടുത്തതുമായി ബന്ധപ്പെട്ട് ദുരൂഹത നിലനിൽക്കുന്നതോടൊപ്പം വിഷയത്തിൽ വകുപ്പുകൾക്ക് വ്യക്തതയില്ലാത്തതും സർക്കാറിന് തിരിച്ചടിയായിട്ടുണ്ട്. മരംമുറി ഉത്തരവിൽ ഉദ്യോഗസ്ഥരെ പഴിചാരി ഒളിച്ചുകളിക്കുകയാണെന്ന പ്രതിപക്ഷ വാദത്തെ ബലപ്പെടുത്തുന്നതാണ് വനം, ജലവിഭവ വകുപ്പുകൾ വിഷയത്തിൽ ആദ്യഘട്ടത്തിൽ സ്വീകരിച്ച സമീപനങ്ങൾ.

തമിഴ്‌നാട് മരം മുറിച്ച് തുടങ്ങിയിട്ടുണ്ടാകാമെന്ന വനംമന്ത്രിയുടെ പ്രതികരണം സർക്കാർ നീക്കങ്ങളെ കൂടുതൽ സംശയത്തിലാക്കുന്നു. ഒന്നും അറിഞ്ഞില്ലെന്ന് മന്ത്രിമാർ പറയുമ്പോഴും അനുമതി ഉത്തരവിന്റെ പകർപ്പ് കൂടുതൽ ഉന്നത ഉദ്യോഗസ്ഥർക്കും കിട്ടിയിട്ടുണ്ടെന്നാണ് രേഖകൾ തെളിയിക്കുന്നത്. “അനുമതി കിട്ടിയെങ്കിൽ മരം മുറിച്ച് തുടങ്ങിയിട്ടുണ്ടാകുമല്ലോ, അത് ഞാൻ അറിയേണ്ടല്ലോ’ എന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിന് വനം മന്ത്രി എ കെ ശശീന്ദ്രന്റെ പ്രതികരണം. കേരളത്തിലെ ജനങ്ങളുടെ ജീവനെയും സ്വത്തിനെയും ബാധിക്കുന്ന ഗുരുതര പ്രശ്‌നത്തിൽ സംസ്ഥാന സർക്കാർ ലാഘവത്തോടെ ഇടപെടുന്നുവെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. വർഷങ്ങളായി തുടരുന്ന അന്തർസംസ്ഥാന നദീജല തർക്കത്തിൽ തീരുമാനമെടുക്കാൻ ഒരു ഉദ്യോഗസ്ഥന് മാത്രം കഴിഞ്ഞുവെന്നതിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്. സംസ്ഥാനത്തെ ലക്ഷക്കണക്കിനാളുകളുടെ ജീവന് ഭീഷണിയായി നിൽക്കുന്ന പ്രശ്‌നത്തിൽ സർക്കാർ അറിയാതെ ചീഫ് വൈൽഡ് ലൈഫ് വാർഡന് തനിച്ച് തീരുമാനം എടുക്കാൻ കഴിയില്ലെന്നാണ് വനംവകുപ്പിൽ നിന്ന് ലഭിക്കുന്ന സൂചനകൾ.

തമിഴ്‌നാടിന് 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയതിൽ പിണറായി വിജയന് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ നന്ദി പറഞ്ഞ് പ്രസ്താവന ഇറക്കിയപ്പോഴാണ് മുഖ്യമന്ത്രിയും വനം മന്ത്രിയുമൊക്കെ ഈ വിവരം അറിഞ്ഞത് എന്നതിൽ അവ്യക്തതയുണ്ട്. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്‌സും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ബെന്നിച്ചൻ തോമസാണ് കഴിഞ്ഞ ദിവസം മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയത്. വെള്ളിയാഴ്ച ഉത്തരവിന്റെ പകർപ്പ് ജലവിഭവവകുപ്പിലെ അഡീഷനൽ ചീഫ് സെക്രട്ടറി ടി കെ ജോസിനും അയച്ചിരുന്നു. ടി കെ ജോസാണ് മുല്ലപ്പെരിയാർ ഉന്നതാധികാര സമിതിയിലെ കേരള പ്രതിനിധിയെന്നിരിക്കെ സ്റ്റാലിന്റെ പ്രസ്താവന വരും മുമ്പ് ടി കെ ജോസ് എന്ത് കൊണ്ട് ഇക്കാര്യം മുഖ്യമന്ത്രിയെയും ജലവിഭവ മന്ത്രിയെയും അറിയിച്ചില്ല എന്നതും ദുരൂഹത ഉയർത്തുന്നതാണ്.

2014 മുതൽ മരംമുറിക്കുള്ള അനുമതിക്കായി തമിഴ്‌നാട് സർക്കാർ ഔദ്യോഗികമായി നീക്കം തുടങ്ങിയിരുന്നു. എന്നാൽ, മുറിക്കാനുള്ള മരങ്ങളുടെ എണ്ണം പറയാനും പോർട്ടലിൽ അപേക്ഷിക്കാനുമൊക്കെ കേരളം തിരിച്ചും തമിഴ്‌നാടിന് നിർദേശം നൽകിയതുൾപ്പെടെയുള്ള നടപടികളൊന്നും മുഖ്യമന്ത്രിയും മന്ത്രിമാരും അറിയാതെയാകുമോ എന്ന കാര്യത്തിലും ദുരൂഹതയുണ്ട്.

അതേസമയം, അടുത്തമാസം നടക്കുന്ന കേരള-തമിഴ്‌നാട് മുഖ്യമന്ത്രി തല ചർച്ചക്ക് മുന്നോടിയായി സൗഹാർദ അന്തരീക്ഷം ഒരുക്കാൻ ഉന്നതങ്ങളിലെ നിർദേശ പ്രകാരം തന്നെയാണ് മരംമുറി അനുമതി എന്ന സൂചനകൾ തള്ളിക്കളയാനാകില്ല. ബേബി ഡാം ബലപ്പെടുത്താൻ സുപ്രീം കോടതി നൽകിയ ഉത്തരവിന്റെ പിൻബലത്തിലാണ് വനംവകുപ്പ് ഇപ്പോൾ വിവാദമായ അനുമതി നൽകിയിരിക്കുന്നത്. മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയാക്കി ഉയർത്താൻ സുപ്രീം കോടതി അനുമതി ലഭിച്ചപ്പോൾ മുതൽ ഇത് 152ലേക്കെത്തിക്കാനുള്ള നടപടികൾ തമിഴ്‌നാട് തുടങ്ങിയിരുന്നു. 2006ലെ സുപ്രീം കോടതി ഉത്തരവിൽ ബേബി ഡാമിന്റെയും എർത്ത് ബണ്ടിന്റെയും ബലപ്പെടുത്തൽ പൂർത്തിയാക്കിയ ശേഷം ജലനിരപ്പ് ഉയർത്തുന്ന കാര്യം പരിഗണിക്കാമെന്ന് കോടതി സൂചിപ്പിച്ചിരുന്നു. 2014ൽ തന്നെ 33 മരങ്ങൾ മുറിക്കാൻ അനുമതി തേടി വനംവകുപ്പിന് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് കത്തു നൽകിയിട്ടുണ്ട്.

തുടർന്ന് പരിവേശ് പോർട്ടൽ വഴി അപേക്ഷിക്കണമെന്നു കാണിച്ച് കേരളം ആദ്യം ഇത് തള്ളി. തമിഴ്‌നാട് ഈ പോർട്ടൽ വഴി അപേക്ഷിച്ചു. ഇത് പല കാരണങ്ങൾ ചൂണ്ടിക്കാട്ടി നിരവധി തവണ കേരളം തിരിച്ചയച്ചു. പിന്നീട് 2019ലാണ് അപേക്ഷ ആദ്യമായി സ്വീകരിച്ചത്. തുടർന്ന് പെരിയാർ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ സ്ഥലം പരിശോധിച്ചു. മരങ്ങളുടെ എണ്ണത്തിൽ വ്യത്യാസം കണ്ടെത്തിയതിനെ തുടർന്ന് വീണ്ടും മടക്കി. 2020ൽ 15 മരങ്ങൾ എന്ന കൃത്യമായ കണക്ക് നൽകി. പിന്നീട് ഒരു തവണ കൂടി നിരസിച്ച ശേഷമാണ് 2021ൽ ഡെപ്യൂട്ടി ഡയറക്ടർ ചീഫ് വൈൽഡ് ലൈഫ് വാർഡന് റിപ്പോർട്ട് നൽകിയത്. തുടർന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ സെപ്തംബറിൽ നേരിട്ടു പരിശോധന നടത്തിയാണ് അനുമതി നൽകിയത്. അതേസമയം, പാട്ടക്കരാറും വന്യജീവി സംരക്ഷണ നിയമത്തിലെ സെക്്ഷൻ 29ഉം അനുസരിച്ചാണ് അനുമതി നൽകിയതെന്നും കടുവ സങ്കേതത്തിന്റെ ബഫർ സോണിലുള്ള സ്ഥലമായതിനാൽ ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ അനുമതി വേണ്ടെന്നും വനംവകുപ്പ് പറയുന്നു.