Connect with us

Kerala

കുഞ്ഞിനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊന്ന അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും

കണ്ണൂര്‍ തയ്യില്‍ 2020 ഫെബ്രുവരി 17നു നടന്ന നാടിനെ നടുക്കിയ ക്രൂരതയിലാണ് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി

Published

|

Last Updated

കണ്ണൂര്‍ | ഒന്നരവയസുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും. കണ്ണൂര്‍ തയ്യില്‍ 2020 ഫെബ്രുവരി 17നു നടന്ന നാടിനെ നടുക്കിയ ക്രൂരതയിലാണ് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി.

ആണ്‍സുഹൃത്തിനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ഒന്നരവയസുകാരന്‍ വിയാനെ കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. ആണ്‍സുഹൃത്ത് നിധിനെ കോടതി വെറുതെ വിട്ടിരുന്നു. കുഞ്ഞിനെ ഭര്‍ത്താവ് തട്ടിക്കൊണ്ടുപോയെന്നും കൊലപ്പെടുത്തിയെന്നും വരുത്തി തീര്‍ക്കാനും ശരണ്യ ശ്രമിച്ചിരുന്നു. വിചാരണയ്ക്കിടെ കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജില്‍ വച്ച് പ്രതി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. മാനസാന്തരത്തിന് സാധ്യതയുണ്ടെന്നും അതിനാല്‍ പരമാവധി ശിക്ഷ നല്‍കരുതെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ശിക്ഷ ജീവപര്യന്തമാക്കിയതെന്നും പ്രതിഭാഗം അഭിഭാഷകന്‍ വ്യക്തമാക്കി.

‘കുഞ്ഞുങ്ങളുടെ ശവപ്പെട്ടികള്‍ക്കാണ് ഭാരം കൂടുതലെ’ന്ന നീറ്റുന്ന പരാമര്‍ശവും കോടതി ശിക്ഷാവിധിയില്‍ പറഞ്ഞു. അമ്മയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത ക്രൂരതയാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്. 47 സാക്ഷികളെ വിസ്തരിച്ചു. വിചാരണ മാസങ്ങള്‍ നീണ്ടുപോയി. പിഴത്തുകയായ ഒരു ലക്ഷം രൂപ കുഞ്ഞിന്റെ അച്ഛന് നല്‍കാനും കോടതി വിധിച്ചു. കേസിന്റെ പല ഘട്ടങ്ങളിലും കുഞ്ഞിന്റെ അച്ഛനെ പ്രതിസ്ഥാനത്ത് എത്തിക്കാനും ശ്രമം നടന്നിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തി എന്ന രീതിയില്‍ വരെ പരാതി വന്നിരുന്നു. ഇരുവരെയും മാറി മാറി ചോദ്യം ചെയ്യുന്നതിനിടെ ശരണ്യയുടെ ഫോണിലേക്ക് ആണ്‍ സുഹൃത്ത് നിതിന്റെ 24ഓളം മിസ് കോളുകളെത്തി. കേസില്‍ നിര്‍ണായകമായത് ഈ സംഭവമാണ്.

കുഞ്ഞില്ലാതെ ഒരുമിച്ച് ജീവിക്കാം എന്ന രീതിയില്‍ ഇവരുടെ ഫോണിലെ ചാറ്റുകളും പോലീസ് കണ്ടെത്തിയിരുന്നു. കടല്‍ത്തീരത്ത് കണ്ടെത്തിയ പൊട്ടിയ ചെരിപ്പും ശരണ്യയുടെ വസ്ത്രത്തിലെ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യവും ശരണ്യക്കെതിരായ നിര്‍ണായക തെളിവുകളായി. കൊലപ്പെടുത്തുന്നതിന് മുന്‍പ് ശരണ്യ കുഞ്ഞിന് മുലപ്പാല്‍ നല്‍കിയിരുന്നു. ഡിജിറ്റല്‍ തെളിവുകളും നിര്‍ണായകമായി.

---- facebook comment plugin here -----

Latest