Connect with us

Eranakulam

എ സി റിപ്പയർ ചെയ്ത് നൽകിയില്ല; മുപ്പതിനായിരം രൂപ പിഴ ചുമത്തി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

ന്യായമായ സമയത്തിനുള്ളിൽ റിപ്പയർ ചെയ്ത് നൽകാതിരിക്കുന്നത് അധാർമികമായ വ്യാപാര രീതിയും സേവനത്തിലെ ന്യുനതയും ആണെന്ന് കമ്മീഷൻ

Published

|

Last Updated

കൊച്ചി | ഒന്നര മാസം കഴിഞ്ഞിട്ടും എ സി റിപ്പയർ ചെയ്ത് നൽകാത്ത സർവീസ് സെന്റർ അധികൃതർക്ക് പിഴചുമത്തി എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. 30,000 രൂപ നഷ്ടപരിഹാരം നൽകാനാണ് ഉത്തരവ്. ഇടപ്പിള്ളിയിൽ പ്രവർത്തിക്കുന്ന എക്സ്പെർട്ട് ഗുഡ്സ് ആൻഡ് സർവീസസ് എന്ന സ്ഥാപനത്തിനാണ് പിഴ ചുമത്തിയത്. ന്യായമായ സമയത്തിനുള്ളിൽ റിപ്പയർ ചെയ്ത് നൽകാതിരിക്കുന്നത് അധാർമികമായ വ്യാപാര രീതിയും സേവനത്തിലെ ന്യുനതയും ആണെന്ന് ഡിബി ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി. എറണാകുളം, തിരുവാങ്കുളം സ്വദേശി കെ ഇന്ദുചൂഡന്റെ പരാതിയിലാണ് നടപടി.

വോൾടാസ് സ്പ്ലിറ്റ് എ സി റിപ്പയർ ചെയ്യാനാണ് പരാതിക്കാരൻ സർവീസ് സെന്ററിനെ സമീപിച്ചത്. പരാതി പരിഹരിക്കാൻ 10,000 രൂപ എസ്റ്റിമേറ്റ് നിശ്ചയിക്കുകയും അതിൽ 5000 രൂപ അഡ്വാൻസ് നൽകുകയും ചെയ്തു. എന്നാൽ എസി റിപ്പയർ ചെയ്തു നൽകിയില്ല. പല തവണ ആവശ്യപ്പെട്ടിട്ടും നന്നാക്കി നൽകാനോ എ സി യൂണിറ്റ് തിരിച്ചു നൽകാനോ തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് ഇന്ദുചൂഡൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.

എസി യൂണിറ്റ് റിപ്പയർ ചെയ്ത് നൽകണമെന്നും അത് നൽകാൻ കഴിയാത്തപക്ഷം അഡ്വാൻസായി വാങ്ങിയ 5000 രൂപ എതിർകക്ഷി പരാതിക്കാരന് തിരിച്ചു നൽകണമെന്നും കൂടാതെ 20,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും നൽകണമെന്നുമാണ് വിധി. 45 ദിവസത്തിനകം പരാതിക്കാരന് തുക നൽകണമെനന്നും കമ്മീഷൻ എതിർകക്ഷികൾക്ക് ഉത്തരവ് നൽകി.

പരാതിക്കാരന് വേണ്ടി അഡ്വ. അഗസ്റ്റസ് ബിനു കമ്മീഷന് മുമ്പാകെ ഹാജരായി.