International
ഇന്ത്യയുടെ സുരക്ഷാ ആശങ്ക പരിഗണിക്കുന്നു; ചൈനീസ് ഗവേഷണ കപ്പലിന് അനുമതി നിഷേധിച്ച് ശ്രീലങ്ക
ഇന്ത്യയുടെ അശങ്ക ശ്രീലങ്ക കണക്കിലെടുക്കുന്നുവെന്നും സുരക്ഷ മുന്‍നിര്‍ത്തിയാണ് കപ്പലിന് അനുമതി നിഷേധിക്കുന്നതെന്നും ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി അലി സാബ്രി വ്യക്തമാക്കി

ന്യൂയോര്‍ക്ക് | ഇന്ത്യ സുരക്ഷാ ഭീഷണി അറിയിച്ചതിന് പിറകെ ചൈനീസ് ഗവേഷണ കപ്പലിന് അനുമതി നിഷേധിച്ച് ശ്രീലങ്ക. സുരക്ഷ സംബന്ധിച്ച ഇന്ത്യയുടെ അശങ്ക ശ്രീലങ്ക കണക്കിലെടുക്കുന്നുവെന്നും സുരക്ഷ മുന്‍നിര്‍ത്തിയാണ് കപ്പലിന് അനുമതി നിഷേധിക്കുന്നതെന്നും ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി അലി സാബ്രി വ്യക്തമാക്കി.
ചൈനീസ് ഗവേഷണ കപ്പലായ ഷിയാന്‍ 6 ശ്രീലങ്കയില്‍ നങ്കൂരമിടുന്നതില്‍ ഇന്ത്യ ശ്രീലങ്കയെ ആശങ്ക അറിയിച്ചിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന നടത്തുന്ന സൈനിക ഇടപെടലുകള്‍ ഇന്ത്യക്ക് ഭീഷണിയാകുമെന്നാണ് ആശങ്ക. ഇന്ത്യ ഉള്‍പ്പെടെയുള്ള സൗഹൃദരാജ്യങ്ങളുടെ ഇത് സംബന്ധിച്ച ആശങ്ക പരിഗണിക്കുന്നതിനാലാണ് ഈ തീരുമാനമെന്നും അലി സാബ്രി വ്യക്തമാക്കി.
അതേ സമയം ഇന്ത്യ കാനഡ നയതന്ത്ര തര്‍ക്കത്തില്‍ ഇന്ത്യയെ പിന്തുണച്ച് ശ്രീലങ്ക രംഗത്തെത്തിയിരുന്നു. ഭീകരര്‍ക്ക് കാനഡ സുരക്ഷിത താവളമാവുകയാണെന്നും ഖലിസ്ഥാന്‍വാദിയുടെ കൊലപാതകത്തില്‍ ഇന്ത്യക്കെതിരെ പൊള്ളയായ ആരോപണങ്ങളാണ് കാനഡ ഉന്നയിക്കുന്നതെന്നും ശ്രീലങ്ക പറഞ്ഞിരുന്നു