local body election 2025
നന്നമ്പ്രയിൽ കോൺഗ്രസ്സിന് എട്ട് സീറ്റ്; യു ഡി എഫ് ധാരണയായി
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മുസ്്ലിം ലീഗ്, കോൺഗ്രസ്സ്, വെൽഫയർ പാർട്ടി ഒന്നിച്ച് മത്സരിക്കാൻ മാരത്തൺ ചർച്ചക്ക് ശേഷമാണ് തീരുമാനമായത്.
തിരൂരങ്ങാടി | നന്നമ്പ്ര പഞ്ചായത്തിലെ ലീഗ്-കോൺഗ്രസ്സ് തർക്കത്തിന് ഒടുവില്‍ തീരുമാനം. കോൺഗ്രസ്സിന് മുന്നിൽ ലീഗ് മുട്ടുമടക്കിയെന്നും കോൺഗ്രസ്സ് അയഞ്ഞുവെന്നും സംസാരമുണ്ട്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ്, കോൺഗ്രസ്സ്, വെൽഫയർ പാർട്ടി ഒന്നിച്ച് മത്സരിക്കാൻ മാരത്തൺ ചർച്ചക്ക് ശേഷമാണ് തീരുമാനമായത്.
നിലവിൽ കോൺഗ്രസ്സിന് ഏഴ് സീറ്റും ഒരു ബ്ലോക്ക് പഞ്ചായത്ത് സീറ്റുമാണ് ഉണ്ടായിരുന്നത്. അത് മാത്രമേ ഇത്തവണയും നൽകുകയുള്ളൂവെന്ന നിലപാടായിരുന്നു ലീഗിന്. എന്നാൽ ഗ്രാമപഞ്ചായത്തിലേക്ക് വർധിച്ച മൂന്ന് സീറ്റിൽ ഒന്ന് കൂടി വേണമെന്ന് കോൺഗ്രസ്സ് ആവശ്യപ്പെട്ടു. പക്ഷേ ലീഗ് സമ്മതിച്ചില്ല. അതോടെ കോൺഗ്രസ്സ് ലീഗുമായുള്ള ചർച്ച അവസാനിപ്പിച്ച് മറ്റു വഴി തേടുകയായിരുന്നു. അതിനിടെ എൽ ഡി എഫ് കോൺഗ്രസ്സുമായി ചർച്ചക്ക് തയ്യാറായി. ഇതേ തുടര്‍ന്നാണ് ലീഗ് വഴങ്ങിയത്. 24 സീറ്റിൽ 14 മുസ്‌ലിം ലീഗിനും എട്ട് കോൺഗ്രസ്സിനും രണ്ട് വെൽഫെയർ പാർട്ടിക്കും നൽകിയാണ് പരിഹാരമായത്. മുസ്്ലിം ലീഗ് മത്സരിക്കുന്ന വാർഡുകൾ രണ്ട്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, 10, 12, 13, 14, 17, 21, 23, 24 എന്നിവയും കോൺഗ്രസ്സ് ഒന്ന്, മൂന്ന്, ഒമ്പത്, 11, 15, 16, 19, 22 എന്നീ വാർഡുകളിലും വെൽഫെയർ പാർട്ടി 18, 20 വാർഡുകളിലുമാണ് മത്സരിക്കാൻ ധാരണയായത്.
മൂന്ന് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലെ കുണ്ടൂർ, കൊടിഞ്ഞി സീറ്റുകളിൽ ലീഗും നന്നമ്പ്ര സീറ്റിൽ കോൺഗ്രസ്സും മത്സരിക്കും. കോൺഗ്രസ്സ് സീറ്റിന് വേണ്ടി വിലങ്ങ് നിന്നപ്പോൾ പല ചർച്ചകളിലും വഴിമുട്ടി അ വസാനം വർധിച്ച സീറ്റിൽ ഒരു സീറ്റ് കൂടി കോൺഗ്രസ്സിന് നൽകിയതോടെയാണ് പ്രശ്നപരിഹാരമായത്. ഇന്നലെ രാവിലെ നടന്ന ചർച്ചക്കൊടുവിലാണ് യു ഡി എഫിന് വഴിതെളിഞ്ഞത്. കെ പി ഹൈദ്രോസ്കോയ തങ്ങൾ, കാവുങ്ങൽ കുഞ്ഞിമരക്കാർ, ലക്കി റസാഖ് ഹാജി, എൻ വി മൂസക്കുട്ടി, യു മുസ്തഫ, സജിത്ത് കച്ചേരി, ബാവ ചെറുമുക്ക്, എം സി കുഞ്ഞുട്ടി നീലങ്ങത്ത് സലാം, ശാഫി പൂക്കയിൽ, മദാരി അബ്ദുര്‍റഹ്്മാൻ കുട്ടി ഹാജി, ആലി ഹാജി, ലത്വീഫ് കൊടിഞ്ഞി, റഹീം ചർച്ചയിൽ പങ്കെടുത്തു.


