Connect with us

Articles

അങ്കം കുറിക്കുന്ന കോണ്‍ഗ്രസ്സ്

ഓരോ ചുവടും സൂക്ഷ്മമായും ആസൂത്രിതമായും മാത്രം മുന്നോട്ടു വെക്കേണ്ടതിന്റെ ആവശ്യകത ഓരോ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനില്‍ നിന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ആവര്‍ത്തിച്ച് ആവശ്യപ്പെടാന്‍ ഹൈദരാബാദിനെ വേദിയാക്കിയതിനു പിന്നിലെ രാഷ്ട്രീയം വ്യക്തമാണ്.

Published

|

Last Updated

ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ ചരിത്രത്തില്‍ ഒരു തവണ മാത്രമാണ് ഗാന്ധിജി പ്രസിഡന്റായത്. 1924ല്‍ ബല്‍ഗാമില്‍ നടന്ന 39ാമത് എ ഐ സി സി സെഷനിലായിരുന്നുവത്. സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് ഇന്നത്തെ കര്‍ണാടക സംസ്ഥാനത്ത് മറ്റെവിടെയും എ ഐ സി സി സമ്മേളിച്ചിട്ടില്ല. ബ്രിട്ടനെതിരെ ആയുധമേന്തി യുദ്ധം ചെയ്ത റാണി കിട്ടൂര്‍ ചെന്നമ്മയുടെ ചരിത്രം ഒരുപക്ഷേ ബല്‍ഗാമിനെ തിരഞ്ഞെടുക്കാന്‍ അക്കാലത്തെ കോണ്‍ഗ്രസ്സ് നേതാക്കളെ പ്രേരിപ്പിച്ചു കാണണം. ഏതായാലും ബി ജെ പിയെ തോല്‍പ്പിച്ച് അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതിനേക്കാള്‍ വലിയ ശതാബ്ധി സമ്മാനം ഗാന്ധിജിയുടെ എ ഐ സി സി പ്രസിഡന്റ് പദവിക്കും ബല്‍ഗാം എ ഐ സി സി സമ്മേളനത്തിനും നല്‍കാനില്ലെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രഖ്യാപിച്ചിരിക്കുകയാണ്. സമീപകാല രാഷ്ട്രീയത്തില്‍ ഇത്രയേറെ ചര്‍ച്ച ചെയ്യുകയും ശുഭപര്യവസായിയായി കലാശിക്കുകയും ചെയ്ത മറ്റൊരു കോണ്‍ഗ്രസ്സ് പരിപാടി ഇല്ലെന്നു തന്നെ പറയാം.

പ്രത്യയശാസ്ത്ര ബോധ്യങ്ങളില്‍ ഊന്നി ഉറച്ച നിലപാടുകളിലേക്ക് കോണ്‍ഗ്രസ്സ് മടങ്ങുന്നതിന്റെ സൂചനകള്‍ ഹൈദരാബാദ് സമ്മേളനം ദൃശ്യമാക്കി. ദളിത്-പിന്നാക്ക ജനതയെ ചേര്‍ത്ത് പിടിക്കാന്‍ നടപടി കൈക്കൊണ്ടു. ജനസംഖ്യാനുപാതികമായ അവസരവും ജാതി സെന്‍സസും പരസ്യ പ്രഖ്യാപനങ്ങളുടെ ഭാഗമായി. ഗ്രാമീണ ജനതയുടെ ഹൃദയ വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്ന തീരുമാനങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി നേരിട്ട് മേല്‍നോട്ടം വഹിക്കുന്നു. കര്‍ഷകര്‍, തൊഴിലന്വേഷകരായ യുവാക്കള്‍, വീട്ടമ്മമാര്‍, വിദ്യാര്‍ഥികള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരെ ലക്ഷ്യമിട്ട് 35,410 കോടിയുടെ പദ്ധതികള്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് എ ഐ സി സിയുടെ കൂടി മേല്‍നോട്ടത്തിലാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ അഞ്ചിന വാഗ്ദാനങ്ങളില്‍ ഇതും ഉള്‍പ്പെടും. ഈ മാതൃക നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോകുന്ന സംസ്ഥാനങ്ങളില്‍ പ്രാബല്യത്തില്‍ കൊണ്ടുവരും. ഭരണ പരാജയങ്ങള്‍ ഹിന്ദു- മുസ്ലിം വിഭജനങ്ങളിലൂടെ മറികടക്കുന്ന ബി ജെ പിയുടെ തന്ത്രങ്ങള്‍ക്ക് തലവെക്കാതെ ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തി മുന്നോട്ട് പോകാനാണ് തീരുമാനം.

‘ഇന്ത്യ’ മുന്നണിയെ ആശയപരമായും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ശക്തിപ്പെടുത്താന്‍ വിശാല പ്രവര്‍ത്തക സമിതി തീരുമാനമെടുത്തിട്ടുണ്ട്. മുന്നണി രാഷ്ട്രീയ മര്യാദകള്‍ പാലിക്കുന്ന കാര്യത്തില്‍ വലിയ ചീത്തപ്പേര് ബി ജെ പിക്കുണ്ട്. സഖ്യകക്ഷികളെ വിഴുങ്ങാന്‍ തക്കം പാര്‍ക്കുന്ന ബി ജെ പിയുടെ ആര്‍ത്തിയാണ് അകാലിദള്‍, ജനതാദള്‍(യു), ഉദ്ധവ് താക്കറെ തുടങ്ങിയവരെ പലായനം ചെയ്യാന്‍ പ്രേരിപ്പിച്ചത്. അണ്ണാ ഡി എം കെ, ബിജു ജനതാ ദള്‍ തുടങ്ങിയവയും അതേ പാതയിലാണ്. എന്നാല്‍ ‘ഇന്ത്യ’ മുന്നണിയില്‍ കോണ്‍ഗ്രസ്സ് സ്വീകരിക്കുന്ന സമീപനങ്ങള്‍ വിമര്‍ശകരെ പോലും വായടപ്പിക്കാന്‍ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിനുണ്ടായ ശ്രദ്ധേയമായ മാറ്റമായും ജനാധിപത്യ വിശ്വാസികള്‍ കോണ്‍ഗ്രസ്സില്‍ പ്രതീക്ഷ വെക്കാനുള്ള കാരണമായും ഇതിനെ കാണാവുന്നതാണ്.

2019ല്‍ സങ്കല്‍പ്പിക്കുക സാധ്യമല്ലാത്ത പല കൂട്ടുകെട്ടുകളും ആദ്യ ചുവടുകളില്‍ തന്നെ സാധ്യമാക്കാന്‍ ‘ഇന്ത്യ’ മുന്നണിക്ക് കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ്സ് – എ എ പി, മമത- സി പി എം, നിതീഷ് – ലാലു, കോണ്‍ഗ്രസ്സ് – പവാര്‍ – ഉദ്ധവ് എന്നിവ അതില്‍ പെടും. ലോക്സഭയുടെ 22 ശതമാനം സീറ്റുകള്‍ ഉള്‍ക്കൊള്ളുന്ന ബംഗാള്‍, ബിഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ പ്രാഥമിക ഘട്ടത്തില്‍ തന്നെ രൂപപ്പെട്ട പുതിയ മുന്നേറ്റം ബി ജെ പിയെ സാരമായി ബാധിക്കുമെന്നതില്‍ സംശയമില്ല. നിലവില്‍ ഇവിടെ നിന്ന് 58 സീറ്റുകള്‍ ബി ജെ പി നേടിയിട്ടുണ്ട്. യു പിയിലെ ഘോസി ഉപതിരഞ്ഞെടുപ്പില്‍ ‘ഇന്ത്യ’ സ്ഥാനാര്‍ഥി അര ലക്ഷത്തിനടുത്ത് വോട്ടിന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എസ് പി – കോണ്‍ഗ്രസ്സ് – ആര്‍ എല്‍ ഡി ഉള്‍പ്പെടുന്ന ‘ഇന്ത്യ’ മുന്നണി 20 ശതമാനം മുസ്ലിം, ഒമ്പത് ശതമാനം യാദവ, ആറ് ശതമാനം ജാട്ട് എന്ന വോട്ട് ബേങ്കിനെയാണ് നിലവില്‍ കേന്ദ്രീകരിക്കുന്നത്. 20 ശതമാനം ദളിത്, 30 ശതമാനം വരുന്ന മറ്റ് ഒ ബി സി വിഭാഗങ്ങള്‍ എന്നിവയിലേക്ക് ഭാഗികമായെങ്കിലും കടന്നുകയറിയാല്‍ അത്്ഭുതം സംഭവിക്കുമെന്നതില്‍ തര്‍ക്കമില്ല. ബ്രാഹ്മിണ്‍ – ഠാക്കൂര്‍ വോട്ടുകള്‍ പതിനഞ്ച് ശതമാനത്തോളം വേറെയുണ്ട്.

പുതിയ കാലത്തെ രാഷ്ട്രീയത്തെ സംസ്ഥാനത്തും ദേശീയ തലത്തിലും കോണ്‍ഗ്രസ്സ് സമീപിക്കുന്ന രീതികള്‍ വളരെ പ്രധാനമാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കോണ്‍ഗ്രസ്സ് ചരിത്രവുമായി ഇതിനു ബന്ധമുണ്ട്. കാല്‍ നൂറ്റാണ്ട് വീതമുള്ള മൂന്ന് പാദങ്ങളായി കോണ്‍ഗ്രസ്സ് നാള്‍വഴികള്‍ തരം തിരിച്ചാല്‍ 1950 മുതല്‍ 1975 വരെയുള്ള ആദ്യ പാദം സ്വാതന്ത്ര്യ സമരനായകര്‍ നേതൃത്വം വഹിച്ച കോണ്‍ഗ്രസ്സിന്റെ സുവര്‍ണ യുഗമായിരുന്നു. ഒരു ഭരണഘടനാ സ്ഥാപനം പോലെ കോണ്‍ഗ്രസ്സ് ഔദ്യോഗിക ഭാവം കൈവരിച്ചിരുന്നു. പാകപ്പിഴവുകളും കൊഴിഞ്ഞു പോക്കും ബാധിക്കാത്ത എതിരാളികളില്ലാത്ത പ്രസ്ഥാനമായി കോണ്‍ഗ്രസ്സ് തലയുയര്‍ത്തി നിന്നു. അക്കാലത്ത് നേതൃത്വത്തിലേക്ക് കടന്നു വന്നവര്‍ക്ക് രക്ഷാ കവചമായി പാര്‍ട്ടി പരിവേഷമുണ്ടായിരുന്നു.

1975 മുതല്‍ രണ്ടായിരം വരെയുള്ള രണ്ടാം പാദം തിരിച്ചടികളും തിരിച്ചു വരവും വന്‍ വിജയവും നിറഞ്ഞതാണ്. സംഘ്പരിവാര്‍ പ്രഹര ശേഷി കാട്ടിത്തുടങ്ങിയതും അക്കാലത്താണ്. കോണ്‍ഗ്രസ്സാണ് എന്നതു കൊണ്ട് മാത്രം വിജയം കൈവരില്ലെന്നും കഠിനാധ്വാനവും മത്സരക്ഷമതയും അതിനാവശ്യമാണ് എന്നും അക്കാലം കോണ്‍ഗ്രസ്സ് നേതാക്കളെ പഠിപ്പിച്ചു.

രണ്ടായിരം മുതലുള്ള മൂന്നാം പാദത്തിന്റെ അവസാന ദശകം കോണ്‍ഗ്രസ്സിനെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്നതിന് സാക്ഷ്യം വഹിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും അഭിശപ്തമായ നടപ്പു ഘട്ടത്തില്‍ കോണ്‍ഗ്രസ്സ് നശിച്ചാല്‍ രാജ്യത്തിനു സംഭവിക്കുന്ന വിപത്ത് ഒരു കാലത്ത് കോണ്‍ഗ്രസ്സിനെ നഖശിഖാന്തം എതിര്‍ത്തിരുന്ന എല്ലാ ജനാധിപത്യ കക്ഷികളും തിരിച്ചറിഞ്ഞുവെന്നതാണ് പ്രത്യേകത. ഓരോ ചുവടും സൂക്ഷ്മമായും ആസൂത്രിതമായും മാത്രം മുന്നോട്ടു വെക്കേണ്ടതിന്റെ ആവശ്യകത ഓരോ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനില്‍ നിന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ആവര്‍ത്തിച്ച് ആവശ്യപ്പെടാന്‍ ഹൈദരാബാദിനെ വേദിയാക്കിയതിനു പിന്നിലെ രാഷ്ട്രീയം വ്യക്തമാണ്. രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ വലിയ ആശ്വാസത്തോടെയാണ് മാറുന്ന കോണ്‍ഗ്രസ്സിനെ ഉറ്റു നോക്കുന്നത്.

ബി ജെ പിയുടെ ഭരണ പരാജയങ്ങള്‍ വിഭജന രാഷ്ട്രീയത്തെ വകഞ്ഞു മാറ്റി തല നീട്ടുന്നതാണ് ഇന്ത്യയുടെ ഗ്രാമീണ കാഴ്ചകള്‍. യു എന്‍ ഡി പി കണക്കനുസരിച്ച് ലോകത്ത് ഏറ്റവുമധികം പട്ടിണി പാവങ്ങള്‍ അധിവസിക്കുന്നത് ഇന്ത്യയിലാണ്. 23 കോടി ആളുകള്‍. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ മോദി സര്‍ക്കാര്‍ ലോണും കുടിശ്ശികയുമായി എഴുതിത്തള്ളിയത് 23 ലക്ഷം കോടി രൂപയാണ്. മുഴുവന്‍ ഇന്ത്യക്കാര്‍ക്കും സൗജന്യ ഭക്ഷണം നല്‍കാന്‍ ഒമ്പത് വര്‍ഷത്തേക്ക് 15 ലക്ഷം കോടി മതിയെന്നാണ് കണക്ക്. കാല്‍ നൂറ്റാണ്ടായി വിവിധ വിഷയങ്ങളില്‍ ആധികാരിക പഠന റിപോര്‍ട്ടുകള്‍ പുറത്തിറക്കുന്ന വിവിധ ഏജന്‍സികള്‍ ആഗോള തലത്തിലുണ്ട്. ഔദ്യോഗിക മാനങ്ങളോടെയാണ് അവയെ രാജ്യങ്ങള്‍ കാണാറുള്ളത്. യു എന്‍ ഡി പി, വേള്‍ഡ് ഇക്കണോമിക് ഫോറം, കണ്‍സേണ്‍ വേള്‍ഡ് വൈഡ്, ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷനല്‍, യേല- കൊളംമ്പിയ വാഴ്സിറ്റി, ജര്‍മന്‍ വാച്ച്, റിപോര്‍ട്ട് വിത്തൗട്ട് ബോര്‍ഡേഴ്സ് എന്നിവ അതില്‍ ചിലതു മാത്രമാണ്. അവര്‍ വിവിധ വിഷയങ്ങളില്‍ പഠന റിപോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടിണി, ദാരിദ്ര്യം, മനുഷ്യവികസനം, പത്ര സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം, നിയമ വാഴ്ച, അസമത്വ ലഘൂകരണം, പരിസ്ഥിതി സംരക്ഷണം, വിദ്യാഭ്യാസ നീക്കിയിരുപ്പ്, സന്തോഷം, സമാധാനം, ജനാധിപത്യം തുടങ്ങി വിവിധ മേഖലകളില്‍ റിപോര്‍ട്ട് പുറത്തു വന്നിട്ടുണ്ട്. പരിതാപകരമാണ് ഇന്ത്യയുടെ സ്ഥാനങ്ങള്‍. പഠന റിപോര്‍ട്ടുകള്‍ക്കെതിരെ പ്രസ്താവനയിറക്കി കണ്ണടച്ച് ഇരുട്ടാക്കുന്നതില്‍ കേന്ദ്ര മന്ത്രാലയങ്ങള്‍ തങ്ങളുടെ ജോലി അവസാനിപ്പിക്കുന്നു. ഇന്ത്യയുടെ യഥാര്‍ഥ ചിത്രമാണ് റിപോര്‍ട്ടുകള്‍ അനാവൃതമാക്കുന്നത്.

തിളക്കുന്ന ഈ ജനരോഷം മുതലെടുക്കാന്‍ രൂപഭാവങ്ങള്‍ മാറ്റി മുന്നോട്ടു വരുന്ന കോണ്‍ഗ്രസ്സിനും ‘ഇന്ത്യ’ മുന്നണിക്കും കഴിയുമെന്ന് തന്നെയാണ് ജനാധിപത്യ വിശ്വാസികള്‍ പ്രത്യാശിക്കുന്നത്.

 

 

 

 

Latest