Kerala
'ബിഹാർ ബീഡി'യിൽ പുകഞ്ഞ് സോഷ്യൽ മീഡിയ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം
കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് വിശദീകരണം തേടി

തിരുവനന്തപുരം | കെ പി സി സിയുടെ ഔദ്യോഗിക എക്സ് പേജിൽ വന്ന ബിഹാർ ബീഡി പോസ്റ്റിൽ പ്രതിരോധത്തിലായ കോൺഗ്രസ്സ് ഡിജിറ്റൽ മീഡിയ തലവൻ വി ടി ബൽറാമിനെതിരെ കടുത്ത നടപടിക്ക്. കെ പി സി സി സോഷ്യൽ മീഡിയ ചുമതലയിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കം തുടങ്ങിയതോടെ ബൽറാം സ്ഥാനമൊഴിഞ്ഞു. കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്, വി ടി ബൽറാമിനോട് വിശദീകരണം തേടിയതിന് പിന്നാലെയാണ് രാജി. ചുമതല ഒഴിയണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടിരുന്നു. വിവാദ പോസ്റ്റിന് പിന്നാലെ കെ പി സി സി നേതൃത്വത്തോട് ഹൈക്കമാൻഡ് വിശദീകരണം തേടിയിരുന്നു.
ഡിജിറ്റൽ മീഡിയ വിഭാഗത്തിനെതിരെ നടപടി എടുക്കാനായിരുന്നു ഹൈക്കമാൻഡ് നിർദേശിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഡിജിറ്റൽ മീഡിയ തലവനെ തന്നെ പുറത്താക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിച്ച നേതാക്കൾക്കെതിരെ ഡിജിറ്റൽ മീഡിയ വിഭാഗം സൈബർ ആക്രമണം നടത്തിയെന്നും ആരോപണമുണ്ടായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്ക് നേരെയാണ് സൈബർ ആക്രമണം നടന്നത്.
‘ബിഹാർ ബീഡി’ പരാമർശത്തിൽ കോൺഗ്രസ്സിനെതിരെ ബി ജെ പി പ്രതിഷേധം കടുപ്പിച്ചിരുന്നു. ബിഹാറും ബീഡിയും തുടങ്ങുന്നത് ‘ബി’ എന്ന അക്ഷരത്തിലാണ്, ഇതാണ് ബീഡിയുടെ ജി എസ് ടി കുറക്കാൻ കാരണമെന്നായിരുന്നു കെ പി സി സിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ്. ഇതിനു പിന്നാലെ കോൺഗ്രസ്സ് ബിഹാറിനെ അപമാനിച്ചുവെന്നാണ് ബി ജെ പി ആരോപണമുയർത്തിയത്. വോട്ട് ചോരി ആരോപണം ഉന്നയിച്ച് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ബിഹാറിൽ വോട്ടർ അധികാർ യാത്ര നടത്തിയതിന് പിന്നാലെ കേരളത്തിലെ സോഷ്യൽ മീഡിയ വിഭാഗം വരുത്തിയ പിഴവ് കോൺഗ്രസ്സിനെ പ്രതിരോധത്തിലാക്കിയിരുന്നു. ബിഹാറിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തേജസ്വി യാദവും രാഹുൽ ഗാന്ധിയും ബിഹാർ കേന്ദ്രീകരിച്ച് നടത്തുന്ന നീക്കങ്ങളുടെ മുനയൊടിക്കുന്നതാണ് വിവാദ പോസ്റ്റെന്നാണ് കേന്ദ്ര നേതൃത്വത്തിൻ്റെ വിലയിരുത്തൽ.