Connect with us

From the print

കുഴഞ്ഞു മറിഞ്ഞ് ബലാബലം; പുതിയ പോര്‍മുഖം തുറന്ന് ലീഗ് വിരുദ്ധ പക്ഷം

ഇ കെ വിഭാഗം സമ്മേളനം കൈപ്പിടിയിലൊതുക്കാനായെന്ന് വിലയിരുത്തല്‍. ലീഗ് നേതാക്കള്‍ക്ക് പ്രാധാന്യം ലഭിച്ചില്ല.

Published

|

Last Updated

കല്‍പ്പറ്റ  ബെംഗളൂരുവില്‍ നടന്ന ഇ കെ വിഭാഗം 100ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തില്‍ ലഭിച്ച മേല്‍ക്കൈയുടെ ആത്മവിശ്വാസത്തില്‍ പുതിയ പോര്‍മുഖം തുറന്ന് ലീഗ് വിരുദ്ധ പക്ഷം. രൂപവത്‌കരിക്കാനിരിക്കുന്ന പാണക്കാട് ഖാസി ഫൗണ്ടേഷനെ മുന്‍നിര്‍ത്തി ഇ കെ വിഭാഗത്തെ പ്രതിരോധിക്കാനുളള ലീഗ് ശ്രമത്തിന് ശക്തമായ തിരിച്ചടി ബെംഗളൂരുവില്‍ നല്‍കാന്‍ കഴിഞ്ഞെന്നാണ് ലീഗ് വിരുദ്ധരായ ‘ശജറ പക്ഷം’ പറയുന്നത്. പട്ടിക്കാട് സമ്മേളനത്തിലെ വിലക്കിനെയും യുവനേതാക്കളുടെ പ്രസംഗങ്ങളെയും തുടര്‍ന്ന് ചെറിയ പ്രതിരോധത്താലായിരുന്നു ഇവര്‍. എന്നാല്‍ മുഈനലി തങ്ങള്‍ക്കെതിരെയുണ്ടായ വധഭീഷണിയോടെ ഇത് മറികടക്കാനായെന്നും ബെംഗളൂരു സമ്മേളനത്തോടെ കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമായെന്നും ഇവര്‍ കരുതുന്നു. അടുത്ത ദിവസം നടക്കുന്ന എസ് കെ എസ് എസ് എഫ് സമ്മേളനത്തോടെ കൂടുതല്‍ ശക്തി സംഭരിക്കാനാകുമെന്നും നേതാക്കള്‍ കണക്കുകൂട്ടുന്നു.

സമ്മേളനത്തിന് പിറകെ പ്രചാരണവും നടത്തിപ്പും യോഗത്തിലെ ചില സംഭവ വികാസങ്ങളും ചൂണ്ടിക്കാട്ടി ഇരു വിഭാഗവും സാമൂഹിക മാധ്യമങ്ങളിലടക്കം പോരടിക്കുകയാണ്. സ്റ്റേജിന്റെ നിയന്ത്രണം പൂര്‍ണമായും ലീഗ് വിരുദ്ധ പക്ഷത്തിനായിരുന്നു.

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലീഗ് നേതാക്കള്‍ക്ക് വലിയ പ്രാധാന്യം ലഭിക്കാതെയുള്ള സമ്മേളനമാണ് ബെംഗളൂരുവില്‍ നടന്നത്. പതിവുള്ള ലീഗ് നേതാക്കളുടെ വലിയ ബാഹുല്യം സമ്മേളന വേദിയിലുണ്ടായില്ല. അവരുടെ പ്രസംഗങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചതുമില്ല. സമ്മേളനത്തിനെത്തിയ ജിഫ്രി തങ്ങള്‍ക്ക് വലിയ സ്വീകരണം ലഭിച്ചപ്പോള്‍, യുവജന വിഭാഗം നേതാവും ലീഗ് പ്രസിഡന്റുമായ സ്വാദിഖലി തങ്ങള്‍ക്ക് വേണ്ട പരിഗണന ലഭിച്ചില്ലെന്നും ലീഗ് അനുകൂല പക്ഷം പറയുന്നു. ഇതിനു സാഹചര്യം ഒരുക്കും വിധത്തിലാണ് സമ്മേളനത്തിന്റെ അനൗണ്‍സ്മെന്റ് സംവിധാനിച്ചതെന്നും ഇക്കൂട്ടര്‍ വിശദീകരിക്കുന്നു.

ലീഗില്ലാതെയും സമ്മേളനം നടത്താന്‍ കഴിയുമെന്ന് കാണിച്ചു നല്‍കിയതായാണ് മറുപക്ഷത്തിന്റെ അവകാശവാദം. പട്ടിക്കാട് ജാമിഅ സമ്മേളനത്തില്‍ തങ്ങളുടെ നേതാക്കളെ വെട്ടിനിരത്തി ലീഗ് അനുകൂലികള്‍ നടത്തിയ നീക്കത്തിന് ബെംഗളൂരുവില്‍ തിരിച്ചടി നല്‍കാന്‍ കഴിഞ്ഞതായും ഇവര്‍ പറയുന്നു. എന്നാല്‍, സമ്മേളനത്തിന് എത്തിയവരില്‍ 80 ശതമാനവും ലീഗ് പ്രവര്‍ത്തകരാണെന്ന് ‘കമ്മ്യൂണിസ്റ്റ് സമസ്ത’ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നവര്‍ ഓര്‍ക്കണമെന്ന് പറഞ്ഞാണ് ലീഗ് അനുകൂലികള്‍ തിരിച്ചടിക്കുന്നത്. പാണക്കാട്ടെ തങ്ങന്‍മാര്‍ക്ക് മുന്‍കാല നേതാക്കള്‍ നല്‍കിയ പ്രാധാന്യം ബെംഗളൂരുവില്‍ നല്‍കിയില്ലെന്ന് ലീഗ് അനുകൂലികളും പറയുന്നു.

സമ്മേളനത്തിന് തയ്യാറാക്കിയ പോസ്റ്റര്‍ മുതല്‍ അവഗണനയായിരുന്നു. ജിഫ്രി തങ്ങള്‍ക്കും ആലിക്കുട്ടി മുസ്‌ലിയാര്‍ക്കുമൊപ്പം പാണക്കാട് സ്വാദിഖലി തങ്ങളുടെ ഫോട്ടോ പോസ്റ്ററില്‍ ഇടംപിടിച്ചില്ല. ‘സയ്യിദുല്‍ ഉലമ’യുടെ വിളികേട്ടാണ് ബെംഗളൂരുവിലേക്ക് വരുന്നതെന്ന തരത്തില്‍ മൊബൈല്‍ സ്റ്റാറ്റസ് ക്യാമ്പയിന്‍ നടത്തി. സമ്മേളത്തില്‍ ജിഫ്രി തങ്ങളെ മാത്രം സര്‍ക്കാറിന്റെ അതിഥിയാക്കാന്‍ കരുക്കള്‍ നീക്കി. എന്നാല്‍ കെ എം സി സി നേതാക്കള്‍ ഇടപെട്ട് സ്വാദിഖലി തങ്ങള്‍ക്കും സര്‍ക്കാര്‍ പരിഗണന നേടിയെടുക്കുകയായിരുന്നു. ജിഫ്്രി തങ്ങള്‍ക്ക് വിമാനത്താവളത്തില്‍ വന്‍ വരവേല്‍പ്പ് നല്‍കിയപ്പോള്‍, സ്വാദിഖലി തങ്ങളെ കെ എം സി സി നേതാക്കള്‍ മാത്രമാണ് സ്വീകരിക്കാനെത്തിയത്.

സമ്മേളന വേദിയിലേക്ക് സ്വാദിഖലി തങ്ങള്‍ വന്നപ്പോള്‍ ഒരു അറിയിപ്പ് പോലും ഉണ്ടായില്ലെന്നു മാത്രമല്ല, ആമുഖ പ്രഭാഷകന്‍ പ്രസംഗം തുടരുകയും ചെയ്തു. എന്നാല്‍ ജിഫ്രി തങ്ങള്‍ എത്തിയപ്പോള്‍ പ്രഭാഷണം നിര്‍ത്തി കന്നഡയിലും മലയാളത്തിലും വലിയ ആവേശത്തില്‍ അനൗണ്‍സുമെന്റുണ്ടായി. വേദിയിലും സ്വാദിഖലി തങ്ങളെ അവഗണിച്ചതായും പാണക്കാട് തങ്ങള്‍ക്ക് ഇ കെ വിഭാഗം വേദിയില്‍ ആദ്യമായാണ് ഇത്ര അവഗണനയെന്നും ലീഗ് നേതാക്കള്‍ പറയുന്നു. പ്രധാന നേതാക്കളില്‍ നിന്നും മാറിയാണ് സ്വാദിഖലി തങ്ങള്‍ക്ക് ഇരിപ്പിടം പോലും നല്‍കിയതെന്നാണ് ഇക്കൂട്ടരുടെ പരാതി.

എന്നാല്‍, കര്‍ണാടക മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമെല്ലാം പങ്കെടുത്ത സമ്മേളനം രാത്രി പത്തോടെ പോലീസ് ഇടപെട്ട് നിര്‍ത്തിവെപ്പിച്ചിരുന്നു. ഇത് ഏറ്റെടുത്ത് ലീഗ് അനുകൂലികള്‍ ശജറ വിഭാഗത്തെ സോഷ്യല്‍ മീഡിയയില്‍ പരിഹസിക്കുകയാണ്. പോലീസ് ഇടപെടലില്‍ ട്രഷറര്‍ കൊയ്യാട് ഉമര്‍ മുസ്‌ലിയാര്‍ക്ക് പ്രസംഗിക്കാനായില്ല.

പാണക്കാട്ടെ കുട്ടികളുടെ പാര്‍ട്ടി അവിടെ ഇല്ലാത്തതിനാലാണ് പോലീസ് ഇടപെടലുണ്ടായതെന്നാണ് ലീഗ് അനുകൂലികള്‍ പറയുന്നത്. ലീഗില്ലാത്ത നാടിന്റെ ദുരനുഭവം നിങ്ങള്‍ നേരില്‍ കണ്ടില്ലേ എന്നും ഇവര്‍ ചോദിക്കുന്നു. എന്നാല്‍ ലീഗിന്റെ പിന്തുണയില്ലെങ്കിലും ഇ കെ വിഭാഗത്തിന് വലിയ സമ്മേളനം നടത്താന്‍ കഴിയുമെന്നതിന്റെ തെളിവാണ് പാലസ് ഗ്രൗണ്ടില്‍ കണ്ടതെന്ന് ലീഗ് വിരുദ്ധര്‍ തിരിച്ചടിക്കുന്നു. അതേസമയം, എം ടി അബ്ദുല്ല മുസ്്‌ലിയാരുടെ സ്വാഗത പ്രസംഗം ഒരു മണിക്കൂറിലേറെ നീട്ടിച്ചത് ജിഫ്രി തങ്ങളുടെ പ്രസംഗത്തിന് പതിവില്‍ ലഭിക്കുന്ന പ്രാധാന്യത്തിന് തടയിടാന്‍ വേണ്ടിയായിരുന്നുവെന്ന വാദവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.

സമ്മേളനത്തോടനുബന്ധിച്ച് ‘സുപ്രഭാത’വും ‘ചന്ദ്രിക’യും പുറത്തിറക്കിയ സപ്ലിമെന്റുകളിലും വിഭാഗീയത വ്യക്തമായിരുന്നു. അതിനിടെ, മുഈനലി തങ്ങളെ എസ് കെ എസ് എസ് എഫിന്റെ സംസ്ഥാന പ്രസിഡന്റാക്കാനും ശക്തമായ നീക്കമുണ്ട്. എന്തുവില കൊടുത്തും ഇതിനെ പ്രതിരോധിക്കാനാണ് ലീഗ് അനുകൂലികളുടെ നീക്കം.

 

---- facebook comment plugin here -----

Latest