vs achuthananthan
വി എസ്സിന് അനുശോചന പ്രവാഹം: കാണാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഓരോ ഘട്ടത്തിലെ വളര്‍ച്ചയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് വി എസിന്റെ ജീവിതം: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം | മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. അവസാന കാലത്ത് പല തവണ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും സമാനതകളില്ലാത്ത വിയോഗമാണിതെന്നും സുരേഷ് ഗോപി പറഞ്ഞു. ഇടപെട്ട മേഖലകളെല്ലാം അദ്ദേഹത്തിന് ഫലപ്രാപ്തിയിലെത്തിക്കാന്‍ കഴിഞ്ഞെന്നും സുരേഷ് ഗോപി പറഞ്ഞു.
വി എസിന്റെ വേര്‍പാട് നികത്താനാവാത്തതാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഓരോ ഘട്ടത്തിലെ വളര്‍ച്ചയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് വി എസിന്റെ ജീവിതം. ഒരുപാട് ത്യാഗോജ്വലമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. ജയില്‍വാസം അനുഭവിച്ചു. ഭീകര മര്‍ദനം ഏല്‍ക്കേണ്ടിവന്നു. ഭൂമിയില്‍ മനുഷ്യനുള്ള കാലത്തോളം മായാത്ത നാമമാണ് സഖാവ് വി എസെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. സിപിഎം രൂപീകരിച്ചതിന് ശേഷം പാര്‍ട്ടി സെക്രട്ടറി ആയി ദീര്‍ഘകാലം പ്രവര്‍ത്തിച്ച വി എസ് പിന്നീട് പ്രതിപക്ഷ നേതാവായിരിക്കുന്ന സമയത്ത് ഒട്ടേറെ അഴിമതികള്‍ പുറത്തു കൊണ്ടുവരുന്നതിന് നേതൃത്വം കൊടുത്തു. അനീതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. വി എസ് കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത് കേരളത്തിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് വേണ്ടി അദ്ദേഹം നടത്തിയ ഒട്ടേറെ ഇടപെടലുകള്‍ നമുക്ക് മുന്നില്‍ മായാതെ കിടക്കുന്നുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ കെ കെ രമ എം എല്‍ എ അനുശോചിച്ചു. വിഎസിന് പകരം വി എസ് മാത്രമാണെന്നും സമര രാഷ്ട്രീയത്തിന്റെ യുഗം അവസാനിച്ചെന്നും കെ കെ രമ അനുസ്മരിച്ചു. വി എസിനെ വ്യത്യസ്ഥമാക്കുന്നത് അദ്ദേഹം ജനങ്ങള്‍ക്ക് വേണ്ടി സമരം നടത്തി എന്നുള്ളതാണ്. പാര്‍ട്ടിക്ക് പുറത്ത് ജനവിരുദ്ധതയ്‌ക്കെതിരെ സമരം നടത്തുമ്പോഴും പാര്‍ട്ടിക്കകത്തെ ജന വിരുദ്ധതയ്‌ക്കെതിരെയും വി എസ് സമരം ചെയ്തു.
അധികാരത്തിനും സ്ഥാനമാനത്തിനുമപ്പുറം താനെടുത്ത നിലപാടില്‍ ഉറച്ച് നിന്ന ആളാണ് വി എസ് അച്യുതാനന്ദനെന്നും കെ കെ രമ അനുസ്മരിച്ചു. വി എസ് അച്യുതാനന്ദന്റെ വിയോഗം വ്യക്തിപരമായ നഷ്ടമാണ്. പാര്‍ട്ടിക്കകത്തെ നയ വ്യതിയാനങ്ങള്‍ക്കെതിരെ വി എസ് നടത്തിയ സമരത്തിന്റെ ഭാഗമാണ് ഒഞ്ചിയത്ത് ഞങ്ങള്‍ നടത്തിയ സമരം. ഒരുപക്ഷേ ടി പിയുടെ കൊലപാതകം പോലും വി എസിനുള്ള താക്കീതായിരുന്നു. പാര്‍ട്ടിയിലെ വിമത ശബ്ദം അടിച്ചൊതുക്കാനുള്ള നീക്കമായിരുന്നു അത്. അതിനെതിരെ വി എസ് അതിശക്തമായി പ്രതികരിച്ചു. പാര്‍ട്ടി കുലം കുത്തി എന്ന് വിശേഷിപ്പിച്ച ചന്ദ്രശേഖരനെ ധീരനായ കമ്യൂണിസ്റ്റ് എന്നാണ് വി എസ് വിശേഷിപ്പിച്ചത്. അതിലപ്പുറം വലിയ അംഗീകാരം ചന്ദ്രശേഖരന് കിട്ടാനില്ലെന്നും കെ കെ രമ പ്രതികരിച്ചു. തനിക്ക് ഇന്നിങ്ങനെ രാഷ്ട്രീയം പറയാനുള്ള ധൈര്യം തന്നത് വി എസാണെന്നും കെ കെ രമ കൂട്ടിച്ചേര്‍ത്തു. അങ്ങനെയൊരു നേതാവിനെ ഇനി പാര്‍ട്ടിക്കകത്ത് കാണാന്‍ കഴിയില്ലെന്നും കെ കെ രമ പറഞ്ഞു.
ചെന്നൈ: വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ നടന്‍ കമല്‍ഹാസന്‍ അനുശോചിച്ചു. അവഗണിക്കപ്പെട്ടവരുടെ വഴികാട്ടിയായിരുന്നു അച്യുതാനന്ദനെന്നും കേരളത്തിനും ഇന്ത്യയ്ക്കും നഷ്ടമായത് ഒരു യഥാര്‍ത്ഥ ജനകീയ ചാമ്പ്യനെ ആണെന്നും കമല്‍ഹാസന്‍ എക്‌സില്‍ കുറിച്ചു.
ജീവിതം തന്നെ സമരമാക്കിയ ജനനായകന്‍, പ്രിയപ്പെട്ട സഖാവ് വി എസ്സിന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ എന്ന് നടന്‍ മോഹന്‍ലാല്‍ പറഞ്ഞു. സാധാരണക്കാരുടെ പ്രതീക്ഷയും പ്രത്യാശയുമായി തിളങ്ങി നിന്ന ആ മഹത് വ്യക്തിത്വവുമായി എക്കാലത്തും സ്‌നേഹബന്ധം പുലര്‍ത്താനായത് ഭാഗ്യമായി ഞാന്‍ കാണുന്നു. മൂന്ന് തവണ പ്രതിപക്ഷ നേതാവായും ഒരു തവണ മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ച അദ്ദേഹം നിലപാടുകളിലും ആദര്‍ശത്തിലും എക്കാലവും ഉറച്ചുനിന്നു. മലയാളിയുടെ മനസ്സില്‍ അദ്ദേഹത്തിന് മരണമില്ല-മോഹന്‍ലാല്‍ കുറിച്ചു. പ്രിയ സഖാവ് വി എസ് അച്യുതാനന്ദന് ആദരാഞ്ജലികള്‍ എന്നായിരുന്നു മമ്മൂട്ടി കുറിച്ചത്.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് അനുശോചനം അറിയിച്ച് നടി മഞ്ജു വാര്യര്‍. പുന്നപ്ര-വയലാര്‍ സമരത്തിന്റെ ഓര്‍മയായ ബയണറ്റ് അടയാളമുള്ള കാല്പാദം കൊണ്ടാണ് അദ്ദേഹം ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയതെന്ന് മഞ്ജു കുറിച്ചു. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി എസിന്റെ നിലപാടുകള്‍ കാലത്തിന്റെ ആവശ്യകത കൂടിയായിരുന്നുവെന്നും നടി ഓര്‍ക്കുന്നു.