Connect with us

From the print

അധിക നികുതി സമാഹരണം; യുദ്ധസമാനം കെനിയൻ തെരുവുകൾ

270 കോടി ഡോളർ അധിക നികുതി സമാഹരിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ അവകാശ സംഘടനകളുടെ പോരാട്ടത്തിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെടുകയും 200ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു

Published

|

Last Updated

നെയ്‌റോബി | അധിക നികുതി സമാഹരിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ കെനിയയിൽ വ്യാപക പ്രതിഷേധം. 270 കോടി ഡോളർ അധിക നികുതി സമാഹരിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ അവകാശ സംഘടനകളുടെ പോരാട്ടത്തിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെടുകയും 200ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തലസ്ഥാനമായ നെയ്റോബിയിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചതായി ആംനസ്റ്റി ഇന്റർനാഷനലും കെനിയ മെഡിക്കൽ അസ്സോസിയേഷനും പറഞ്ഞു. രാജ്യത്താകമാനം നൂറിലധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു.
പ്രതിഷേധത്തിനിടെ തുടയിൽ വെടിയേറ്റ 29കാരനാണ് ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചത്. കണ്ണീർ വാതകം പ്രയോഗിച്ചതിനെ തുടർന്ന് ഓടിപ്പോകുന്നതിനിടെ സാധാരണ വേഷത്തിലെത്തിയ ഒരു പോലീസുകാരനാണ് തനിക്ക് നേരെ വെടിയുതിർത്തതെന്ന് മരിക്കുന്നതിന് മുമ്പ് യുവാവ് സുഹൃത്തിനോട് പറഞ്ഞതായി യുവാവിന്റെ മാതാവ് വെളിപ്പെടുത്തി.
ധനകാര്യ ബിൽ സർക്കാർ പൂർണമായും ഉപേക്ഷിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇത് സമ്പദ് വ്യവസ്ഥയെ ഞെരുക്കുമെന്നും ഇതിനകം തന്നെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന കെനിയക്കാരുടെ ജീവിതച്ചെലവ് ഉയർത്തുമെന്നും പറഞ്ഞു. എന്നാൽ, ബജറ്റ് കമ്മിയും കടമെടുപ്പും കുറക്കുന്നതിന് സർക്കാറിന് വരുമാനം വർധിപ്പിക്കേണ്ടതുണ്ടെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ എം എഫ്) പറയുന്നു.
അതിനിടെ കാർ ഉടമസ്ഥാവകാശം, റൊട്ടി, പാചക എണ്ണ, സാമ്പത്തിക ഇടപാടുകൾ എന്നിവയുൾപ്പെടെയുള്ളവയിലെ പുതിയ ലെവികൾ ഒഴിവാക്കാനുള്ള ശിപാർശകൾ പ്രസിഡന്റ് വില്യം റൂട്ടോ അംഗീകരിച്ചിരുന്നു.
രാജ്യത്തെ 47 കൗണ്ടികളിൽ 19ലും വ്യാപക പ്രതിഷേധം അരങ്ങേറിയിട്ടും ധനകാര്യ ബിൽ പാസ്സാക്കുകയായിരുന്നു.

Latest