Connect with us

Malappuram

ചേളാരിച്ചന്ത ഇനി ഓർമയാകും; ചൊവ്വാഴ്ച മുതൽ കാക്കഞ്ചേരിയിൽ

Published

|

Last Updated

ചേലേമ്പ്ര | മൂന്നൂറ് വർഷത്തോളം പഴക്കമുള്ളതും എന്നാൽ രണ്ട് വർഷത്തോളമായി പ്രവർത്തനം നിശ്ചലമായിപ്പോയതുമായ ചേളാരിയിലെ ആഴ്ചച്ചന്തക്ക് പകരം ചേലേമ്പ്ര പഞ്ചായത്തിലെ കാക്കഞ്ചേരിയിൽ ഒരുങ്ങുന്ന ആഴ്ചച്ചന്തയുടെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ.
കൊവിഡിനെ തുടർന്ന് നിശ്ചലമായ മൂന്ന് നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ചേളാരിയിലെ ചൊവ്വാഴ്ച ചന്ത അടുത്തയാഴ്ച മുതൽ ആരംഭിക്കും.

കാക്കഞ്ചേരി വളവിൽ ദേശീയപാതക്കരികെ നാല് ഏക്കറിൽ ചന്ത തുടങ്ങാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. റമസാൻ, വിഷു പ്രമാണിച്ച് 12ന് തുടങ്ങാനാണ് ആലോചന.
ചന്ത ചൊവ്വാഴ്ചകളിലാണ് നടത്തുകയെങ്കിലും ഹോട്ടലും വ്യാപാര സമുച്ചയവും കന്നുകാലി കച്ചവടവും എല്ലാ ദിവസവും ഉണ്ടാകും. ചന്തയിലേക്കുള്ള റോഡ് കോൺക്രീറ്റിംഗ് കൂടി പൂർത്തിയായാൽ ഉദ്ഘാടന തീയതി തീരുമാനിക്കും. എത്ര ലോഡ് കാലികളെ ഇറക്കിയാലും വില്‍പ്പനക്ക് വിന്യസിക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ വിൽപ്പനക്കാർക്കായി ഹാളുകളും നിർമിച്ചിട്ടുണ്ട്. 48 കച്ചവടക്കാർക്ക് കച്ചവടം നടത്താം. കൂടുതൽ കച്ചവടക്കാർ എത്തിയാൽ സൗകര്യം വിപുലീകരിക്കും.

പ്രവാസി മലയാളി നാടകശേരി അബ്ദുൽ അസീസിന്റെ ഒരേക്കർ ഭൂമിയും വാടകക്കെടുത്ത മൂന്നേക്കറും വിനിയോഗിച്ചാണ് ചന്ത തുടങ്ങുന്നത്. ചന്തയിൽ നിസ്‌കാര സ്ഥലവും കുളിമുറിയും ഒരുക്കിയിട്ടുണ്ട്.

താഴേ ചേളാരി ടൗണിനോട് ചേർന്ന് മൂന്ന് നൂറ്റാണ്ട് കാലത്തോളം പ്രവർത്തിച്ച ചന്ത ദേശീയപാതയിൽ മണിക്കൂറുകളോളമുള്ള ഗതാഗതക്കുരുക്കിനുൾപ്പെടെ കാരണമായതിനാലും ചന്തപ്പറമ്പ് കന്നുകാലികളെ ഉൾക്കൊള്ളാനുള്ള സൗകര്യം ഇല്ലാതായതോടെയും ചന്ത പിന്നീട് ചേളാരി ഐ ഒ സിക്ക് പിന്നിലുള്ള സ്ഥലത്തേക്ക് മാറ്റിയിരുന്നു.
എന്നാൽ അവിടെ കൂടുതൽ കാലം പ്രവർത്തിച്ചിരുന്നില്ല. കൊവിഡ് പ്രതിസന്ധി ഘട്ടമായതോടെ അടച്ചുപൂട്ടിയ ചന്തയുടെ പ്രവർത്തനം പിന്നീട് ഭാഗികമായി ആരംഭിച്ചിരുന്നെങ്കിലും പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് വീണ്ടും അടച്ചു പൂട്ടുകയായിരുന്നു.
ചന്തയുടെ പ്രവർത്തനം നിർത്തലാക്കിയതോടെ ചന്ത ദിവസമായ ചൊവ്വാഴ്ച കന്നുകാലി കച്ചവടക്കാരും തെരുവോര കച്ചവടക്കാരും താഴേ ചേളാരിയിലെ പഴയ താവളത്തിൽ കച്ചവടത്തിനായി എത്താറുണ്ടെങ്കിലും വിജയിച്ചില്ല.

ചന്ത പുനഃസ്ഥാപിക്കണമെന്നാവശ്യം ശക്തമായിരുന്നെങ്കിലും പ്രദേശത്ത് അനുയോജ്യമായ സ്ഥലം കണ്ടെത്താത്തതും ചന്ത ഏറ്റെടുത്ത് നടത്താൻ ആളില്ലാത്തതും ചന്ത പുനഃസ്ഥാപിക്കുന്നതിന് തടസ്സമായിരുന്നു.

ചന്ത യാഥാർഥ്യമാകുന്നതോടെ ഈ മേഖലയുമായി ബന്ധപ്പെട്ട ആയിരക്കണക്കിനാളുകൾക്ക് ജോലി ലഭ്യമാകും. ചന്തയുടെ കുറ്റമറ്റ പ്രവർത്തനത്തിനായി പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചായിരിക്കും പ്രവർത്തിക്കുക.