Kerala
റീയൂണിയന്‍ ദ്വീപുകളിലെ ചിക്കന്‍ഗുനിയ വ്യാപനം; കേരളം കരുതിയിരിക്കണം: പ്രതിരോധം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി ചികിത്സ തേടേണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

തിരുവനന്തപുരം | ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയന്‍ ദ്വീപുകളില്‍ പതിനയ്യായിരത്തോളം ആളുകളില്‍ ചിക്കുന്‍ഗുനിയ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.ആഫ്രിക്കയുടെ കിഴക്കുഭാഗവുമായി ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് റീയൂണിയന്‍ ദ്വീപുകള്‍.
ഇതിനുമുമ്പ് 2006-2007 കാലഘട്ടത്തില്‍ വ്യാപകമായ ചിക്കന്‍ഗുനിയ ബാധ ഉണ്ടായ സമയത്ത് റീയൂണിയന്‍ ദ്വീപുകളില്‍ തുടങ്ങി കേരളമുള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് രോഗം വ്യാപിക്കുകയായിരുന്നു.റീയൂണിയന്‍ ദ്വീപുകളില്‍ നവജാതശിശുക്കള്‍ ഉള്‍പ്പെടെ അനവധി ആളുകള്‍ ആശുപത്രിയില്‍ അഡ്മിറ്റാണ്.ഇതേ തുടര്‍ന്ന് ലോകാരോഗ്യ സംഘടന വിദഗ്ധരുടെ യോഗം വിളിച്ചു ചേര്‍ന്നിരുന്നു.ഈ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കുന്നതെന്ന് മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.
ഈഡിസ് ഈജിപ്തി/ആല്‍ബോപിക്റ്റസ് കൊതുകുകളാണ് ചിക്കന്‍ഗുനിയ പരത്തുന്നത്. അതിനാല്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും മഴക്കാലപൂര്‍വ ശുചീകരണം എല്ലാ തദ്ദേശ സ്ഥാപനങ്ങളും കൃത്യമായി ചെയ്യണമെന്നും മന്ത്രി അറിയിച്ചു.
പെട്ടെന്നുള്ള കഠിനമായ പനി, സന്ധികളില്‍ (പ്രത്യേകിച്ച് കൈകള്‍, കണങ്കാലുകള്‍, കാല്‍മുട്ടുകള്‍) അതികഠിനമായ വേദന, പേശിവേദന, തലവേദന, ക്ഷീണം, ചില ആളുകളില്‍ ചര്‍മ്മത്തില്‍ തടിപ്പുകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി ചികിത്സ തേടേണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.