National
വന്യജീവി സംഘർഷങ്ങൾ പരിഹരിക്കാൻ നിയമ വ്യവസ്ഥകൾ പ്രയോജനപ്പെടുത്തണമെന്ന് കേരളത്തോട് കേന്ദ്രം
അഡ്വ ഹാരിസ് ബീരാൻ എം പി യുടെ ചോദ്യങ്ങൾക്കാണ് മന്ത്രിയുടെ മറുപടി

ന്യൂഡൽഹി | അപകടകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിന് പ്രത്യേക അനുമതി തേടുന്നതിനുപകരം വർധിച്ചുവരുന്ന വന്യജീവി സംഘർഷങ്ങൾ നിയന്ത്രിക്കുന്നതിന് വന്യജീവി (സംരക്ഷണ) നിയമം, 1972 പ്രകാരമുള്ള വ്യവസ്ഥകൾ പ്രയോജനപ്പെടുത്താൻ കേന്ദ്ര സർക്കാർ കേരള സംസ്ഥാന സർക്കാരിനെ ഉപദേശിച്ചു. രാജ്യസഭയിൽ ഹാരിസ് ബീരാൻ എം പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന സഹമന്ത്രി കീർത്തി വർധൻ സിംഗ് നൽകിയ മറുപടിയിലാണ് കേരളത്തിനു കേന്ദ്രം ഉപദേശം നൽകിയത്.
ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി നൽകണമെന്ന കേരളത്തിൻ്റെ അഭ്യർഥന മാനിച്ച് കേന്ദ്രം നടപടിയെടുത്തോ എന്ന ഹാരിസ് ബീരാൻ്റെ ചോദ്യങ്ങളോടാണ് കേന്ദ്ര സഹമന്ത്രി രേഖമൂലം മറുപടി നൽകിയത്. ഇത്തരം സന്ദർഭങ്ങളിൽ ഉചിതമായ നടപടികൾ സ്വീകരിക്കാൻ വന്യജീവി നിയമത്തിലെ സെക്ഷൻ 11 ഇതിനകം തന്നെ സംസ്ഥാനത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം നൽകുന്നുണ്ടെന്ന് പറഞ്ഞ മന്ത്രി, 1972ലെ വന്യജീവി (സംരക്ഷണം) നിയമത്തിലെ സെക്ഷൻ 11ൽ അടങ്ങിയിരിക്കുന്ന വ്യവസ്ഥകൾ പ്രയോജനപ്പെടുത്തുന്ന കാര്യം പരിഗണിക്കാൻ മന്ത്രാലയം കേരള സർക്കാരിനോട് അഭ്യർഥിച്ചു. അതുവഴി നിയമത്തിന് കീഴിൽ ഇതിനകം ലഭ്യമായ സംവിധാനങ്ങൾ സജീവമാക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാനത്തിന് നൽകുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ദേശീയ ഉദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, സംരക്ഷണ സംരക്ഷണ കേന്ദ്രങ്ങൾ, കമ്മ്യൂണിറ്റി റിസർവുകൾ എന്നിങ്ങനെയുള്ള സംരക്ഷിത മേഖലകളുടെ ഒരു ശൃംഖല സൃഷ്ടിക്കുന്നതും വന്യജീവികളെ സംരക്ഷിക്കുന്നതിനും മനുഷ്യവാസവുമായി ഇടപഴകുന്നത് കുറയ്ക്കുന്നതിനും ലക്ഷ്യമിടുന്ന തരത്തിലുള്ള നടപടികൾ കേന്ദ്രം സ്വീകരിച്ചു വരികയാണെന്നും
‘വന്യജീവി ആവാസവ്യവസ്ഥയുടെ വികസനം’, ‘പ്രോജക്റ്റ് ടൈഗർ’, ‘പ്രോജക്റ്റ് എലിഫൻ്റ്’ തുടങ്ങിയ പ്രധാന പദ്ധതികൾക്ക് കീഴിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രം സാമ്പത്തിക സഹായം നൽകുന്നുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.
ഈ സ്കീമുകൾക്ക് കീഴിൽ ധനസഹായം നൽകുന്ന സംഘർഷ ലഘൂകരണ ശ്രമങ്ങളിൽ വന്യമൃഗങ്ങൾ കാർഷിക മേഖലകളിലേക്ക് വഴിതെറ്റുന്നത് തടയാൻ സൗരോർജ്ജ വേലി, ജൈവവേലി, അതിർത്തി ഭിത്തികൾ എന്നിവ നിർമിക്കുന്നതുവരെ ഉൾപ്പെടുന്നുതിലൂടെ മനുഷ്യൻ – വന്യജീവി സംഘർഷം കുറക്കാനാവുമെന്നും കൂടാതെ വന്യജീവി ആക്രമണം നിയന്ത്രിക്കുന്നതിന് ആവശ്യമായ എല്ലാ നിയന്ത്രണ, നടപടിക്രമങ്ങളും ചട്ടക്കൂടുകളും നമ്മുടെ നിയമത്തിനു കീഴിൽ നിലവിലുണ്ടെന്നും മന്ത്രി അറിയിച്ചു.
അതിർത്തി വനമേഖലകളിൽ ജീവനും സ്വത്തിനും നാശം വരുത്തുന്ന വന്യമൃഗങ്ങൾ, പ്രത്യേകിച്ച് ആനകളും കാട്ടുപന്നികളും ആവർത്തിച്ചുള്ള സംഭവങ്ങളിൽ കേരളത്തിൽ പൊതുജനങ്ങളുടെ ആശങ്ക വർധിക്കുന്ന സാഹചര്യത്തിലാണ് എം പിയുടെ ചോദ്യവും മന്ത്രിയുടെ വിശദീകരണവും.