Connect with us

Kerala

ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ കേന്ദ്രം നിർത്തലാക്കരുത്: സമസ്ത

ഉലമാ കോൺഫറൻസ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു

Published

|

Last Updated

കോഴിക്കോട് | വിദ്യാഭ്യാസ സഹായങ്ങൾ ഉൾപ്പെടെ ന്യൂനപക്ഷങ്ങൾക്ക് സ്വതന്ത്ര ഇന്ത്യയിലിന്നോളം അവകാശമായി അനുവദിച്ചിട്ടുള്ള ക്ഷേമ പദ്ധതികൾ കേന്ദ്ര സർക്കാർ നിർത്തലാക്കരുതെന്നും ചരിത്രപരമായ കാരണങ്ങളാൽ വിദ്യാഭ്യാസ രംഗത്ത് പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് ഇത് വലിയ സാമൂഹികാഘാതമായി മാറുമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാർ പുതിയ സാമ്പത്തിക വർഷം രണ്ടായിരത്തോളം കോടി രൂപയുടെ ഫണ്ട് വെട്ടിക്കുറച്ചു. ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം കഴിഞ്ഞ സാമ്പത്തിക വർഷം 2,400 കോടി രൂപയോളം വിനിയോഗിക്കാതെ പാഴാക്കിയെന്ന പരാതിയും നിലനിൽക്കുന്നുണ്ട്. ന്യൂനപക്ഷ മന്ത്രാലയത്തെ തന്നെ അപ്രസക്തമാക്കുന്ന തീരുമാനങ്ങളും നടപടികളുമാണ് കേന്ദ്രത്തിൽ നിന്നുണ്ടായത്. സാമ്പത്തികമായും സാമൂഹികമായും ഏറെ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് അവരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് വേദനാജനകവും പ്രതിഷേധാർഹവുമാണെന്ന് സമസ്ത പ്രമേയത്തിൽ പറഞ്ഞു. സ്‌കൂൾ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ സംസ്ഥാന സർക്കാർ ഗൗരവമായി കാണണമെന്നും വിവാദങ്ങളൊഴിവാക്കി പാഠ്യപദ്ധതി പരിഷ്‌കരണവുമായി മുന്നോട്ടുപോകണമെന്നും സമസ്ത ആവശ്യപ്പെട്ടു.

കാരന്തൂർ മർകസിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംഘടിപ്പിച്ച ഉലമാ കോൺഫറൻസ് സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി പ്രാർഥന നിർവഹിച്ചു.

നവീനാശയങ്ങളെ കരുതിയിരിക്കുക, പണ്ഡിതർ പ്രവാചകന്മാരുടെ പിൻഗാമികൾ, കെട്ടുറപ്പുള്ള കൂട്ടായ്മ എന്നീ വിഷയങ്ങളിൽ ക്ലാസ്സുകൾ നടന്നു. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി, കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ, പി എ ഹൈദറൂസ് മുസ്‌ലിയാർ, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, കെ പി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം, പേരോട് അബ്ദുർറഹ്മാൻ സഖാഫി, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, വണ്ടൂർ അബ്ദുർ റഹ്മാൻ ഫൈസി, അലവി സഖാഫി കൊളത്തൂർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

പി വി മൊയ്തീൻകുട്ടി മുസ്‌ലിയാർ താഴപ്ര, പി ഹസൻ മുസ്‌ലിയാർ, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാർ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, വി മൊയ്തീൻകുട്ടി ബാഖവി പൊന്മള, എം അബ്ദുർറഹ്മാൻ ബാവ മുസ്‌ലിയാർ കോടമ്പുഴ, ടി കെ അബ്ദുല്ല മുസ്‌ലിയാർ താനാളൂർ, സി മുഹമ്മദ് ഫൈസി, എച്ച് ഇസ്സുദ്ദീൻ സഖാഫി കൊല്ലം, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, വി പി മൊയ്തു ഫൈസി വില്യാപ്പള്ളി, അബൂഹനീഫൽ ഫൈസി തെന്നല, അബ്ദുർറഹ്മാൻ ഫൈസി മാരായമംഗലം, എ ത്വാഹ മുസ്‌ലിയാർ, എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത്, അബ്ദുന്നാസിർ അഹ്സനി ഒളവട്ടൂർ, ഐ എം കെ ഫൈസി കല്ലൂർ, മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ലിയാർ പുറക്കാട്, പി എസ് കെ മൊയ്തു ബാഖവി മാടവന, എം അബ്ദുർറഹ്മാൻ സഖാഫി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പങ്കെടുത്തു.