International
അനധികൃതമായി തോക്ക് കൈവശം വെച്ച കേസ്; യു എസ് പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ കുറ്റക്കാരനെന്ന് കോടതി
25 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് തെളിഞ്ഞിരിക്കുന്നത്
വാഷിങ്ടണ്‍ | അനധികൃതമായി തോക്ക് കൈവശം വെച്ച കേസില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഡെലവേറിലേ ഫെഡറല്‍ കോടതിയിലെ ജൂറിയാണ് മൂന്ന് ചാര്‍ജുകളില്‍ ഹണ്ടര്‍ ബൈഡന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 25 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് തെളിഞ്ഞിരിക്കുന്നത്. ശിക്ഷാ വിധി പിന്നീട്
2018ല്‍ തോക്ക് വാങ്ങുന്ന സമയത്ത് തെറ്റായ വിവരങ്ങള്‍ നല്‍കി, ലഹരി ഉപയോഗം മറച്ചുവെച്ചു, ലഹരി പദാര്‍ത്ഥം ഉപയോഗിച്ചിരുന്ന സമയത്ത് തോക്ക് കൈവശം വെച്ചു എന്നിവയാണ് കുറ്റങ്ങള്‍.
അമേരിക്കയില്‍ ലഹരി ഉപയോഗിക്കുന്നവര്‍ക്ക് തോക്ക് കൈവശം വെയ്ക്കാനാവില്ല. 2018ലെ കേസിലാണ് ഹണ്ടര്‍ ബൈഡനെതിരെ യു എസ് ഡിസ്ട്രിക്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അമേരിക്കന്‍ ചരിത്രത്തിലാദ്യമായാണ് സിറ്റിങ് പ്രസിഡന്റിന്റെ മകനെതിരെ ജസ്റ്റിസ് ഡിപാര്‍ട്‌മെന്റ് കുറ്റം ചുമത്തുന്നത്.നേരത്തെ നികുതി വെട്ടിപ്പ് കേസും ഹണ്ടര്‍ ബൈഡനെതിരെ ഉയര്‍ന്നുവന്നിരുന്നു. 10 ലക്ഷം ഡോളറിന്റെ വരുമാനത്തിന് രണ്ടു വര്‍ഷം നികുതി നല്‍കിയില്ലെന്നാണ് കേസ്.