Uae
ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലില്‍ ദിവസവും കാറും പണവും സമ്മാനം
ലോകോത്തര വിനോദ പരിപാടികളും വമ്പന്‍ ഓഫറുകളും ഉള്‍പ്പെടുത്തി 2026 ജനുവരി 11 വരെ, 38 ദിവസം നീളുന്ന ആഘോഷങ്ങള്‍ക്കാണ് തിരിതെളിഞ്ഞത്.
ദുബൈ | 31-ാമത് ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് (ഡി എസ് എഫ്) തുടക്കമായി. ലോകോത്തര വിനോദ പരിപാടികളും വമ്പന്‍ ഓഫറുകളും ഉള്‍പ്പെടുത്തി 38 ദിവസം നീളുന്ന ആഘോഷങ്ങള്‍ക്കാണ് തിരിതെളിഞ്ഞത്. 2026 ജനുവരി 11 വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവല്‍ ദുബൈയെ ഷോപ്പിംഗ്, സംഗീതം, വിനോദം എന്നിവയുടെ വേദിയാക്കി മാറ്റും. ലോകമെമ്പാടുമുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന വിപുലമായ പരിപാടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.
ഡി എസ് എഫ് സാമ്പത്തിക, സാംസ്‌കാരിക വളര്‍ച്ചക്ക് ഇന്ധനം നല്‍കുന്നതോടൊപ്പം സന്ദര്‍ശിക്കാനും ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും മികച്ച സ്ഥലമാണെന്ന ദുബൈയുടെ ലക്ഷ്യത്തിന് കരുത്തേകുന്നുവെന്നും ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ് സി ഇ ഒ. അഹ്മദ് അല്‍ ഖാജ പറഞ്ഞു.
രാത്രി 8.30ന് വെടിക്കെട്ട് നടക്കും. ആയിരത്തിലധികം ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഷോയും ഓസ്‌കാര്‍ ജേതാവ് ഹാന്‍സ് സിമ്മറുടെ സംഗീതവും ഇത്തവണത്തെ പ്രത്യേകതയാണ്. ദിവസവും ഒരു പുതിയ നിസ്സാന്‍ കാറും ഒരുലക്ഷം ദിര്‍ഹമും നേടാനുള്ള അവസരവും ഷോപ്പിംഗ് നടത്തുന്നവര്‍ക്കുണ്ട്. അവസാന ദിവസം നാലുലക്ഷം ദിര്‍ഹമാണ് മെഗാ സമ്മാനം.




