Connect with us

jamia markaz

സി മുഹമ്മദ് ഫൈസി മര്‍കസ് ഡയറക്ടര്‍ ജനറല്‍

ഡയറക്ടര്‍ ബോര്‍ഡാണ് മര്‍കസ് ദൈനംദിന ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി നേതൃത്വം നല്‍കുക.

Published

|

Last Updated

കോഴിക്കോട് | ദേശീയ ദേശാന്തര തലത്തില്‍ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാന്‍ മര്‍കസു സഖാഫത്തിസുന്നിയ്യയുടെ ആസ്ഥാന ഭരണ സംവിധാനത്തില്‍ നവീകരണം തുടങ്ങി. ഭാവിപദ്ധതികളും പരിപാടികളും വിഭാവനം ചെയ്യുന്നതിനായി സയ്യിദ് അലി ബാഫഖി തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, കെ കെ അഹ്‌മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, സി പി മൂസ ഹാജി, ബി പി സിദ്ദീഖ് ഹാജി, ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ.മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, പ്രൊഫ.എ കെ അബ്ദുല്‍ ഹമീദ്, മജീദ് കക്കാട് എന്നിവരടങ്ങിയ സെക്രട്ടറിയേറ്റ് രൂപവത്കരിച്ചു.

ഡയറക്ടര്‍ ബോര്‍ഡാണ് മര്‍കസ് ദൈനംദിന ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി നേതൃത്വം നല്‍കുക. ‘മര്‍കസ് മോഡണൈസേഷന്‍  മിഷന്‍’ എന്ന നവീകരണ പദ്ധതിയുടെ ഭാഗമായി നിലവില്‍വന്ന ബോര്‍ഡിന്റെ ഡയറക്ടര്‍ ജനറലായി  സി മുഹമ്മദ് ഫൈസിയെ നിയോഗിച്ചു. നേരത്തേ മര്‍കസ് ജനറല്‍ മാനേജര്‍ ആയിരുന്നു അദ്ദേഹം. പുതുതായി നിലവില്‍വന്ന ഡയറക്ടര്‍ തസ്തികയില്‍ എ എ ഹകീം നഹയെ നിയമിച്ചു. അഡ്വ. ഇസഡ് എം മുഹമ്മദ് ശരീഫ് (അഡീഷണല്‍ ഡയറക്ടര്‍), പി മുഹമ്മദ് യൂസുഫ്, ടി പി ഉനൈസ് മുഹമ്മദ്  (അസോസിയേറ്റ് ഡയറക്ടര്‍മാര്‍),  അബൂബക്കര്‍ ഹാജി കിഴക്കോത്ത്, കെ കെ ശമീം കല്‍പേനി, പി മുഹമ്മദലി എൻജിനീയര്‍ (ജോയിന്റ് ഡയറക്ടര്‍മാര്‍) എന്നിവരാണ് സെന്‍ട്രല്‍ ഓഫീസിലെ വകുപ്പ് മേധാവികള്‍.

മര്‍കസ് ഗ്ലോബല്‍ കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി സി പി ഉബൈദുല്ല സഖാഫിയെ ദുബൈ മര്‍കസില്‍ ഡെപ്യൂട്ടേഷനില്‍ നിയമിച്ചു. തിരുവത്ര ഉസ്മാന്‍ സഖാഫിയാണ് ദുബൈ മര്‍കസ് ജനറല്‍ മാനേജര്‍. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരുടെ ചീഫ് ആയി വി എം അബ്ദുർറശീദ് സഖാഫി പ്രവര്‍ത്തിക്കും, എ കെ മൂസ (ഡെപ്യൂട്ടി ഡയറക്ടര്‍, ഡോക്യൂമെന്റസ്), സ്വാദിഖ് നൂറാനി (സി ഇ ഒ. ആര്‍ സി എഫ് ഐ), ഹനീഫ് സഖാഫി (സ്‌പെഷ്യല്‍ ഓഫീസര്‍, ആവിസും ശരീഅഃയും), അബ്ദുല്‍ ലത്തീഫ് സഖാഫി (സ്‌പെഷ്യല്‍ ഓഫീസര്‍, കോസ്റ്റല്‍ എജുക്കേഷന്‍ മിഷന്‍), മുഹമ്മദലി സഖാഫി വള്ളിയാട് (ഡെപ്യൂട്ടി ഡയറക്ടര്‍, പരിസ്ഥിതിയും സംസ്‌കാരവും), അക്ബര്‍ ബാദുഷ സഖാഫി (പി എസ് ടു ജനറല്‍ സെക്രട്ടറി), ഡോ. മുഹമ്മദ് റോഷന്‍ നൂറാനി (ജോയിന്റ് ഡയറക്ടര്‍, മർകസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്), കെ എം അബ്ദുല്‍ ഖാദര്‍ (ഡെപ്യൂട്ടി ഡയറക്ടര്‍, എം ജി എസ്), കെ എ മഹ്‌മൂദ് (ഡെപ്യൂട്ടി ഡയറക്ടര്‍, എം എം ഐ), മുഹമ്മദ് അശ്റഫ് (ഡെപ്യൂട്ടി ഡയറക്ടര്‍, ബജറ്റും ആസൂത്രണവും) എന്നിവരാണ് പ്രധാന ഭാരവാഹികള്‍. 24 അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ കീഴില്‍ അന്‍പതോളം വകുപ്പുകളും നിലവില്‍ വന്നു.

വിദ്യാഭ്യാസ സാമൂഹിക ജീവകാരുണ്യ രംഗങ്ങളില്‍ 45 വര്‍ഷത്തെ പാരമ്പര്യമുള്ള മര്‍കസിന്റെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും മാറിയ കാലത്തിനനുസരിച്ച് ക്രമീകരിക്കലും വിപുലപ്പെടുത്തലുമാണ് ഭരണ പരിഷ്‌കരണത്തിന്റെ പ്രധാന ഉദ്ദേശ്യം. മനുഷ്യ സാഹോദര്യവും സാമുദായിക ഐക്യവും പൂര്‍വാധികം ശക്തമായി സംരക്ഷിക്കേണ്ട ഇക്കാലത്ത് ജനസേവനത്തിലും ജീവകാരുണ്യത്തിലും ഊന്നിയാവണം മര്‍കസ് പ്രവര്‍ത്തിക്കേണ്ടതെന്ന് ഡയറക്ടര്‍ ബോര്‍ഡ് പ്രഖ്യാപന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. നവീകരണ പദ്ധതിയുടെ ഭാഗമായി ചുമതലയേറ്റെടുത്തവര്‍ക്ക് അദ്ദേഹം ആശംസ നേര്‍ന്നു.

Latest