Connect with us

National

ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ വസതിയില്‍ നോട്ട് കെട്ടുകള്‍; സുപ്രിം കോടതിയുടെ തുടര്‍നടപടി ഇന്ന്

ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി തീരുമാനിക്കുക

Published

|

Last Updated

ഡല്‍ഹി | ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ വസതിയില്‍ നിന്ന് പണം കണ്ടെത്തിയെന്ന വിവരത്തില്‍ സുപ്രിം കോടതിയുടെ തുടര്‍നടപടി ഇന്ന്. ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മക്കെതിരെ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി തീരുമാനിക്കുക.

സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് ഇന്നലെ തന്നെ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിരുന്നത്. നികുതി സംബന്ധിച്ച കേസുകളാണ് ജസ്റ്റിസ് കൈകാര്യം ചെയ്തിരുന്നത്. പണം കണ്ടെത്തിയിട്ടുണ്ടെങ്കില്‍ ആരുടെ പണം, എങ്ങിനെ ഇവിടെ വന്നു തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. പണം കണ്ടെത്തിയെന്ന കാര്യത്തില്‍ അഗ്‌നിരക്ഷാസേന മലക്കം മറിയുന്നതായി സൂചനയുണ്ട്. പണം കണ്ടെത്തിയിട്ടില്ലെന്ന് സേന ഡല്‍ഹി മേധാവി പറഞ്ഞതായി വാര്‍ത്ത ഏജന്‍സി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതോടെ ദുരൂഹത വര്‍ധിച്ചു. ഡല്‍ഹി പോലീസാണ് ഇനി വ്യക്തത വരുത്തേണ്ടത്. അന്തിമതീരുമാനം എടുക്കേണ്ടത് സുപ്രിം കോടതി കൊളീജിയമാണ്.

വീട്ടില്‍ നിന്ന് വന്‍തുക കണ്ടെത്തിയതോടെ ജഡ്ജിയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഇക്കഴിഞ്ഞ 14 ന് ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിയിലുണ്ടായ തീപിടിത്തമാണ് നോട്ട്‌ശേഖരം കണ്ടെത്തുന്നതിലേക്ക് നയിച്ചത്.തീഅണച്ചശേഷം നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ നോട്ട്‌കെട്ട് കണ്ടെത്തിയ അഗ്‌നിശമന സേന പോലീസില്‍ വിവരമറിയിച്ചു. വിഷയം സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ മുന്നില്‍ എത്തിയതോടെ അടിയന്തിരമായി കൊളീജിയം ചേര്‍ന്ന് നടപടി തുടങ്ങി.

ഒരു സുപ്രിം കോടതി ജഡ്ജിയും രണ്ട് ഹൈകോടതി ജഡ്ജിമാരും ഉള്‍പ്പെടുന്ന സമിതിയാണ് അന്വേഷണം നടത്തേണ്ടത്. ഈ സമിതിയെ തീരുമാനിച്ചില്ല. നീതിന്യായവ്യവസ്ഥയുടെ അന്തസ് ഇടിച്ചുതാഴ്ത്തുന്ന സംഭവമാണെന്ന് മുതിര്‍ന്ന അഭിഭാഷകനായ അതുല്‍ ഭരദ്വാജ് ഡല്‍ഹി ഹൈകോടതിയില്‍ പറഞ്ഞു. സംഭവം ഞെട്ടിച്ചെന്നായിരുന്നു ജഡ്ജിമാരുടെ പ്രതികരണം. വിഷയം രാജ്യസഭയില്‍ ജയ്‌റാം രമേശ് ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

സീനിയോറിട്ടിയില്‍ മൂന്നാംസ്ഥാനത്തുള്ള യശ്വന്ത്വര്‍മ, മുന്‍ ജഡ്ജി എ എന്‍ വര്‍മയുടെ മകനാണ്. 2021മുതല്‍ ഡല്‍ഹി ഹൈക്കോടതയില്‍ സേവനമനുഷ്ഠിക്കുകയാണ്. ജസ്റ്റിസ് യശ്വന്ത് വര്‍മ ഇന്നലെ കോടതിയില്‍ ഹാജരായില്ല. ഇദ്ദേഹത്തോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടണമെന്ന് കൊളീജിയത്തില്‍ നിര്‍ദേശമുയര്‍ന്നതായിട്ടാണ് റിപ്പോര്‍ട്ട്.

 

Latest