attack by drunkards
മകളോട് അപമര്യാദയായി പെരുമാറിയത് ചോദിച്ചതിന് മദ്യപരുടെ ക്രൂരമർദനം; പിതാവ് തൂങ്ങിമരിച്ച നിലയിൽ
മകളോട് വഴിയിൽ വെച്ച് മദ്യപിക്കുകയായിരുന്ന നാല് പേർ മോശമായി സംസാരിച്ചു.

കൊല്ലം | മകളോട് അപമര്യാദയായി സംസാരിച്ചത് ചോദ്യം ചെയ്തതിന് മദ്യപസംഘം ക്രൂരമായി മർദിച്ചതിനെ തുടർന്ന് പിതാവ് തൂങ്ങിമരിച്ച നിലയിൽ. കൊല്ലം ആയൂരിൽ ബുധനാഴ്ചയായിരുന്നു സംഭവം. അജയകുമാർ എന്നയാളാണ് ആത്മഹത്യ ചെയ്തത്.
ട്യൂഷൻ കഴിഞ്ഞ് അജയകുമാറിനൊപ്പം ബൈക്കിൽ വരികയായിരുന്നു പ്ലസ് വൺ വിദ്യാർഥിനിയായ മകളോട് വഴിയിൽ വെച്ച് മദ്യപിക്കുകയായിരുന്ന നാല് പേർ മോശമായി സംസാരിച്ചു. മകളെ വീട്ടിലിറക്കി തിരികെ പോയി ചോദിക്കുകയായിരുന്നു അജയകുമാർ. സംഘം ഇദ്ദേഹത്തിൻ്റെ ശരീരത്തിലാകമാനം മർദിക്കുകയും ഉടുതുണിയുരിയുകയും ചെയ്തുവെന്നാണ് വിവരം.
സംഭവത്തിന് ശേഷം ഭക്ഷണംകഴിക്കാൻപോലും പുറത്തു വരാതെ അജയകുമാർ വീട്ടിൽ മുറിയിൽ കിടക്കുകയായിരുന്നുവെന്ന് ഭാര്യ ദീപ്തി പറഞ്ഞു. വ്യാഴാഴ്ച വൈകിട്ട് ആറരയോടെ ഇയാൾ പുറത്തേക്ക് പോയി. പിന്നീട് കാണുന്നത് സമീപത്തെ പറമ്പിലെ മരത്തിൽ തൂങ്ങിയ നിലയിലാണ്.