Uae
ബി ആർ ഷെട്ടി കേസ്: ബേങ്ക് ഓഫ് ബറോഡ രേഖകൾ പരിശോധിക്കാൻ അനുമതി
അബൂദബി കോടതിയുടെ സുപ്രധാന വിധി
അബൂദബി| ബി ആർ ഷെട്ടിക്കെതിരായ കേസിൽ ബേങ്ക് ഓഫ് ബറോഡയുടെ സംശയാസ്പദമായ ഇടപാടുകൾ സംബന്ധിച്ച ആഭ്യന്തര രേഖകൾ പരിശോധിക്കാൻ എൻ എം സി ഹെൽത്ത് കെയറിന് അബൂദബി ഗ്ലോബൽ മാർക്കറ്റ് കോടതി അനുമതി നൽകി. യു എ ഇയിലെ 2025ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ പുതിയ ഭേദഗതിയാണ് വിധിക്ക് ആധാരമായത്. പുതിയ നിയമപ്രകാരം കോടതി ഉത്തരവുണ്ടെങ്കിൽ ബേങ്കുകൾക്ക് ഇത്തരം രഹസ്യ രേഖകൾ സിവിൽ കേസുകളിൽ കൈമാറാൻ സാധിക്കും.
ജസ്റ്റിസ് സർ ആൻഡ്രൂ സ്മിത്താണ് വിധി പ്രസ്താവിച്ചത്. ബി ആർ ഷെട്ടി, മുൻ സി ഇ ഒ പ്രശാന്ത് മങ്ങാട്ട്, ബേങ്ക് ഓഫ് ബറോഡ എന്നിവർക്കെതിരെ എൻ എം സി നൽകിയ വഞ്ചനാ കേസിന്റെ ഭാഗമായാണിത്. എൻ എം സിയുടെ തകർച്ചയിലേക്ക് നയിച്ച സാമ്പത്തിക ക്രമക്കേടുകളിൽ ബേങ്കിന് പങ്കുണ്ടെന്നാണ് ആരോപണം. സംശയാസ്പദമായ ഇടപാടുകളെക്കുറിച്ച് ബേങ്കിന് അറിവുണ്ടായിരുന്നോ എന്നും അവർ എന്ത് നടപടി സ്വീകരിച്ചുവെന്നും പരിശോധിക്കാനാണ് എൻ എം സി രേഖകൾ ആവശ്യപ്പെട്ടത്.
നേരത്തെ 2018ലെ നിയമപ്രകാരം ഇത്തരം രേഖകൾ വെളിപ്പെടുത്തുന്നത് ക്രിമിനൽ കുറ്റമായിരുന്നു. എന്നാൽ ഒക്ടോബറിൽ നിലവിൽ വന്ന ഫെഡറൽ നിയമം അനുസരിച്ച് നിയമപരമായ ആവശ്യങ്ങൾക്ക് രേഖകൾ വെളിപ്പെടുത്താം. രേഖകൾ രഹസ്യമായി സൂക്ഷിക്കണമെന്ന ബേങ്കിന്റെ ആവശ്യം കോടതി തള്ളി.



